യുക്രെയ്ൻ യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘർഷവും തുടരുന്നതിനിടെ അതീവ രഹസ്യസ്വഭാവമുള്ള സൈനിക ബഹിരാകാശ പേടകം വിക്ഷേപിച്ച് റഷ്യ. നവംബർ ഏഴിന് പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽനിന്ന് സോയൂസ്-2.1ബി റോക്കറ്റിലായിരുന്നു വിക്ഷേപണം. ദൗത്യം വിജയകരമായി പൂർത്തിയായെന്നും പേടകത്തിന്റെ നിയന്ത്രണം റഷ്യൻ ബഹിരാകാശ സേന ഏറ്റെടുത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാൽ പേടകത്തിന്റെ യഥാർഥ ലക്ഷ്യം റഷ്യ വെളിപ്പെടുത്തിയിട്ടില്ല. നിരീക്ഷണം, സൈനിക ആശയവിനിമയം, നാവിഗേഷൻ, മിസൈൽ മുന്നറിയിപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കാം ദൗത്യമെന്നാണ് വിലയിരുത്തൽ. സോയൂസ്-2.1ബി റോക്കറ്റ് നേരത്തേ റഷ്യയുടെ ഗ്ലോനാസ്, ലിയാന, ടുണ്ട്ര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
വിക്ഷേപണത്തിനിടെ കോമി റിപ്പബ്ലിക്കിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ജെല്ലിഫിഷിന്റെ ആകൃതിയിലുള്ള പ്രകാശമേഘവും ശ്രദ്ധനേടി. റോക്കറ്റ് ഉയർന്ന അന്തരീക്ഷത്തിലെത്തുമ്പോൾ പുറത്തുവിടുന്ന വാതകങ്ങൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന ‘സ്പേസ് ജെല്ലിഫിഷ്’ പ്രതിഭാസമാണിത്.
അതേസമയം, റഷ്യയുടെ സൈനിക ബഹിരാകാശ ശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ വിക്ഷേപണത്തെ വിലയിരുത്തുന്നത്. ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ റാസ്വെറ്റ് ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങളും റഷ്യ തുടരുകയാണ്. രഹസ്യ പേടകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവരാത്തതിനാൽ ദൗത്യത്തിന്റെ യഥാർഥ സ്വഭാവം ഇപ്പോഴും വ്യക്തമല്ല.


