...
Home News International ഉയേനോ ബാങ്ക് തകർച്ചയിൽ പരാഗ്വേയിൽ രാഷ്ട്രീയ ഭൂകമ്പം; പ്രസിഡന്റ് പെന്യക്കെതിരെ ഇംപീച്ച് നീക്കം

ഉയേനോ ബാങ്ക് തകർച്ചയിൽ പരാഗ്വേയിൽ രാഷ്ട്രീയ ഭൂകമ്പം; പ്രസിഡന്റ് പെന്യക്കെതിരെ ഇംപീച്ച് നീക്കം

ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേയിലെ 30 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഉയേനോ ബാങ്കിനുള്ളത്. 80 കോടി മുതൽ 85 കോടി ഡോളർ വരെയുള്ള പൊതുപണമാണ് ബാങ്ക് കൈകാര്യം ചെയ്യുന്നത്.

24

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയുമായി അടുത്ത ബന്ധമുള്ള പ്രമുഖ ഡിജിറ്റൽ ബാങ്കായ ‘ഉയേനോ ബാങ്ക്’ കേന്ദ്ര ബാങ്ക് ഏറ്റെടുത്തു. ബാങ്കിന്റെ മൂലധനവും റിസ്ക്-വെയ്റ്റഡ് ആസ്തികളും തമ്മിലുള്ള അനുപാതമായ സോൾവൻസി, നിയമപരമായ ഏറ്റവും കുറഞ്ഞ പരിധിയുടെ പകുതിയിലും താഴെയായതിനെത്തുടർന്നാണ് ഈ നടപടി. തിങ്കളാഴ്ച രാത്രി കേന്ദ്ര ബാങ്ക് ഡയറക്ടർ ബോർഡ് ഏകകണ്ഠമായി ബാങ്ക് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ബാങ്കിന്റെ സാമ്പത്തിക ഭദ്രത വിലയിരുത്തുന്നതിനും ആസ്തികൾ സംരക്ഷിക്കുന്നതിനുമായി ഭരണച്ചുമതല പ്രത്യേക ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ബാങ്കിന്റെ ആസ്തിബാധ്യതകൾ കണക്കാക്കി പ്രവർത്തനം അവസാനിപ്പിക്കുന്ന നടപടിയിലേക്ക് കടക്കുന്നതിനുമുൻപ് നിക്ഷേപങ്ങൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഈ നടപടിയിലൂടെ സാധിക്കും.

ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേയിലെ 30 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഉയേനോ ബാങ്കിനുള്ളത്. 80 കോടി മുതൽ 85 കോടി ഡോളർ വരെയുള്ള പൊതുപണമാണ് ബാങ്ക് കൈകാര്യം ചെയ്യുന്നത്. ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് അധികാരം ദുർവിനിയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളിൽ അന്വേഷണം നടത്തുന്ന പ്രോസിക്യൂട്ടർമാർ ബാങ്ക് പ്രസിഡന്റ് ഹുവാൻ മാനുവൽ ഗുസ്താലെ, ചീഫ് എക്സിക്യൂട്ടീവ് ഫെഡറിക്കോ മിഗുവൽ വാസ്കസ് വിയാസന്തി ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.


അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാനായി സ്പെയിനിലേക്ക് നടത്താനിരുന്ന യാത്ര പ്രസിഡന്റ് സാന്റിയാഗോ പെന്യ റദ്ദാക്കി. കേന്ദ്ര ബാങ്ക് മേധാവി കാർലോസ് കർവാലോയോട് അദ്ദേഹം രാജി ആവശ്യപ്പെട്ടു. നിക്ഷേപകർക്കും പൊതുമുതലിനും വേഗത്തിൽ പണം തിരികെ നൽകാൻ ഉറപ്പുനൽകുന്ന നിയമനിർമ്മാണം വേഗത്തിലാക്കാൻ കോൺഗ്രസ് നേതാക്കളുമായി ധാരണയിലെത്തിയതായും അദ്ദേഹം അറിയിച്ചു. ബാങ്ക് തകർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ കോടതിക്ക് മുന്നിൽ കൊണ്ടുവരുമെന്ന് പെന്യ വ്യക്തമാക്കി.

മൊബൈൽ ആപ്പിൽ അക്കൗണ്ട് ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നതോടെ ഭയന്നുപോയ ഉപഭോക്താക്കൾ തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് അറിയാനായി ബാങ്ക് ശാഖകൾക്ക് മുന്നിൽ തടിച്ചുകൂടി. പെന്യയെ ഇംപീച്ച് ചെയ്യണമെന്നും ബാങ്ക് തകർച്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‌പൊതുപണം ദുരുപയോഗം ചെയ്തതിൽ പെന്യയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ സെനറ്റർമാരും ആവശ്യപ്പെട്ടു.

ബാങ്കിൽ നിക്ഷേപമുള്ള 97% ആളുകൾക്കും പരിരക്ഷ നൽകുന്ന ഡെപ്പോസിറ്റ് ഇൻഷുറൻസ് തുകയായ 22.83 കോടി ഗ്വാറാനി വരെ നൽകാൻ നിയമപരമായ ഫണ്ടുണ്ടെങ്കിലും ചൊവ്വാഴ്ച പണം പിൻവലിക്കാനോ കൈമാറാനോ ഉപഭോക്താക്കൾക്ക് സാധിച്ചില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ഉപഭോക്താക്കൾക്ക് 10 ദശലക്ഷം ഗ്വാറാനി വരെ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്.

പെന്യ 2023-ൽ അധികാരമേറ്റത് മുതൽ ഉയേനോ ബാങ്കുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഉയേനോ ബാങ്കിന്റെ മാതൃ കമ്പനിയായ ഗ്രൂപ്പോ വാസ്കസിൽ 2025 മാർച്ച് വരെ പെന്യയ്ക്ക് പങ്കാളിത്തമുണ്ടായിരുന്നു. സർക്കാർ ഏജൻസികളും സ്റ്റേറ്റ് ഫണ്ടുകളും വൻതോതിൽ ഉയേനോയിൽ പണം നിക്ഷേപിച്ചപ്പോൾ മാധ്യമങ്ങൾ ഭീതി പരത്തുകയാണെന്ന് പെന്യ ആരോപിച്ചിരുന്നു.

ബാങ്കിന്റെ ഉടമസ്ഥരുമായി ബന്ധമുള്ള കമ്പനികൾക്ക് പരിധിയിലധികം വായ്പ നൽകുന്നതിനെക്കുറിച്ച് കഴിഞ്ഞ ജൂണിൽ തന്നെ കേന്ദ്ര ബാങ്ക് ഉയേനോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കുറഞ്ഞ നികുതിയും സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്ത് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്ന പരാഗ്വേയ്ക്ക് ബാങ്കിന്റെ തകർച്ച വലിയ തിരിച്ചടിയായിട്ടുണ്ട്. 2025-ലെ ട്രാൻസ്പരൻസി ഇന്റർനാഷണൽ അഴിമതി സൂചികയിൽ 182 രാജ്യങ്ങളിൽ 150-ാം സ്ഥാനത്താണ് പരാഗ്വേ നിലകൊള്ളുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.