...
Home Travel ബോർഡ് വെച്ച് തടയാനാകാത്ത കാടുകൾ; ഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളുടെ വീടും കാസിരംഗയിലെ 10 കിലോമീറ്റർ അതിർത്തി തർക്കവും

ബോർഡ് വെച്ച് തടയാനാകാത്ത കാടുകൾ; ഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളുടെ വീടും കാസിരംഗയിലെ 10 കിലോമീറ്റർ അതിർത്തി തർക്കവും

പ്രളയകാലത്ത് ഉയർന്ന പ്രദേശങ്ങളിലേക്ക് കടക്കാനാകാതെ മൃഗങ്ങൾ നടുറോഡിലോ മനുഷ്യവാസ മേഖലകളിലോ പെട്ടുപോകുമെന്നത് കാസിരംഗ നേരിടുന്ന വലിയൊരു ഭീഷണിയാണ്.

25

ബ്രഹ്മപുത്രയുടെ പോഷകനദികളും പച്ചപ്പ് നിറഞ്ഞ പുൽമേടുകളും അതിരിടുന്ന കാസിരംഗ ദേശീയോദ്യാനത്തിന്റെ അതിരുകൾ എവിടെയാണ് അവസാനിക്കുന്നത്? ലോകത്തെ വംശനാശഭീഷണി നേരിടുന്ന ഒഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളുടെയും ആഫ്രിക്കൻ ഇതര ആനകളുടെയും പ്രധാന സങ്കേതമായ ഈ യുനെസ്‌കോ പൈതൃക കേന്ദ്രത്തിന്റെ മണ്ണിലേക്ക് നോക്കുമ്പോൾ പരിസ്ഥിതി സ്‌നേഹികളുടെ മനസ്സിൽ ഉയരുന്ന പ്രധാന ചോദ്യമിതാണ്. ഭരണകൂടം നിശ്ചയിക്കുന്ന ഒരതിർത്തി ബോർഡിൽ കാടിന്റെ സ്വഭാവിക ജീവതാളം അവസാനിക്കുന്നില്ല എന്ന യാഥാർത്ഥ്യവും, അതിന് ചുറ്റും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഉപജീവനവും തമ്മിൽ കൂട്ടുമുട്ടുമ്പോഴാണ് കാസിരംഗയിലെ പരിസ്ഥിതി ലോല മേഖല (Eco-Sensitive Zone) സംബന്ധിച്ച വിവാദം ജനിക്കുന്നത്.

കാസിരംഗയുടെ യഥാർത്ഥ അതിജീവന കഥ വന്യമൃഗങ്ങളുടെ വാർഷിക ദേശാടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും കാലവർഷത്തിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകി ദേശീയോദ്യാനത്തിലെ താഴ്ന്ന പ്രദേശങ്ങളും പുൽമേടുകളും വെള്ളത്തിനടിയിലാകുമ്പോൾ, കാസിരംഗയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്പിനായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിക്കയറേണ്ടിവരുന്നു. വടക്കൻ താഴ്‌വരകളിൽ നിന്ന് തെക്കൻ അതിർത്തിയിലുള്ള കാർബി ആങ്‌ലോംഗ് കുന്നുകളിലേക്ക് (Karbi Anglong Hills) മൃഗങ്ങൾ നടത്തുന്ന ഈ യാത്രയിൽ അവയ്ക്ക് ജീവൻ പണയം വെച്ച് നാഷണൽ ഹൈവേ 37 (NH 37) മുറിച്ചുകടക്കേണ്ടതുണ്ട്.

ഈ അപകടകരമായ ദേശാടനപാതയിൽ മൃഗങ്ങളുടെ രക്ഷയ്‌ക്കായി പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ ഒൻപത് പ്രധാന വന്യജീവി ഇടനാഴികളാണ് (Wildlife Corridors) നിലവിലുള്ളത്. അമ്ഗുരി, പാൻബാരി, ഹാൽധിബാരി, ബാഗോരി, ഹർമതി, കാഞ്ചൻജൂരി, ഹാതിദണ്ഡി, ദേവോസൂർ, ചിരാങ് എന്നിവയാണവ. കാടും കുന്നുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതകളിൽ നിർമ്മാണ പ്രവർത്തനങ്ങളോ ഗതാഗത തടസ്സങ്ങളോ ഉണ്ടായാൽ, പ്രളയകാലത്ത് ഉയർന്ന പ്രദേശങ്ങളിലേക്ക് കടക്കാനാകാതെ മൃഗങ്ങൾ നടുറോഡിലോ മനുഷ്യവാസ മേഖലകളിലോ പെട്ടുപോകുമെന്നത് കാസിരംഗ നേരിടുന്ന വലിയൊരു ഭീഷണിയാണ്.

