Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ജർമ്മൻ ചാരന്മാർ’ക്ക് വിപുലമായ പുതിയ അധികാരങ്ങൾ ലഭിച്ചു | Nalamidam
14 November 2026
Home News International ‘ജർമ്മൻ ചാരന്മാർ’ക്ക് വിപുലമായ പുതിയ അധികാരങ്ങൾ ലഭിച്ചു

‘ജർമ്മൻ ചാരന്മാർ’ക്ക് വിപുലമായ പുതിയ അധികാരങ്ങൾ ലഭിച്ചു

ഫെഡറൽ ഓഫീസ് ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ (BfV) എന്നിവയുടെ പ്രവർത്തനപരിധിയാണ് പുതിയ നിയമത്തിലൂടെ വിപുലീകരിക്കുന്നത്

26

ബെർലിൻ: സൈബർ ആക്രമണങ്ങളും വിദേശ രാജ്യങ്ങളുടെ ചാരപ്രവർത്തനങ്ങളും ചെറുക്കുന്നതിനായി രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതിക്ക് ജർമൻ പാർലമെന്റിന്റെ അംഗീകാരം. ശത്രുരാജ്യങ്ങളുടെ സൈബർ സംവിധാനങ്ങളിൽ കടന്നുകയറാനും ഭീഷണിയുയർത്തുന്ന സെർവറുകൾ തടസ്സപ്പെടുത്താനും പ്രത്യേക സാഹചര്യങ്ങളിൽ പുതിയ നിയമം ഏജൻസികൾക്ക് അനുമതി നൽകുന്നു.

വെള്ളിയാഴ്ച ചേർന്ന ബുണ്ടെസ്റ്റാഗിൽ 308 പേർ നിയമഭേദഗതിയെ അനുകൂലിച്ചപ്പോൾ 190 പേർ എതിർത്തു. 71 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും നിയമത്തെ പിന്തുണച്ചു. തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (AfD), ഇടതുപക്ഷ പാർട്ടിയായ ഡൈ ലിങ്കെ എന്നിവർ എതിർപ്പ് രേഖപ്പെടുത്തി.

ജർമനിയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ബുണ്ടസ്നാക്രിക്റ്റെൻഡിയൻസ്റ്റ് (BND), ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ഓഫീസ് ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ (BfV) എന്നിവയുടെ പ്രവർത്തനപരിധിയാണ് പുതിയ നിയമത്തിലൂടെ വിപുലീകരിക്കുന്നത്.

‘നൂറ്റാണ്ടിലെ പരിഷ്കരണം’; ഭീകരവാദവും വിദേശ ഭീഷണികളും ലക്ഷ്യം

പുതിയ നിയമഭേദഗതിയെ നൂറ്റാണ്ടിലെ പരിഷ്കരണമെന്നാണ് ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് വിശേഷിപ്പിച്ചത്. ഭീകരവാദം, വിദേശ രാജ്യങ്ങളുടെ ശത്രുതാപരമായ ഇടപെടലുകൾ, സൈബർ ആക്രമണങ്ങൾ എന്നിവ നേരിടാൻ കൂടുതൽ ശക്തമായ രഹസ്യാന്വേഷണ സംവിധാനം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ നിയമപ്രകാരം രഹസ്യാന്വേഷണ ഏജൻസികൾക്ക് ഭീഷണികൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞിരുന്നെങ്കിലും അവ തടയുന്നതിനായി നേരിട്ട് ഇടപെടാനുള്ള അധികാരം പരിമിതമായിരുന്നു. ഭീഷണി തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം.

പുതിയ നിയമപ്രകാരം ഗുരുതരമായ സൈബർ ഭീഷണികൾ കണ്ടെത്തിയാൽ അവ തടയുന്നതിനുള്ള സാങ്കേതിക നടപടികൾ സ്വീകരിക്കാൻ BfV-ക്ക് കഴിയും. ആക്രമണകാരികൾ ഉപയോഗിക്കുന്ന സെർവറുകളിൽ നിന്ന് മോഷ്ടിച്ച വിവരങ്ങൾ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ നേരിടാൻ BND-ക്കും കൂടുതൽ പ്രവർത്തനാധികാരം ലഭിക്കും. വിദേശ രാജ്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർമാർ ഉപയോഗിക്കുന്ന സെർവറുകൾ തടസ്സപ്പെടുത്താനും പുതിയ നിയമം അനുമതി നൽകുന്നു.

റഷ്യയുടെ ഡ്രോൺ നീക്കവും സുരക്ഷാ ആശങ്കകളും

ജർമനിയുടെ പുതിയ നിയമനീക്കത്തിന് പിന്നിൽ റഷ്യയുമായുള്ള സംഘർഷങ്ങളും പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഓഗസ്റ്റിൽ ലീപ്സിഗ്-ഹാലെ വിമാനത്താവളത്തിൽ ഉക്രേനിയൻ കമ്പനിയായ അന്റോനോവ് എയർലൈൻസിന്റെ കാർഗോ വിമാനത്തിന് സമീപം സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തിയ സംഭവമാണ് സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചത്.

ജർമനിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രത്തെ ലക്ഷ്യമിട്ട് റഷ്യ ആക്രമണത്തിന് ശ്രമിച്ചുവെന്നാണ് ബെർലിൻ ആരോപിച്ചത്. വിമാനത്താവളത്തിൽ കണ്ടെത്തിയ ഡ്രോണിന്റെ സാങ്കേതികവിദ്യ റഷ്യയുടേതുമായി പൊരുത്തപ്പെടുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നും ആഭ്യന്തര മന്ത്രി ഡോബ്രിന്റ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. സംഭവത്തിന് പിന്നാലെ ബോണിലെ റഷ്യൻ കോൺസുലേറ്റ് ജനറലും ബെർലിനിലെ റഷ്യൻ ഹൗസും അടച്ചുപൂട്ടാൻ ജർമനി തീരുമാനിച്ചു. ഇതിന് മറുപടിയായി സെന്റ് പീറ്റേഴ്‌സ്ബർഗിലെ ജർമൻ കോൺസുലേറ്റും ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടും അടച്ചുപൂട്ടാൻ മോസ്കോയും ഉത്തരവിട്ടു.

റഷ്യൻ ഭീഷണിയും അമേരിക്കയുടെ നിലപാടിലെ അനിശ്ചിതത്വവും

2022ൽ റഷ്യ യുക്രെയ്നെതിരെ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ജർമനിയുടെ സുരക്ഷാ നയത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി കോർബർ ഫൗണ്ടേഷനിലെ പ്രോഗ്രാം ഡയറക്ടർ ഫ്ലോറിയൻ ബിഗെ അൽ ജസീറയോട് പറഞ്ഞു.

റഷ്യയുടെ അട്ടിമറി നീക്കങ്ങൾ, സൈബർ ആക്രമണങ്ങൾ, ഡ്രോൺ പ്രവർത്തനങ്ങൾ എന്നിവയാണ് ജർമനിയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ നിലപാടുകളിലെ അനിശ്ചിതത്വവും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിൽ കുറവുണ്ടാകുമെന്ന ആശങ്കയും ജർമനിയെ സ്വന്തം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുന്നുണ്ട്.

2024 മുതൽ തന്നെ BND കൂടുതൽ പ്രവർത്തനാധികാരങ്ങൾ ആവശ്യപ്പെട്ടുവരികയാണെന്നും മാറുന്ന അന്താരാഷ്ട്ര സാഹചര്യത്തിൽ പുതിയ നിയമം അനിവാര്യമായിരുന്നുവെന്നും ബിഗെ വിശദീകരിച്ചു.

യൂറോപ്യൻ രാജ്യങ്ങളിലെ സമാന ഏജൻസികൾക്ക് ലഭ്യമായ അധികാരങ്ങൾ ജർമൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും ഉറപ്പാക്കുകയാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്.

രഹസ്യ പോലീസ് സംവിധാനം തിരിച്ചുവരുമോ?

നിയമഭേദഗതിക്കെതിരെ പാർലമെന്റിൽ ശക്തമായ വിമർശനവും ഉയർന്നു. പ്രത്യേകിച്ച് ഡൈ ലിങ്കെ സ്വകാര്യതയ്ക്കും പൗരാവകാശങ്ങൾക്കും ഭീഷണിയാകുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടെന്ന് ആരോപിച്ചു.

രഹസ്യാന്വേഷണ പ്രവർത്തനങ്ങളും പൊലീസ് നടപടികളും തമ്മിലുള്ള പരമ്പരാഗത വേർതിരിവ് ഇല്ലാതാക്കാൻ പുതിയ നിയമം കാരണമാകുമെന്നാണ് പാർട്ടിയുടെ ആശങ്ക.

വിപുലമായ നിരീക്ഷണത്തിനുള്ള വ്യവസ്ഥകൾ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാ അവകാശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

1950 മുതൽ 1990 വരെ കിഴക്കൻ ജർമനിയിൽ പ്രവർത്തിച്ചിരുന്ന രഹസ്യപോലീസ് സംവിധാനമായ സ്റ്റാസിയുടെ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ പുതിയ അധികാരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഡൈ ലിങ്കെ മുന്നറിയിപ്പ് നൽകി.

നിയമനിർമാണത്തിനെതിരെ പൗരാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങൾക്കെതിരെ കൂടുതൽ ഇടപെടൽ അധികാരം നൽകുമ്പോൾ അതിന്റെ പരിധിയും നിയന്ത്രണങ്ങളും സംബന്ധിച്ച് വിപുലമായ പൊതുചർച്ച ആവശ്യമാണെന്നാണ് വിമർശകരുടെ നിലപാട്.

ഡിസംബർ 31 മുതൽ വ്യവസ്ഥകൾ പ്രാബല്യത്തിൽ

യൂറോപ്യൻ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് സമാനമായ പ്രവർത്തനശേഷി ജർമൻ ഏജൻസികൾക്കും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് വ്യക്തമാക്കി.

എന്നാൽ പുതിയ അധികാരങ്ങൾ നയതന്ത്രപരമായ ഇടപെടലുകൾക്കായിരിക്കണമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷയെന്ന് ഫ്ലോറിയൻ ബിഗെ അഭിപ്രായപ്പെട്ടു.

നിയമനിർമാണ നടപടികൾ പൂർത്തിയാകുന്നതോടെ പ്രധാന വ്യവസ്ഥകൾ ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരും. സൈബർ സുരക്ഷയും വിദേശ ചാരപ്രവർത്തനങ്ങളും നേരിടാൻ ജർമനി സ്വീകരിക്കുന്ന പുതിയ നീക്കം രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.