...
Home News National ‘പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ച് സൂപ്പർ പ്രധാനമന്ത്രിയായി’; സോണിയ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി

‘പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ച് സൂപ്പർ പ്രധാനമന്ത്രിയായി’; സോണിയ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി

പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നത് മൻമോഹൻ സിങ്ങിന്റെ യോഗ്യതയിലുള്ള വിശ്വാസം കാരണമാണെന്നാണ് സോണിയയുടെ നിലപാട്

273

ന്യൂഡൽഹി: ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി പദം നിരസിച്ച സോണിയ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ച സോണിയ ഗാന്ധി പിന്നീട് ‘സൂപ്പർ പ്രധാനമന്ത്രിയായി’ മാറുകയായിരുന്നുവെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി വിമർശിച്ചു. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട സോണിയയുടെ നിലപാടിനെ ത്രിവേദി പരിഹസിച്ചു. ‘പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് സൂപ്പർ പ്രധാനമന്ത്രിയായത് എന്തൊരു മഹത്തായ ത്യാഗമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി പദം ഉപേക്ഷിച്ച ശേഷം കാബിനറ്റ് പദവിക്ക് തുല്യമായ മറ്റൊരു സ്ഥാനം ഏറ്റെടുത്തതിനെ ത്യാഗമായി വിശേഷിപ്പിക്കാനാകില്ലെന്നും ത്രിവേദി ആരോപിച്ചു. ദേശീയ ഉപദേശക സമിതി (എൻഎസി) അധ്യക്ഷ സ്ഥാനം കാബിനറ്റ് പദവിയുള്ളതും ലാഭകരമായ പദവിയുടെ പരിധിയിൽ വരുന്നതുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

എൻഎസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഓഫീസ് ഓഫ് പ്രോഫിറ്റ് വിവാദം ഉയർന്നതിനെത്തുടർന്ന് സോണിയ ഗാന്ധിക്ക് സ്ഥാനം രാജിവെക്കേണ്ടിവന്നുവെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനായി മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ചട്ടങ്ങളിൽ മാറ്റം വരുത്തി എൻഎസി അധ്യക്ഷ പദവിയെ ലാഭകരമായ പദവികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം അദ്ദേഹത്തിന്റെ യോഗ്യതയും വ്യക്തിശുദ്ധിയുമാണെന്നാണ് സോണിയ ഗാന്ധി പുസ്തകത്തിൽ വിശദീകരിക്കുന്നത്. പ്രധാനമന്ത്രി പദത്തിന് യോഗ്യരും പരിചയസമ്പന്നരുമായ നിരവധി മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ടായിരുന്നെങ്കിലും അവരിൽനിന്ന് മൻമോഹൻ സിങ്ങിനെയാണ് താൻ പരിഗണിച്ചതെന്ന് സോണിയ പറയുന്നു.

പണ്ഡിതനും സാങ്കേതിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിന് ഭരണത്തിലും സാമ്പത്തിക നയരൂപീകരണത്തിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വ്യക്തിശുദ്ധി ചോദ്യം ചെയ്യാനാകാത്തതാണെന്നും സോണിയ പുസ്തകത്തിൽ കുറിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമായ കരങ്ങളിലായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

സോണിയയുടെ ഈ വിശദീകരണങ്ങളെ ബിജെപി നേരത്തെയും ചോദ്യം ചെയ്തിരുന്നു. വിദേശ വനിതയായ സോണിയ ഗാന്ധിയെ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നത് മൻമോഹൻ സിങ്ങിന്റെ യോഗ്യതയിലുള്ള വിശ്വാസം കാരണമാണെന്നാണ് സോണിയയുടെ നിലപാട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.