ഈ ഒരു ഘട്ടത്തിലാണ് 2026 ഓഗസ്റ്റിൽ അസം സർക്കാർ മുന്നോട്ടുവെച്ച പുതിയ പ്രൊപ്പോസൽ വലിയൊരു രാഷ്ട്രീയ-പരിസ്ഥിതി പോരാട്ടത്തിന് തുടക്കമിട്ടത്. ദേശീയോദ്യാനത്തിന് ചുറ്റുമുള്ള സ്ഥിരമായ 10 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയ്ക്ക് (ESZ) പകരം, കൃത്യമായ മേഖലകളെ മാത്രം ഉൾപ്പെടുത്തി ഒരു കിലോമീറ്ററായി ഈ സുരക്ഷാ വലയം ചുരുക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ തീരുമാനം വന്യജീവി സങ്കേതത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നതോടെ തർക്കം രൂക്ഷമായി.

എന്നാൽ, സംസ്ഥാന സർക്കാരിനും പ്രാദേശികവാസികൾക്കും ഈ വിഷയത്തിൽ പറയാനുള്ളത് വേറൊരു വശമാണ്. കാസിരംഗയ്ക്ക് ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അഞ്ച് ലക്ഷത്തോളം വരുന്ന സാധാരണക്കാരായ മനുഷ്യരുടെ വീടുനിർമ്മാണത്തെയും ആരോഗ്യ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അവരുടെ വാദം. തങ്ങളുടെ ഭൂമിയിലെ അവകാശങ്ങൾ തടയപ്പെടാതെ, ഗ്രാമീണ വിനോദസഞ്ചാരവും പ്രാദേശിക വ്യവസായങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സുരക്ഷാ മേഖലയുടെ വലുപ്പം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

മറുഭാഗത്ത്, സുരക്ഷാ മേഖല വെട്ടിച്ചുരുക്കുന്നത് വൻകിട ഖനന മാഫിയകൾക്കും കരിങ്കൽ ക്വാറികൾക്കും ആഡംബര റിസോർട്ട് നിർമ്മാതാക്കൾക്കും വാതിൽ തുറന്നുകൊടുക്കുമെന്ന് പരിസ്ഥിതി സംരക്ഷകർ ഭയപ്പെടുന്നു. കാർബി ആങ്‌ലോംഗ് കുന്നുകളിൽ നിന്ന് ഒഴുകിയെത്തുന്ന ചെറുനദികളാണ് കാസിരംഗയിലെ തടാകങ്ങളെയും പുൽമേടുകളെയും ജീവനോടെ നിലനിർത്തുന്നത്. കുന്നുകളിലെ അനിയന്ത്രിതമായ ക്വാറി ഖനനവും മണ്ണെടുപ്പും ഈ ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും പരിസ്ഥിതി നാശത്തിന് വഴിവെക്കുകയും ചെയ്യും.

നിയമപരമായ പോരാട്ടങ്ങളുടെ ചരിത്രത്തിലും കാസിരംഗയിലെ ഈ അതിർത്തി തർക്കം നിരന്തരം മുഴങ്ങിപ്പേകുന്നുണ്ട്. 2022 ജൂൺ 3-ലെ ചരിത്രപരമായ വിധിയിലൂടെ എല്ലാ ദേശീയോദ്യാനങ്ങൾക്കും ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനും മുൻപ്, 2019 ഏപ്രിലിൽ കാർബി ആങ്‌ലോംഗ് കുന്നുകളിൽ നിന്നുള്ള ജലസ്രോതസ്സുകളിലെ ഖനനവും ഒൻപത് വന്യജീവി ഇടനാഴികളിലെ പുതിയ നിർമ്മാണങ്ങളും സുപ്രീം കോടതി പൂർണ്ണമായി നിരോധിച്ചിട്ടുണ്ടായിരുന്നു.

ഈ നിയമ ഉത്തരവുകൾ നിലനിൽക്കെ തന്നെ വീണ്ടും ലംഘനങ്ങൾ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ നിയമപോരാട്ടങ്ങൾക്ക് ആക്കം കൂട്ടി. 2026 മാർച്ച് മാസത്തിലെ ​ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നിലവിലെ 10 കിലോമീറ്റർ സുരക്ഷാ മേഖല പ്രാബല്യത്തിൽ തന്നെ തുടരുന്നുണ്ട്. എന്നാൽ, 2026 മേയിൽ പരിസ്ഥിതി പ്രവർത്തകനായ രോഹിത് ചൗധരി സുപ്രീം കോടതിയുടെ സെൻട്രൽ എമ്പവേർഡ് കമ്മിറ്റിക്ക് നൽകിയ പരാതിയിൽ ഹാൽധിബാരി, പാൻബാരി ഇടനാഴികളിൽ സ്കൂൾ കെട്ടിടവും സ്വകാര്യ നിർമ്മാണങ്ങളും നിയമവിരുദ്ധമായി നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

