...
Home News National ഓൾഡ് മങ്ക് റമ്മിന്റെ വിൽപ്പന വിലക്കിനെതിരായ ഹർജി പിൻവലിച്ചു; ലേബൽ മാറ്റാൻ നിർമാതാക്കൾ

ഓൾഡ് മങ്ക് റമ്മിന്റെ വിൽപ്പന വിലക്കിനെതിരായ ഹർജി പിൻവലിച്ചു; ലേബൽ മാറ്റാൻ നിർമാതാക്കൾ

വിൽപ്പന നിയന്ത്രണത്തിനെതിരെ ഇടക്കാല ഇളവ് തേടി കമ്പനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റിലെ വാദത്തിനിടെ കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നില്ല.

55

ഓൾഡ് മങ്ക് റമ്മിന്റെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) ഏർപ്പെടുത്തിയ വിലക്കിനെതിരെ നിർമാതാക്കളായ മോഹൻ റോക്കി സ്പ്രിങ്‌വാട്ടർ ബ്രൂവറീസ് നൽകിയ ഹർജി പിൻവലിച്ചു. ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ മാറ്റം വരുത്തി അംഗീകാരത്തിനായി സമർപ്പിക്കാമെന്ന് കമ്പനി സമ്മതിച്ചതോടെയാണ് ബോംബെ ഹൈക്കോടതിയിൽനിന്ന് ഹർജി പിൻവലിക്കാൻ അനുമതി ലഭിച്ചത്. നവംബർ അഞ്ചിന് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് എം. സേത്‌ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

മഹാരാഷ്ട്രയിലെ ഖോപോളി പ്ലാന്റിൽ നിർമിക്കുന്ന ഓൾഡ് മങ്കിന്റെ ചില വകഭേദങ്ങളുടെ വിൽപ്പനയും വിതരണവുമാണ് എഫ്എസ്എസ്എഐ തടഞ്ഞത്. ഉൽപ്പന്നങ്ങളിൽ ന്യൂട്രൽ ആൽക്കഹോളും അധികമായി ചേർത്ത രുചിവർധക ഘടകങ്ങളും ഉള്ളതിനാൽ അവയെ ‘റം’ എന്നല്ല, ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്നാണ് ലേബൽ ചെയ്യേണ്ടതെന്നാണ് അതോറിറ്റിയുടെ നിലപാട്. കൂടാതെ, ‘7 ഇയേഴ്‌സ് ഓൾഡ് ബ്ലെൻഡഡ്’, ‘വെരി ഓൾഡ് വാറ്റഡ്’ തുടങ്ങിയ പാക്കേജിങ് അവകാശവാദങ്ങളുടെ സാങ്കേതിക കൃത്യതയെയും അധികൃതർ ചോദ്യം ചെയ്തിരുന്നു.

വിൽപ്പന നിയന്ത്രണത്തിനെതിരെ ഇടക്കാല ഇളവ് തേടി കമ്പനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റിലെ വാദത്തിനിടെ കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നില്ല. തുടർന്ന് ഏഴ് വർഷം പഴക്കമുള്ള മിശ്രിതമെന്ന അവകാശവാദം ഉൾപ്പെടെയുള്ള പാക്കേജിങ് വിവരങ്ങളിൽ മാറ്റം വരുത്താൻ കമ്പനി സമ്മതിക്കുകയായിരുന്നു. സംസ്ഥാന എക്സൈസ് ചട്ടങ്ങൾ പാലിച്ചാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നുണ്ടെന്നും കമ്പനി വാദിച്ചിരുന്നു.

വിൽപ്പന വിലക്കിനെത്തുടർന്ന് മഹാരാഷ്ട്ര സർക്കാരിന് ഏകദേശം 350 കോടി രൂപയുടെ എക്സൈസ് വരുമാനനഷ്ടമുണ്ടായതായും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഹർജി പിൻവലിച്ചതുകൊണ്ട് ഉൽപ്പന്നങ്ങളുടെ വിൽപ്പന പുനരാരംഭിക്കാൻ അനുമതി ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പുതുക്കിയ ലേബലുകൾക്ക് എഫ്എസ്എസ്എഐയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പന പുനരാരംഭിക്കാനാകൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.