ബെംഗളൂരു: രാജ്യത്ത് വലിയ ചർച്ചയാകുന്ന ഇന്ധന വിവാദത്തിൽ കർണാടക സർക്കാരിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. അനുവദനീയമായ പരിധി 20 ശതമാനമായിരിക്കെ, സംസ്ഥാനത്തെ പ്രധാന എണ്ണക്കമ്പനികൾ വഴി വിതരണം ചെയ്യുന്ന പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് സർക്കാർ കണ്ടെത്തി. ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗുരുതര ആരോപണം. ചട്ടങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും.
ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറർ, രാമനഗര, മംഗളൂരു, തുമകുരു എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിലാണ് ഉയർന്ന അളവിൽ എഥനോൾ കണ്ടെത്തിയതെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനാ ഫലം പുറത്തുവിട്ട് സർക്കാർ:
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL): ശേഖരിച്ച സാമ്പിളിൽ 31.2% എഥനോൾ.
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL): സാമ്പിളുകളിൽ 30.5% വരെ എഥനോൾ സാന്നിധ്യം.
- ബിപിസിഎൽ സ്പീഡ് പെട്രോൾ: 26.5%
- നയാര എനർജി: 26.1%
- ഷെൽ പെട്രോൾ: 25.5%
ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസിഎൽ എന്നിവയുടെ ചില സാമ്പിളുകളിൽ 20 ശതമാനത്തിന് മുകളിലാണ് എഥനോൾ കണ്ടെത്തിയതെങ്കിൽ, മറ്റു ചിലതിൽ ഇത് 13.5 ശതമാനം മുതൽ 20.6 ശതമാനം വരെയാണ്.
സുതാര്യതയില്ല, വാഹനങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകളും
ഐഒസിഎൽ, ബിപിസിഎൽ കമ്പനികളുടെ സ്വന്തം ലബോറട്ടറി റിപ്പോർട്ടുകളിൽ എഥനോളിന്റെ അളവ് വ്യക്തമാക്കുന്നില്ലെന്നും സർക്കാർ ആരോപിച്ചു. ഇത് എണ്ണ വിപണന കമ്പനികളുടെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നത്.
പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കും. കൂടാതെ ഇന്ധന പമ്പുകൾ, ഇൻജക്ടറുകൾ, ഫിൽട്ടറുകൾ, ഹോസുകൾ, സീലുകൾ തുടങ്ങിയവയെ ഗുരുതരമായി ബാധിക്കുകയും വാഹനാകുടമകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യും.
കർണാടക സർക്കാരിന്റെ ആവശ്യങ്ങൾ
- ഇന്ത്യയിലെ 35 കോടി വാഹനങ്ങളിൽ 99% വും ഇ20 (E20) പെട്രോളുകൾക്ക് മുകളിലുള്ള ബ്ലെൻഡുകളിൽ ഓടിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ ചട്ടം ലംഘിച്ച കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുക.
- എഥനോൾ അടങ്ങിയിറങ്ങുന്ന ഇന്ധനം കാരണം നഷ്ടം നേരിട്ട ഉപഭോക്താക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക.
- എല്ലാ പെട്രോൾ പമ്പുകളിലും എഥനോൾ മിശ്രിത ശതമാനം ഉപഭോക്താക്കൾക്കായി നിർബന്ധമായും പ്രദർശിപ്പിക്കുക.


