...
Home News വെള്ളത്തിന് മുകളിൽ പണിത നഗരം; നൂറ്റാണ്ടുകളായി താങ്ങായി നിൽക്കുന്നത് മരത്തൂണുകൾ; വെനീസിന്റെ വിസ്മയകരമായ നിർമാണരഹസ്യം

വെള്ളത്തിന് മുകളിൽ പണിത നഗരം; നൂറ്റാണ്ടുകളായി താങ്ങായി നിൽക്കുന്നത് മരത്തൂണുകൾ; വെനീസിന്റെ വിസ്മയകരമായ നിർമാണരഹസ്യം

ആധുനിക നിർമാണ സാങ്കേതികവിദ്യകളൊന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യർ കണ്ടെത്തിയ ഈ നിർമാണരീതി ഇന്നും എൻജിനീയറിങ് ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

32

കരയിൽ കെട്ടിടങ്ങളും നഗരങ്ങളും ഉയരുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ വെള്ളവും ചതുപ്പുനിലങ്ങളും നിറഞ്ഞ പ്രദേശത്ത് മരത്തൂണുകളുടെ ബലത്തിൽ ഒരു നഗരം തന്നെ പടുത്തുയർത്തിയാലോ? അത്തരമൊരു അത്ഭുതമാണ് വടക്കുകിഴക്കൻ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് നഗരം. നൂറിലധികം ചെറുദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നഗരം നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന നിർമാണവൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ്.

അഡ്രിയാറ്റിക് കടലിനോട് ചേർന്നുള്ള ചതുപ്പുനിലങ്ങൾ ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷിതമായ ഇടമായാണ് ആദ്യകാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ വെള്ളവും ചെളിയും നിറഞ്ഞ മണ്ണിൽ കെട്ടിടങ്ങൾ എങ്ങനെ നിർമിക്കുമെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായാണ് അക്കാലത്തെ നിർമാതാക്കൾ പതിനായിരക്കണക്കിന് മരത്തൂണുകൾ മണ്ണിനടിയിലേക്ക് ആഴത്തിൽ സ്ഥാപിച്ചത്. ഇവയ്ക്കുമുകളിൽ മരപ്പലകകൾ വിരിച്ച് ഉറച്ച അടിത്തറ ഒരുക്കിയശേഷമാണ് കെട്ടിടങ്ങൾ നിർമിച്ചത്.

മരത്തൂണുകളിൽ തീർത്ത അടിത്തറ

ആൽഡർ, ഓക്ക്, ലാർച്ച്, പൈൻ, എൽമ് തുടങ്ങിയ മരങ്ങളാണ് നിർമാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. മരത്തൂണുകൾ ചെളിനിറഞ്ഞ മണ്ണിലേക്ക് ഉറപ്പിച്ചിറക്കാൻ തൊഴിലാളികൾ കൈകൊണ്ട് അടിച്ചുകയറ്റുകയായിരുന്നു. ‘ബാട്ടിപള്ളി’ എന്നറിയപ്പെട്ടിരുന്ന തൊഴിലാളികൾ ഈ ജോലിക്കിടെ പാട്ടുകൾ പാടിയിരുന്നതായും ചരിത്രവിവരണങ്ങളിലുണ്ട്.

വെനീസിലെ പ്രശസ്തമായ റിയാൽട്ടോ പാലത്തിന്റെ അടിത്തറയിൽ മാത്രം ഏകദേശം 14,000 മരത്തൂണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. സാൻ മാർക്കോ ബസിലിക്കയുടെ അടിത്തറയ്ക്കടിയിൽ ഏകദേശം 10,000 ഓക്ക് മരത്തൂണുകളുണ്ടെന്നും പറയപ്പെടുന്നു. മരത്തൂണുകൾക്കുമുകളിൽ കട്ടിയുള്ള മരപ്പലകകൾ വിരിച്ചാണ് കൂറ്റൻ കെട്ടിടങ്ങൾക്കും കൊട്ടാരങ്ങൾക്കും അടിത്തറ ഒരുക്കിയത്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മരങ്ങൾ നശിക്കാത്തതെന്തുകൊണ്ട്?

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മരങ്ങൾ സാധാരണയായി കാലക്രമേണ അഴുകിപ്പോകും. എന്നാൽ വെനീസിന്റെ അടിത്തറയിലെ മരത്തൂണുകൾ നൂറ്റാണ്ടുകളായി നിലനിൽക്കുന്നതിന് പ്രധാന കാരണം അവയുടെ പ്രത്യേകമായ സാഹചര്യമാണ്. ചെളിയിലും വെള്ളത്തിലും പൂർണമായി മുങ്ങിക്കിടക്കുന്നതിനാൽ ഓക്സിജന്റെ ലഭ്യത വളരെ കുറവാണ്. മരം അഴുകാൻ കാരണമാകുന്ന പല ഫംഗസുകൾക്കും സൂക്ഷ്മാണുക്കൾക്കും ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല.

കൂടാതെ, വെള്ളത്തിലെ ധാതുക്കൾ കാലക്രമേണ മരത്തിന്റെ ഘടനയിൽ അടിഞ്ഞുകൂടി അതിനെ കൂടുതൽ ഉറപ്പുള്ളതാക്കാനും സഹായിക്കുന്നുവെന്നാണ് വിശദീകരണം.

ആധുനിക നിർമാണ സാങ്കേതികവിദ്യകളൊന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യർ കണ്ടെത്തിയ ഈ നിർമാണരീതി ഇന്നും എൻജിനീയറിങ് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. അതേസമയം, സമുദ്രനിരപ്പ് ഉയരുന്നതും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും വെനീസിന്റെ നിലനിൽപ്പിന് പുതിയ വെല്ലുവിളികളുയർത്തുന്നുണ്ട്. വെള്ളത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന ഈ ചരിത്രനഗരത്തിന്റെ അടിത്തറയിലെ മരത്തൂണുകളാണ് ഇന്നും അതിന്റെ നിലനിൽപ്പിന്റെ പ്രധാന രഹസ്യങ്ങളിലൊന്ന്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.