...
Home News Kerala ‘ജന്തർ മന്തർ@ കൊച്ചി’ റാലി; പ്രകാശ് രാജും അഭിജീത് ദീപ്കെയും കൊച്ചിയിൽ

‘ജന്തർ മന്തർ@ കൊച്ചി’ റാലി; പ്രകാശ് രാജും അഭിജീത് ദീപ്കെയും കൊച്ചിയിൽ

"നിങ്ങൾക്ക് എന്നെ ആന്തോളൻ ജീവിയെന്നോ ദിമാഗി നക്സലെന്നോ വിളിക്കാം, എന്നാൽ രാജ്യത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം," പ്രകാശ് രാജ്

21

കൊച്ചി: എസ്‌ഐആര്‍ (SIR) റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിക്കുന്ന ‘ജന്തർ മന്തർ@ കൊച്ചി’ റാലിക്ക് തുടക്കമായി. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് ആരംഭിച്ച റാലിയിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ കൊച്ചിയിലെത്തിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന് കൊച്ചിയിലെത്തിയ അഭിജീത് ദീപ്കെ മാധ്യമങ്ങളോട് വ്യക്തമാക്കി. “ഗ്യാനേഷ് കുമാറുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വസിക്കാൻ സാധിക്കില്ല. ഒരു പാർട്ടിക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്,” അഭിജീത് ദീപ്കെ ആരോപിച്ചു.

ഡൽഹിയിലെ നടപടിക്ക് പിന്നാലെ കൊച്ചിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇതിന് ശേഷമുള്ള സംഘടനയുടെ ഏറ്റവും വലിയ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നത്.

പ്രതിഷേധം തടഞ്ഞാൽ രാജ്യമാകെ ജന്തർ മന്തറാകുമെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി. “രാജ്യവും തെരുവുകളും നമ്മുടേതാണ്. അവിടെ പ്രതിഷേധം ഉയരും. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ ഹർ ഘർ ജന്തർ മന്തറാകും,” അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്യുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുന്നു: പ്രകാശ് രാജ്

രാഷ്ട്രീയ വിമർശനങ്ങളോടെയായിരുന്നു പ്രകാശ് രാജിന്റെ പ്രസംഗം ആരംഭിച്ചത്. “ചായ പേ ചർച്ച വേണ്ട, കോഫി പേ ചർച്ച മതി. ചോദ്യം ചെയ്യുമ്പോൾ നമ്മളെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയാണ്. ചോദ്യം ചോദിക്കുന്ന യുവാക്കളെ മർദ്ദിക്കുകയാണ്, വോട്ട് ചെയ്യാനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ്,” പ്രകാശ് രാജ് ആരോപിച്ചു.

രാജ്യവ്യാപകമായി നടക്കുന്നത് വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും, ഇതൊരു രാഷ്ട്രീയ നീക്കമല്ല, മറിച്ച് രാജ്യത്തെ പൗരന്മാരുടെ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് എന്നെ ആന്തോളൻ ജീവിയെന്നോ ദിമാഗി നക്സലെന്നോ വിളിക്കാം, എന്നാൽ രാജ്യത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം,” പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.