...
Home News Kerala ജിഎൻഎ കരാറിൽ മുഖ്യമന്ത്രിക്ക് പിന്നിൽ എന്ത് താൽപര്യം?’; 11 ചോദ്യങ്ങളുമായി എംജി സുരേഷ് കുമാർ

ജിഎൻഎ കരാറിൽ മുഖ്യമന്ത്രിക്ക് പിന്നിൽ എന്ത് താൽപര്യം?’; 11 ചോദ്യങ്ങളുമായി എംജി സുരേഷ് കുമാർ

സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയുടെ ഓഫർ ന്യായീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കെന്താണെന്ന ചോദ്യത്തോടെയാണ് സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

23

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പതിനൊന്ന് ചോദ്യങ്ങളുമായി കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി. സുരേഷ് കുമാർ. കരാറിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.

രാജമാണിക്യം ഐഎഎസ് ജിഎൻഎ കരാറിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയാണ് സുരേഷ് കുമാർ ആദ്യം ചോദ്യം ചെയ്യുന്നത്. അങ്ങനെയെങ്കിൽ കരാർ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി സർക്കാരിന് നൽകിയ റിപ്പോർട്ടുകൾ എവിടെപ്പോയെന്നും അവ ആരാണ് മുക്കിയതെന്നും അദ്ദേഹം ചോദിച്ചു. ജിഎൻഎ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും രാജമാണിക്യത്തിന്റെ കുറിപ്പുകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

കെഎസ്ഇബി ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം ഹിമാചൽ സംവിധാനത്തിലൂടെ പീക്ക് സമയത്ത് 864 മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കുമെന്നിരിക്കെ ജിഎൻഎ ഓഫർ 500 മെഗാവാട്ടിൽ പരിമിതപ്പെടുന്നതായി സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. എന്നിട്ടും ജിഎൻഎ കൂടുതൽ പീക്ക് വൈദ്യുതി ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് എന്താണ് അടിസ്ഥാനമെന്നും കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെനിന്ന് ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു.

ഹിമാചൽ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ 2000 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടാകുമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും സുരേഷ് കുമാർ ചോദ്യം ചെയ്തു. കെഎസ്ഇബിയുടെ കണക്കുപ്രകാരം ഹിമാചൽ സംവിധാനത്തിന്റെ ചെലവ് 1105 കോടി രൂപ മാത്രമാണ്. യൂണിറ്റിന് 14.50 രൂപ നിരക്ക് കണക്കാക്കിയാൽപ്പോലും ചെലവ് 1281 കോടി രൂപയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് ജിഎൻഎ ഓഫറും അതിലൂടെ ഉണ്ടാകുന്ന അധിക പീക്ക് വൈദ്യുതി വാങ്ങലും ഉൾപ്പെടെ ചെലവ് 2008 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നാണ് സുരേഷ് കുമാറിന്റെ വാദം. ഈ സാഹചര്യത്തിൽ ജിഎൻഎ കരാർ ലാഭകരവും ഹിമാചൽ ഓഫർ നഷ്ടകരവുമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നില്ലെന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിലയിരുത്തലും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയിരിക്കെ അധിക വൈദ്യുതി വാങ്ങാൻ സർക്കാർ അസാധാരണ താൽപര്യം പ്രകടിപ്പിക്കുന്നത് എന്തിനാണെന്നാണ് മറ്റൊരു ചോദ്യം.

വൈദ്യുതി നിയമത്തിലെ 62, 63 വകുപ്പുകൾ പ്രകാരം ടെൻഡറിലൂടെയോ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച സംവിധാനത്തിലൂടെയോ മാത്രമേ വൈദ്യുതിയുടെ വില നിർണയിക്കാനാകൂവെന്ന് സുരേഷ് കുമാർ പറയുന്നു. അങ്ങനെയെങ്കിൽ ജിഎൻഎ ഓഫറിലെ 8.63 രൂപ നിരക്ക് ഏത് നിയമപരമായ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം നയപരമായ നിർദേശം നൽകി നിയമത്തിലെ മറ്റ് വ്യവസ്ഥകൾ മറികടക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ നിയമസാധുതയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു വകുപ്പിന്റെ വ്യവസ്ഥകൾ മറ്റൊരു വകുപ്പ് ഉപയോഗിച്ച് മറികടക്കാനാകുമോയെന്നും 108-ാം വകുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായി സർക്കാരിന് പ്രവർത്തിക്കാനാകുമോയെന്നും സുരേഷ് കുമാർ ചോദിച്ചു.

ജിഎൻഎ വൈദ്യുതി ഉൽപാദന കമ്പനിയോ ലൈസൻസുള്ള വൈദ്യുതി വ്യാപാര സ്ഥാപനമോ അല്ലെന്നും ഒടിസി ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെയെങ്കിൽ ജിഎൻഎയുടെ പേരിൽ വൈദ്യുതി വാഗ്ദാനം ചെയ്യാൻ എന്ത് നിയമപരമായ അധികാരമാണുള്ളതെന്നും ഓഫറിന് പിന്നിലെ യഥാർത്ഥ വൈദ്യുതി ഉൽപാദകൻ ആരാണെന്നും വ്യക്തമാക്കണം. ഈ വിവരം ഇതുവരെ വെളിപ്പെടുത്താത്തതിന്റെ കാരണവും അദ്ദേഹം ചോദിച്ചു.

യഥാർത്ഥ ജനറേറ്ററുടെ പേര് വ്യക്തമല്ലാത്തതും ടെൻഡർ നടപടികൾ നടന്നിട്ടില്ലാത്തതും റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരമില്ലാത്തതും കെഎസ്ഇബി സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി എതിർക്കുന്നതുമെല്ലാം നിലനിൽക്കെ കരാറിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങേണ്ടിവന്നത് എന്തുകൊണ്ടാണെന്നും സുരേഷ് കുമാർ ചോദിച്ചു.

കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ആഭ്യന്തര രേഖകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടികളും നേരിടുന്ന സ്ഥാപനമാണ് ജിഎൻഎയെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയുടെ ഓഫർ ന്യായീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കെന്താണെന്ന ചോദ്യത്തോടെയാണ് സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.