...
Home Technology “ഈ കൊല്ലമോ അടുത്ത കൊല്ലമോ എഐയുടെ ‘ചെർണോബിൽ ദുരന്തം’ സംഭവിച്ചേക്കാം”: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി എഐ ഗോഡ്ഫാദർ...

“ഈ കൊല്ലമോ അടുത്ത കൊല്ലമോ എഐയുടെ ‘ചെർണോബിൽ ദുരന്തം’ സംഭവിച്ചേക്കാം”: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി എഐ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ

നിയന്ത്രണം നഷ്ടപ്പെട്ടതോ തെറ്റായ രീതിയിൽ ക്രമീകരിച്ചതോ ആയ എഐ ഏജന്റുകളാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

219

നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ, വൈകാതെ തന്നെ വലിയൊരു ദുരന്തം സംഭവിച്ചേക്കാമെന്ന അടിയന്തര മുന്നറിയിപ്പുമായി ‘എഐയുടെ തലതൊട്ടപ്പൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോബൽ ജേതാവ് ജെഫ്രി ഹിന്റൺ. ഈ വർഷമോ തൊട്ടടുത്ത വർഷമോ ചെർണോബിൽ മാതൃകയിലുള്ള ഒരു വൻ ദുരന്തം എഐ മൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഒരു എഐ ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് മുന്നോടിയായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയത്. ഇത്തരം ഒരു ദുരന്തം രാജ്യങ്ങളുടെ സാമ്പത്തിക കൈമാറ്റ സംവിധാനങ്ങളെയും വൈദ്യുതി വിതരണ ശൃംഖലകളെയും താത്കാലികമായി നിശ്ചലമാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിയന്ത്രണം നഷ്ടപ്പെട്ടതോ തെറ്റായ രീതിയിൽ ക്രമീകരിച്ചതോ ആയ എഐ ഏജന്റുകളാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പവർ ഗ്രിഡുകൾ, ഫിനാൻഷ്യൽ നെറ്റ്‌വർക്കുകൾ, ആശയവിനിമയ സംവിധാനങ്ങൾ, ഓട്ടോണമസ് റോബോട്ടിക് സിസ്റ്റങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഇത്തരം എഐ സംവിധാനങ്ങൾ കടന്നുകയറാൻ സാധ്യതയുണ്ട്. ഇത് വലിയ നാശനഷ്ടങ്ങൾക്കും സങ്കീർണ്ണമായ തകർച്ചകൾക്കും കാരണമാകുമെന്നാണ് ഈ രംഗത്തെ പ്രമുഖർ നൽകുന്ന മുന്നറിയിപ്പ്.

സാങ്കേതിക രംഗത്തെ അതികായന്മാരായ കമ്പനി മേധാവികൾക്കെതിരെ കടുത്ത വിമർശനമാണ് 78-കാരനായ ഹിന്റൺ ഉന്നയിച്ചിട്ടുള്ളത്. മത്സരത്തിൽ മുന്നിലെത്താൻ തിടുക്കം കൂട്ടുന്ന സാം ഓൾട്ട്മാൻ, ഇലോൺ മസ്ക് തുടങ്ങിയ പ്രമുഖർ എഐയുടെ അപകടസാധ്യതകൾ കൃത്യമായി മനസ്സിലാക്കുന്നുണ്ടെങ്കിലും അവർക്കതൊരു പ്രശ്നമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാങ്കേതികവിദ്യയുടെ സുരക്ഷയേക്കാൾ പണത്തിനും ലാഭത്തിനുമാണ് ഇവർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഹിന്റൺ പരോക്ഷ വിമർശനം ഉന്നയിച്ചു. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ അതിശക്തമായി എതിർത്ത നേതാവാണ് ട്രംപ്. മനുഷ്യരാശി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചില്ലായിരുന്നുവെങ്കിൽ അതായിരുന്നു കൂടുതൽ നന്നാവുക എന്ന് ‘ദി ഗാർഡിയൻ’ പത്രത്തോട് സംസാരിക്കവെ പറഞ്ഞ ഹിന്റൺ, വരാനിരിക്കുന്ന ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ലോകനേതാക്കളുടെ കൂട്ടത്തിൽ നിന്നും ട്രംപിനെ ഒഴിവാക്കുകയും ചെയ്തു.

ഇന്നത്തെ സങ്കീർണ്ണമായ എഐ സംവിധാനങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും അടിത്തറയിട്ട മെഷീൻ ലേണിങ് വികസിപ്പിച്ച ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റൺ. എന്നാൽ എഐയുടെ അതിവേഗത്തിലുള്ള വളർച്ച ഈ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകുമെന്ന ഭയം കാരണം അദ്ദേഹം താൻ ജോലി ചെയ്തിരുന്ന ഗൂഗിളിൽ നിന്നുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. വൈകാതെ തന്നെ എഐ മനുഷ്യരാശിക്ക് ഭീഷണിയായേക്കാം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.