സിയോൾ: ഒരു മാസത്തിനിടെ 37 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 4.7 ലക്ഷത്തിലധികം ഡാറ്റാ രേഖകൾ ചോർന്നതിനെത്തുടർന്ന് ദക്ഷിണ കൊറിയയിൽ വ്യാപക അന്വേഷണം. രാജ്യത്തെ നൂറുകണക്കിന് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ പരിശോധന നടത്തുമെന്ന് ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ (എഫ്എസ്സി) അറിയിച്ചു. സാമ്പത്തിക മേഖലയിലും സർക്കാർ സംവിധാനങ്ങളിലും തുടർച്ചയായി സൈബർ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.
വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ധനകാര്യ സ്ഥാപനങ്ങളിലെ വിവരസുരക്ഷാ വീഴ്ചകളുടെ വ്യാപ്തി എഫ്എസ്സി വെളിപ്പെടുത്തിയത്. ധനകാര്യ മേഖലയിലെ ഡാറ്റാ സംരക്ഷണ സംവിധാനങ്ങളും കൃത്രിമബുദ്ധി (എഐ) ഉയർത്തുന്ന സൈബർ ഭീഷണികളും യോഗം വിലയിരുത്തി. ധനകാര്യ സ്ഥാപനങ്ങളിലെയും സർക്കാർ ഏജൻസികളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 30ന് ആദ്യത്തെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ 37 സ്ഥാപനങ്ങളിലായി 40 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി എഫ്എസ്സി വ്യക്തമാക്കി. നാല് വാണിജ്യ ബാങ്കുകൾ, അഞ്ച് നിക്ഷേപ സ്ഥാപനങ്ങൾ, മൂന്ന് ഇൻഷുറൻസ് കമ്പനികൾ, അഞ്ച് സേവിങ്സ് ബാങ്കുകൾ എന്നിവയും ചോർച്ച നേരിട്ട സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
ചെറുകിട ബ്രോക്കറേജ് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ഓൺലൈൻ ധനകാര്യ സേവനദാതാക്കൾ എന്നിവിടങ്ങളിൽനിന്ന് ഏകദേശം 100 കോടി വോൺ (ഏകദേശം 7.45 ലക്ഷം യുഎസ് ഡോളർ) മോഷ്ടിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു. എന്നാൽ ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾക്ക് നഷ്ടമുണ്ടായിട്ടില്ലെന്നാണ് വിശദീകരണം.
അതേസമയം, ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ പേരുകൾ, ദേശീയ തിരിച്ചറിയൽ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, അക്കൗണ്ട് പാസ്വേഡുകൾ തുടങ്ങിയ നിർണായക വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും എഫ്എസ്സി വ്യക്തമാക്കി.
580 ധനകാര്യ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന
പരമ്പരാഗത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് ധനകാര്യ സേവനദാതാക്കളും വെർച്വൽ അസറ്റ് മേഖലയിലെ കമ്പനികളും ഉൾപ്പെടെ ഏകദേശം 580 സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് തീരുമാനം. പ്രാദേശിക മാധ്യമമായ എസ്ബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്ഥാപനങ്ങളുടെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങൾ, ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിലെ തീരുമാനമെടുക്കൽ നടപടികൾ, ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാർ, ചീഫ് ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരുടെ പ്രവർത്തനങ്ങളും വിലയിരുത്തും.
ഈ വർഷം അവസാനത്തോടെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളുടെ പരിശോധന പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അടിസ്ഥാന സുരക്ഷാ നടപടികൾ അവഗണിക്കുന്നതും മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കാത്തതും അനുവദിക്കില്ലെന്ന് എഫ്എസ്സി ചെയർമാൻ ലീ ഇയോഗ്-വീൺ മുന്നറിയിപ്പ് നൽകി. സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്ന അലംഭാവവും സംഭവങ്ങൾക്ക് ശേഷമുള്ള അപര്യാപ്തമായ പ്രതികരണങ്ങളും കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതിയുടെ പാസ്പോർട്ട് വിവരങ്ങളും ചോർന്നു
ദക്ഷിണ കൊറിയയിൽ സമീപകാലത്ത് നിരവധി ഗുരുതരമായ ഡാറ്റാ ചോർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിൽ പ്രസിഡന്റ് ലീ ജെയ് മ്യുങ്, പ്രഥമ വനിത കിം ഹീ-ഹ്യുങ്, മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ എന്നിവരടക്കം 168 പേരുടെ പാസ്പോർട്ട് വിവരങ്ങൾ സൈബർ സുരക്ഷാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
പേര്, ഔദ്യോഗിക പദവി, പാസ്പോർട്ട് നമ്പർ, ജനനത്തീയതി, പാസ്പോർട്ട് അനുവദിച്ച തീയതി, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് ‘ദി കൊറിയ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ സൈബർ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക കേന്ദ്ര ഏജൻസി രൂപീകരിക്കണമെന്ന് പ്രസിഡന്റ് ലീ ജെയ് മ്യുങ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
സൈബർ ആക്രമണങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും ഒരുപോലെ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്രിമബുദ്ധിയുടെ വളർച്ച സൈബർ ആക്രമണങ്ങളെ കൂടുതൽ സങ്കീർണവും വ്യാപകവുമാക്കുന്നുണ്ടെന്നും നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
സൈബർ സുരക്ഷയെ ചെലവായി മാത്രം കാണരുതെന്ന്
സർക്കാർ പുതിയ ഏജൻസി രൂപീകരിച്ചാൽ മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ കമ്പനികളിലും സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷാ നടപടികളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ സൈബർ ആക്രമണം ഉണ്ടാകുന്നതുവരെ പല കമ്പനികളും സൈബർ സുരക്ഷയെ അധിക സാമ്പത്തിക ബാധ്യതയായാണ് കാണുന്നതെന്ന് ചുങ്-ആങ് സർവകലാശാലയിലെ സുരക്ഷാ വിദഗ്ധൻ പ്രൊഫസർ പാർക്ക് ഡോങ്-ചുൾ പറഞ്ഞു. ആക്രമണത്തിന് ശേഷം നഷ്ടം നിയന്ത്രിക്കാനുള്ള താൽക്കാലിക നടപടികളിലാണ് പല സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ സുരക്ഷയ്ക്കുള്ള നിക്ഷേപം അനാവശ്യ ചെലവല്ലെന്നും സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉപഭോക്താക്കളുടെ വിവരങ്ങളും സംരക്ഷിക്കുന്നതിനുള്ള അനിവാര്യമായ നടപടിയാണെന്നും പൊതുജനങ്ങളിലും ബിസിനസ് സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തണമെന്ന് പാർക്ക് നിർദേശിച്ചു.
തുടർച്ചയായ ഡാറ്റാ ചോർച്ചകൾ ദക്ഷിണ കൊറിയയുടെ സാമ്പത്തിക-സർക്കാർ സംവിധാനങ്ങളിലെ വിവരസുരക്ഷാ വെല്ലുവിളികൾ വീണ്ടും ചർച്ചയാക്കുകയാണ്.


