ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം രാജ്യത്ത് വർധിച്ചുവരുന്നതിനിടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് രീതികൾ വ്യാപകമാകുന്നു. വ്യാജ റീഫണ്ട് സന്ദേശങ്ങൾ, റിവാർഡ് പോയിന്റുകൾ ലഭിക്കുമെന്ന വാഗ്ദാനങ്ങൾ, ക്രെഡിറ്റ് പരിധി വർധിപ്പിക്കാനുള്ള ഓഫറുകൾ, ബ്ലോക്ക് ചെയ്ത കാർഡ് വീണ്ടും സജീവമാക്കാമെന്ന അറിയിപ്പുകൾ തുടങ്ങിയ തന്ത്രങ്ങളാണ് സൈബർ തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എസ്ബിഐ കാർഡ് മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ ഇടപാടുകൾ കൂടുന്നു; സൈബർ ഭീഷണികളും
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് മേഖല അതിവേഗം വളരുന്ന സാഹചര്യത്തിലാണ് എസ്ബിഐ കാർഡിന്റെ മുന്നറിയിപ്പ്. PwC പുറത്തിറക്കിയ ഇന്ത്യൻ പേയ്മെന്റ്സ് ഹാൻഡ്ബുക്ക് 2025-2030 റിപ്പോർട്ട് പ്രകാരം, 2030 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 617 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷ. ഇടപാടുകളുടെ ആകെ മൂല്യം 907 ലക്ഷം കോടി രൂപയായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതോടൊപ്പം രാജ്യത്തെ സജീവ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ഏകദേശം 210 ദശലക്ഷമായി വർധിക്കുമെന്നും കണക്കാക്കുന്നു. ഡിജിറ്റൽ ഇടപാടുകളുടെ വ്യാപ്തി വർധിക്കുന്നതിനനുസരിച്ച് സൈബർ കുറ്റവാളികളും പുതിയ തട്ടിപ്പ് മാർഗങ്ങൾ കണ്ടെത്തുകയാണ്.
വ്യാജ ഓഫറുകളിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നു
ബാങ്ക് ഉദ്യോഗസ്ഥർ, കസ്റ്റമർ കെയർ പ്രതിനിധികൾ, സാമ്പത്തിക ഉപദേഷ്ടാക്കൾ തുടങ്ങിയവരുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പലപ്പോഴും ഉപഭോക്താക്കളെ സമീപിക്കുന്നത്. ക്രെഡിറ്റ് കാർഡ് അപ്ഗ്രേഡ്, ക്രെഡിറ്റ് ലിമിറ്റ് വർധന, റിവാർഡ് പോയിന്റുകൾ വീണ്ടെടുക്കൽ തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ വിശ്വാസം നേടുന്നത്.
ചില സന്ദർഭങ്ങളിൽ കാർഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഉടൻ പുനഃസജീവമാക്കിയില്ലെങ്കിൽ സേവനം നഷ്ടപ്പെടുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ അയക്കുന്ന വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ കാർഡ് നമ്പർ, സിവിവി, പാസ്വേഡ്, ഒടിപി തുടങ്ങിയ രഹസ്യവിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കാം. വ്യാജ റീഫണ്ട് സന്ദേശങ്ങളും മറ്റൊരു പ്രധാന തട്ടിപ്പ് രീതിയാണ്. അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കുമെന്ന വ്യാജേന ഉപഭോക്താക്കളെക്കൊണ്ട് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയോ ഇടപാടുകൾ നടത്തിക്കുകയോ ചെയ്യുന്നു.
റീഫണ്ടുകളുടെയും പേയ്മെന്റുകളുടെയും വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി മാത്രം പരിശോധിക്കണമെന്നാണ് എസ്ബിഐ കാർഡിന്റെ നിർദേശം.
ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന: സലീല പാണ്ഡെ
വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് പ്രതികരിച്ച എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ സലീല പാണ്ഡെ, ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവും സംരക്ഷിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിൽ ആധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം ഉപഭോക്താക്കളുടെ അവബോധവും നിർണായകമാണ്. ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തണമെന്നും വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അവർ ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എസ്ബിഐ കാർഡ് നിർദേശിക്കുന്നു.
- വാട്ട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
- അപരിചിതരുടെ നിർദേശപ്രകാരം മൊബൈൽ ഫോൺ സ്ക്രീൻ പങ്കിടുകയോ റിമോട്ട് ആക്സസ് നൽകുകയോ ചെയ്യരുത്.
- ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുന്നവരോടുപോലും ഒടിപി, പിൻ, സിവിവി, പാസ്വേഡ് തുടങ്ങിയ രഹസ്യവിവരങ്ങൾ കൈമാറരുത്.
- എല്ലാ ഇടപാടുകൾക്കുമുള്ള അലേർട്ടുകൾ സജീവമാക്കി വയ്ക്കുക.
- ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
- സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുകയും ബാങ്കിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതി നൽകുകയും ചെയ്യുക. ദേശീയ സൈബർ ക്രൈം പോർട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം.
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാകുമ്പോൾ തന്നെ സുരക്ഷാ ഭീഷണികളും വർധിക്കുകയാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകാം. അതിനാൽ ആകർഷകമായ ഓഫറുകളിലും അടിയന്തര നടപടികൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളിലും വീഴാതെ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുകയാണ് സുരക്ഷിതമായ വഴി.


