തിരുവനന്തപുരം: സംഘപരിവാർ അനുകൂല അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്ന് സൂചന. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. പരീക്ഷകൾ റദ്ദാക്കിയതോടെ വിവാദത്തിന് വിരാമമായെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഷയം കൂടുതൽ വിവാദമാകാതെ അവസാനിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഈ സർക്കാർ ഭരിക്കുന്നത് സംഘപരിവാർ ആണെന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും തുടർന്നുള്ള സ്കോളർഷിപ്പ് നടപടികളും റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതോടെ വിഷയത്തിൽ തുടർനടപടികളുടെ ആവശ്യമില്ലെന്ന നിലപാടിലാണ് വകുപ്പ്. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ മുൻകാലങ്ങളിലും സ്കോളർഷിപ്പുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം പരിപാടികൾക്ക് അനുമതി നൽകാറുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ദേശീയ അധ്യാപക പരിഷത്താണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ‘യങ് സ്കോളർ എക്സാം’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളും രാഷ്ട്രീയ വിവാദങ്ങളും ശക്തമായതോടെയാണ് പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്.
വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പരീക്ഷ റദ്ദാക്കിയതോടെ വിഷയം അവസാനിച്ചെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്നതെന്നാണ് സൂചന.


