മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ (PoK) മനുഷ്യാവകാശങ്ങളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തി പാകിസ്ഥാന് സൈന്യത്തിന്റെ ക്രൂരമായ നരമേധം. പിഒകെ തലസ്ഥാനമായ മുസാഫറാബാദില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെയുള്ള റാവലകോട്ടില്‍ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാക് സൈന്യം നടത്തിയ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് കുട്ടികളടക്കം 18 നിരപരാധികള്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വിവരങ്ങള്‍:
- റാവലക്കോട്ടിലെ ക്രൂരമായ ആക്രമണം: റാവലകോട്ടിലെ പ്രധാന ബസ് ടെര്‍മിനലില്‍ അടിസ്ഥാന അവകാശങ്ങളും മാവ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ചൂണ്ടിക്കാട്ടി നൂറുകണക്കിന് തദ്ദേശവാസികള്‍ സമാധാനപരമായ പ്രതിഷേധത്തിന് ഒത്തുകൂടിയപ്പോഴാണ് പാക് റേഞ്ചേഴ്സ് ആക്രമണം അഴിച്ചുവിട്ടത്.
- ആര്‍പിജി റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം: യാതൊരു പ്രകോപനവുമില്ലാതെ ആര്‍പിജി-7 റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് നിരായുധരായ പ്രതിഷേധക്കാര്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു. ആളുകള്‍ ജീവനുവേണ്ടി ഓടിയ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സൈന്യം നേരിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.
- പരിക്കേറ്റവരെയും വെറുതെവിട്ടില്ല: അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും സൈന്യം വെടിയുതിര്‍ത്തു. കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതും ആക്രമണത്തിന്റെ തീവ്രതയും കാരണം മരണസംഖ്യ ഉയരുകയാണ്. പ്രാദേശിക സംഘടനകളുടെ കണക്കനുസരിച്ച് 150-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
- പ്രതിഷേധത്തിന് കാരണം: കഴിഞ്ഞ അഞ്ച് മാസമായി വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങളില്‍ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് പിഒകെയില്‍ നടക്കുന്നത്. ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അവഗണിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ, പ്രതിഷേധം പാകിസ്ഥാനില്‍ നിന്നുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യ ആവശ്യത്തിലേക്കും മുദ്രാവാക്യങ്ങളിലേക്കും വഴിമാറുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ പാക് ആര്‍മി ചീഫ് അസിം മുനീറിന്റെ നേതൃത്വത്തില്‍ സൈന്യത്തെ ഇറക്കി ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപ്പിലാക്കുകയായിരുന്നു.


