...
Home News Kerala കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് അനിൽകുമാർ? മന്ത്രിസഭയിൽ ആര്യാടൻ ഷൗക്കത്തിന് സാധ്യത

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് അനിൽകുമാർ? മന്ത്രിസഭയിൽ ആര്യാടൻ ഷൗക്കത്തിന് സാധ്യത

ദലിത് പ്രാതിനിധ്യം പരിഗണിച്ച് കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്കിടെയാണ് അനിൽകുമാറിന്റെ പേരും ചർച്ചയാകുന്നത്.

12

കോൺഗ്രസ് പുനസംഘടനയിൽ എ.പി. അനിൽകുമാർ കെ.പി.സി.സി പ്രസിഡന്റായാൽ പകരം മന്ത്രിസ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്ത് എത്തുമെന്ന ചർച്ചകൾ സജീവം. മലപ്പുറത്തിന് മന്ത്രിസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന രാഷ്ട്രീയ സാഹചര്യമാണ് ഷൗക്കത്തിന്റെ സാധ്യതകൾക്ക് കരുത്തേകുന്നത്.

യുഡിഎഫ് ഇത്തവണ മലപ്പുറം ജില്ലയിലെ 16 നിയമസഭാ സീറ്റുകളും നേടിയപ്പോൾ 12 എണ്ണം മുസ്‌ലിം ലീഗിനും നാലെണ്ണം കോൺഗ്രസിനുമാണ് ലഭിച്ചത്. നിലമ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷമായ 54,851 വോട്ടുകൾക്ക് വിജയിച്ച ഷൗക്കത്ത്, പിതാവ് ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ പാരമ്പര്യവും ജില്ലയിൽ കോൺഗ്രസിനുള്ള സ്വാധീനവും പ്രതിനിധീകരിക്കുന്ന നേതാവായാണ് വിലയിരുത്തപ്പെടുന്നത്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാറിന്റെ പേര് കെ.സി. വേണുഗോപാൽ പക്ഷവും എ ഗ്രൂപ്പും ഒരുമിച്ച് ഉയർത്തുന്നതായാണ് സൂചന. ദലിത് പ്രാതിനിധ്യം പരിഗണിച്ച് കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്കിടെയാണ് അനിൽകുമാറിന്റെ പേരും ചർച്ചയാകുന്നത്. ഈ നീക്കം യാഥാർഥ്യമായാൽ മന്ത്രിസഭയിൽ മലപ്പുറത്തിന്റെ കോൺഗ്രസ് പ്രാതിനിധ്യം നിലനിർത്താൻ ആര്യാടൻ ഷൗക്കത്തിനെ പരിഗണിച്ചേക്കും.

ഷൗക്കത്ത് മന്ത്രിയായാൽ വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് നൽകാനും റവന്യൂ വകുപ്പ് സണ്ണി ജോസഫിന് കൈമാറാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ച. എന്നാൽ കോൺഗ്രസ് പുനസംഘടനയിലും മന്ത്രിസഭാ മാറ്റത്തിലും അന്തിമ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.