...
Home Uncategorized പത്ത് വർഷത്തിനുള്ളിൽ കാൻസറും അൽഷിമേഴ്‌സും പഴങ്കഥയാകുമോ? AI പ്രവചനത്തിൽ സംശയവുമായി ശാസ്ത്രലോകം

പത്ത് വർഷത്തിനുള്ളിൽ കാൻസറും അൽഷിമേഴ്‌സും പഴങ്കഥയാകുമോ? AI പ്രവചനത്തിൽ സംശയവുമായി ശാസ്ത്രലോകം

ജൈവ ഗവേഷണം, മരുന്നുകളുടെ വികസനം, മെഡിക്കൽ സാങ്കേതികവിദ്യ എന്നിവയുടെ വേഗം വർധിപ്പിക്കാൻ എഐക്ക് കഴിയുമെന്നാണ് അമോഡിയുടെ വിലയിരുത്തൽ.

20

കാൻസർ, അൽഷിമേഴ്‌സ്, ഹൃദ്രോഗം, മാനസികരോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ പരിഹാരം കണ്ടെത്താൻ കൃത്രിമബുദ്ധിക്ക് (AI) കഴിയുമെന്ന പ്രവചനവുമായി ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി. എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളോട് വിയോജിച്ച് ഫാർമസ്യൂട്ടിക്കൽ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും രംഗത്തെത്തിയതോടെ വിഷയം ചർച്ചയാകുകയാണ്.

ജൈവ ഗവേഷണം, മരുന്നുകളുടെ വികസനം, മെഡിക്കൽ സാങ്കേതികവിദ്യ എന്നിവയുടെ വേഗം വർധിപ്പിക്കാൻ എഐക്ക് കഴിയുമെന്നാണ് അമോഡിയുടെ വിലയിരുത്തൽ. ശരിയായ ദിശയിൽ പ്രവർത്തിച്ചാൽ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരാശിയെ അലട്ടുന്ന രോഗങ്ങൾക്കുപോലും പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗൂഗിളിന്റെ എഐ വിഭാഗം മേധാവി ഡെമിസ് ഹസാബിസും എലോൺ മസ്‌കും സമാനമായ ശുഭാപ്തിവിശ്വാസം പങ്കുവച്ചിട്ടുണ്ട്. മരുന്ന് വികസനത്തിന് ആവശ്യമായ സമയം പത്ത് വർഷത്തിൽനിന്ന് ഏതാനും ആഴ്ചകളായി കുറയ്ക്കാൻ എഐക്ക് കഴിയുമെന്നാണ് ഹസാബിസിന്റെ വിലയിരുത്തൽ. 20 കോടിയിലധികം പ്രോട്ടീനുകളുടെ ഘടന പ്രവചിച്ച ആൽഫാഫോൾഡ് സംവിധാനത്തിന്റെ നേട്ടവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ശാസ്ത്രീയ മുന്നേറ്റം മാത്രം കാൻസർ പോലുള്ള സങ്കീർണ രോഗങ്ങൾക്ക് പത്ത് വർഷത്തിനുള്ളിൽ മരുന്ന് കണ്ടെത്താനാകുമെന്നതിന് തെളിവല്ലെന്നാണ് വിദഗ്ധരുടെ നിലപാട്.

മരുന്ന് നിർമാണ രംഗത്തും ഇത്തരം പ്രവചനങ്ങളിൽ സംശയമുണ്ട്. വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ജെഫ് ലൈഡൻ എഐയുടെ സാധ്യതകളെക്കുറിച്ചുള്ള അമിതപ്രതീക്ഷകളെ വിമർശിച്ചു. ഏകദേശം 10,000 മരുന്ന് സംയുക്തങ്ങൾ പരിശോധിക്കുന്നതിനുള്ള സാങ്കേതികവിദ്യ 50 എഐ കമ്പനികൾ പരീക്ഷിച്ചിട്ടും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു മരുന്ന് വികസിപ്പിക്കാൻ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കമ്പ്യൂട്ടർ മാതൃകയിൽ ഫലപ്രദമെന്ന് തോന്നുന്ന ഒരു മരുന്ന് തന്മാത്ര കണ്ടെത്തുന്നത് ഗവേഷണത്തിന്റെ ആദ്യഘട്ടം മാത്രമാണ്. തുടർന്ന് ലബോറട്ടറി പരിശോധനകൾ, മൃഗങ്ങളിലെ പരീക്ഷണങ്ങൾ, മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കിയ ശേഷമേ നിയന്ത്രണ ഏജൻസികളുടെ അംഗീകാരം ലഭിക്കൂ. സാധാരണയായി ഒരു പുതിയ മരുന്ന് വികസിപ്പിക്കാൻ 10 മുതൽ 12 വർഷം വരെ വേണ്ടിവരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ രോഗചികിത്സയിൽ എഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെങ്കിലും ഗുരുതര രോഗങ്ങളെല്ലാം ഒരു ദശാബ്ദത്തിനുള്ളിൽ ഇല്ലാതാകുമെന്ന പ്രവചനം ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.