അസം സർക്കാരിന്റെ നയങ്ങളിലെ മാറ്റങ്ങളും ഈ തർക്കത്തിന് പുതിയ മാനങ്ങൾ നൽകി. 2024 മേയിൽ കാസിരംഗയും സമീപത്തെ ബുറാചാപോരി, ലാവോഖോവ തുടങ്ങിയ സങ്കേതങ്ങളും ഉൾപ്പെടുത്തി 3,596 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വലിയൊരു സംയോജിത ഇ.എസ്.ഇസെഡ് (Integrated ESZ) സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി 2025 ഏപ്രിലിൽ സർക്കാർ ഈ പ്ലാൻ പിൻവലിക്കുകയും, പിന്നീട് 2026 ഓഗസ്റ്റിൽ 1 കിലോമീറ്റർ പ്രൊപ്പോസലിലേക്ക് ചുരുങ്ങുകയുമായിരുന്നു.

സത്യത്തിൽ പരിസ്ഥിതി ലോല മേഖല (ESZ) എന്നത് ജനങ്ങളെ പൂർണ്ണമായി ഒഴിപ്പിക്കുന്ന ഒന്നല്ല എന്ന വസ്തുത പലപ്പോഴും വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല. വൻകിട ഖനനവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളും വിലക്കുന്ന ‘നിരോധിത’ മേഖലകൾ, നിയന്ത്രണങ്ങളോടെ അനുമതിയുള്ളവ, പ്രകൃതിദത്ത കൃഷിയും പരമ്പരാഗത ജീവിതരീതികളും തടസ്സമില്ലാതെ തുടരാവുന്ന ‘അനുവദനീയ’ മേഖലകൾ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. അതിനാൽ കൃഷിക്കാർക്കോ പരമ്പരാഗത കർഷകർക്കോ നിയമം ഭീഷണിയാകുന്നില്ല.

വന്യജീവി സംരക്ഷണം എന്നത് ജനങ്ങളുടെ ജീവിതം പണയം വെച്ചുകൊണ്ടുള്ള ഒന്നാകരുത് എന്നതും, വികസനം എന്നത് കാടിന്റെ നാശമാകരുത് എന്നതുമാണ് ഈ തർക്കത്തിലെ കാതലായ പോയിന്റ്. ഗ്രാമീണർക്ക് പങ്കാളിത്തമുള്ള കമ്മ്യൂണിറ്റി ടൂറിസം, നാടൻ കരകൗശല വിപണനം, നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകൽ എന്നിവയിലൂടെ മനുഷ്യരെ കൂടി സംരക്ഷണ ഉദ്യമങ്ങളുടെ ഭാഗമാക്കുകയാണ് വേണ്ടത്. കാടിന്റെ ഉത്പന്നങ്ങളും സ്വാഭാവിക പ്രകൃതിയും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ കാസിരംഗയുടെ ജൈവവ്യവസ്ഥ നിലനിൽക്കൂ.

കാസിരംഗയിലെ കാണ്ടാമൃഗങ്ങൾ ഇന്ത്യയുടെ വന്യജീവി സംരക്ഷണ വിജയത്തിന്റെ ചിഹ്നങ്ങളാണ്.. എന്നാൽ അവയുടെ ഭാവി പാർക്കിന്റെ അതിർത്തിക്കുള്ളിലെ ചെറിയ ഭൂപ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മൃഗങ്ങൾക്ക് ബോർഡ് വായിച്ച് അതിർത്തി മനസ്സിലാക്കാൻ കഴിയില്ലെന്ന ലളിതമായ സത്യം ഭരണകൂടവും പരിസ്ഥിതി സ്നേഹികളും ഒരുപോലെ തിരിച്ചറിയണം. കിലോമീറ്ററുകൾ അളന്ന് തിട്ടപ്പെടുത്തുന്ന ഭരണഘടനാ അതിർത്തികൾക്കപ്പുറം, പ്രകൃതിയുടെ ജീവസ്സുറ്റ ഇടനാഴികളെയും അതിലെ മനുഷ്യരെയും എങ്ങനെ ചേർത്തുപിടിക്കുന്നു എന്നതിലായിരിക്കും കാസിരംഗയുടെ യഥാർത്ഥ ഭാവി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.