...
Home News Kerala ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് പ്രതിഷേധം; എസ്.ഐ.ആറിനെതിരെ തെരുവിലിറങ്ങാൻ കോക്രോച്ച് ജനതാ പാർട്ടി

ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് പ്രതിഷേധം; എസ്.ഐ.ആറിനെതിരെ തെരുവിലിറങ്ങാൻ കോക്രോച്ച് ജനതാ പാർട്ടി

‘ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പരിപാടിക്ക് ‘ജന്തർ മന്തർ @ കൊച്ചി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

18

ഡൽഹിയിലെ ജന്തർ മന്തറിൽ തുടങ്ങിയ പ്രതിഷേധത്തിന്റെ തുടർച്ചയായി കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലും സമരത്തിനൊരുങ്ങുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആറിനെതിരെ നവംബർ 7ന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഡൽഹിയിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്താൻ ശ്രമിച്ചതിന് പാർട്ടി നേതാക്കൾ അറസ്റ്റിലായതിനു പിന്നാലെയാണ് കേരളത്തിൽ പുതിയ സമരനീക്കവുമായി സംഘടന രംഗത്തെത്തുന്നത്.

നവംബർ 7 ശനിയാഴ്ച വൈകുന്നേരം നാലിന് കൊച്ചിയിലെ രാജേന്ദ്ര മൈതാനത്താണ് പ്രതിഷേധം. ‘ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പരിപാടിക്ക് ‘ജന്തർ മന്തർ @ കൊച്ചി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും.

കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എസ്.ഐ.ആർ നടപടിക്കെതിരെയും പ്രതിഷേധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഭിജീത് ദിപ്കെയെയും അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ ജന്തർ മന്തറിന്റെ ഔദ്യോഗിക പ്രതിഷേധ വേദി പദവിയും സർക്കാർ പിൻവലിച്ചിരുന്നു.

ഡൽഹിയിലെ സംഭവങ്ങൾക്കു ശേഷമുള്ള സംഘടനയുടെ പ്രധാന പ്രതിഷേധ നീക്കമാണ് കൊച്ചിയിലേത്. എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാനും വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ നിലപാട് പൊതുജനങ്ങളിലെത്തിക്കാനുമാണ് പാർട്ടിയുടെ ശ്രമം. കൊച്ചിയിലെ പ്രതിഷേധത്തിൽ എത്രത്തോളം ജനപങ്കാളിത്തമുണ്ടാകുമെന്നതും പരിപാടി കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ എത്രമാത്രം ഇടംപിടിക്കുമെന്നതുമാണ് ഇനി ശ്രദ്ധേയം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.