മുഖ്യമന്ത്രി വി.ഡി. സതീശനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം കോൺഗ്രസ് ഹൈക്കമാൻഡ് തലത്തിൽ സജീവമാകുന്നതായി റിപ്പോർട്ടുകൾ. മന്ത്രിമാരെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയാണ് സതീശനെതിരായ അതൃപ്തിക്ക് ആക്കം കൂട്ടുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിൽ കടുത്ത വിയോജിപ്പുണ്ടെന്നാണ് സൂചന.
വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അറിയിച്ചില്ലെന്ന പരാതിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്. എക്സൈസ്, ആരോഗ്യ വകുപ്പുകളിലും മന്ത്രിമാരെ മറികടന്ന് തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമുണ്ട്. ജിഎൻഎ കരാർ റദ്ദാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരാമർശവും സർക്കാരിനുള്ളിലെ ഭിന്നത പുറത്തുകൊണ്ടുവന്നു.
ഭരണത്തിൽ കൂട്ടുത്തരവാദിത്വം ഉറപ്പാക്കണമെന്ന ആവശ്യം യു.ഡി.എഫിനുള്ളിൽ ശക്തമാകുന്നതിനിടെ, മുന്നണി യോഗങ്ങൾ ചേരാത്തതിനെക്കുറിച്ച് കൺവീനർ അടൂർ പ്രകാശും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പദവികൾ നൽകാത്തതിലും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിലും പ്രതിഷേധത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ മാറ്റി കെ.സി. വേണുഗോപാലിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ചർച്ചയാകുന്നത്. പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. രമേശ് ചെന്നിത്തലയെ സമവായ സ്ഥാനാർഥിയായി പരിഗണിക്കാമെന്ന അഭിപ്രായവും തള്ളിക്കളയാനാവില്ല.
എന്നാൽ സതീശനെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാഹുൽ ഗാന്ധിയുടെ നിലപാട് അനുകൂലമാണെന്നും പ്രിയങ്ക ഗാന്ധിയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്നും ചില കോൺഗ്രസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. പ്രിയങ്കയുടെ നിലപാട് കൂടി നിർണായകമായേക്കും. ഭരണത്തിനുള്ളിലെ അസ്വാരസ്യങ്ങൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലിയുള്ള ചർച്ചകളും കോൺഗ്രസിൽ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുകയാണ്.


