...
Home News International പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷം; പാകിസ്ഥാനിൽ ആരോഗ്യ ബജറ്റിന്റെ 56 മടങ്ങ് തുക പ്രതിരോധ മേഖലയ്ക്ക്

പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷം; പാകിസ്ഥാനിൽ ആരോഗ്യ ബജറ്റിന്റെ 56 മടങ്ങ് തുക പ്രതിരോധ മേഖലയ്ക്ക്

പാകിസ്ഥാനിലെ ഭക്ഷ്യപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം. 2026ലെ സൂചികയിൽ 25.5 സ്കോറോടെ 122 രാജ്യങ്ങളിൽ 106-ാം സ്ഥാനത്താണ് പാകിസ്ഥാൻ.

367

രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമായി തുടരുമ്പോഴും പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പകരം പ്രതിരോധ മേഖലയ്ക്ക് വൻതുക നീക്കിവെച്ച് പാകിസ്ഥാൻ സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രതിരോധ വകുപ്പിന് അനുവദിച്ച തുക കഴിഞ്ഞ വർഷത്തേക്കാൾ 17.6 ശതമാനം വർധിപ്പിച്ച് മൂന്ന് ട്രില്യൺ പാകിസ്ഥാൻ രൂപയാക്കി. അതേസമയം, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി നീക്കിവെച്ചത് വെറും 53.3 ബില്യൺ രൂപ മാത്രമാണ്. ബജറ്റിലെ ഈ അസമത്വം ചൂണ്ടിക്കാട്ടി ‘യൂറോപ്യൻ ടൈംസ് ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് പാകിസ്ഥാന്റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വിഹിതത്തിലാണ് ഏറ്റവും വലിയ വർധന. ഇതിനായി അനുവദിച്ച തുക 39.6 ശതമാനം ഉയർത്തി 925.8 ബില്യൺ രൂപയിലെത്തിച്ചു. മറുവശത്ത്, ആരോഗ്യ-പോഷകാഹാര വികസനത്തിനായി ആകെ നീക്കിവെച്ചിരിക്കുന്നത് 24.3 ബില്യൺ രൂപ മാത്രമാണ്. സൈനിക ഉദ്യോഗസ്ഥരുടെ പെൻഷനുകൾക്കായി 822 ബില്യൺ രൂപയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം ആരോഗ്യ ബജറ്റിന്റെ 15 മടങ്ങിലധികമാണ്. പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും സൈനിക മേഖലയ്ക്കായി 56 രൂപ ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ വിമർശനം.

ആഗോള വിശപ്പ് സൂചികയിലും പിന്നിൽ

പാകിസ്ഥാനിലെ ഭക്ഷ്യപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം. 2026ലെ സൂചികയിൽ 25.5 സ്കോറോടെ 122 രാജ്യങ്ങളിൽ 106-ാം സ്ഥാനത്താണ് പാകിസ്ഥാൻ. അയൽരാജ്യങ്ങളായ ഇന്ത്യ (24.1), ബംഗ്ലാദേശ് (19.2), നേപ്പാൾ (14.5) എന്നിവയേക്കാൾ പിന്നിലാണ് രാജ്യം. സാമ്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്ക പോലും 10.2 സ്കോറോടെ ദക്ഷിണേഷ്യയിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ജനസംഖ്യയിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ നിരക്ക് 16.1 ശതമാനമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് 33.6 ശതമാനവും ഭാരക്കുറവിനോടനുബന്ധിച്ചുള്ള ക്ഷീണം 9.8 ശതമാനവുമാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ മരണനിരക്ക് 5.6 ശതമാനത്തിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ പോഷകാഹാരവും പൊതുജനാരോഗ്യവും ഗുരുതരമായ വെല്ലുവിളി നേരിടുന്നതിന്റെ സൂചനകളായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

ഗോതമ്പ് നയത്തിലെ മാറ്റവും ഭക്ഷ്യപ്രതിസന്ധിയും

ഭക്ഷ്യസുരക്ഷാ മേഖലയിലെ സർക്കാർ നയങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു. ഗോതമ്പിന്റെ താങ്ങുവില നയം അവസാനിപ്പിച്ചതോടെ സർക്കാർ സംഭരണത്തിൽ വലിയ ഇടിവുണ്ടായി. ഇതേത്തുടർന്ന് ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ച് ഏകദേശം 35 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടിവന്നുവെന്നാണ് റിപ്പോർട്ടിലെ കണക്ക്.

എന്നിട്ടും രാജ്യത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഗോതമ്പിന്റെ ലഭ്യതക്കുറവ് തുടരുകയാണെങ്കിൽ മൈദയുടെയും ആട്ടയുടെയും വില സാധാരണക്കാർക്ക് താങ്ങാനാകാത്ത നിലയിലേക്ക് ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധ ചെലവുകൾ വർധിപ്പിക്കുമ്പോൾ ആരോഗ്യവും പോഷകാഹാരവും ഭക്ഷ്യസുരക്ഷയും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനമാണ് ഇതോടെ ശക്തമാകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.