സിനിമയിൽ സൂപ്പർതാരമായി തിളങ്ങിനിന്ന കാലത്തുതന്നെ വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് കോൺഗ്രസ് ആഗ്രഹിച്ചിരുന്നു. അതിനായി തമിഴ്നാട്ടിലെ പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവി വരെ അദ്ദേഹത്തിന് മുന്നിൽ വെക്കാൻ തയ്യാറായിരുന്നുവെന്നാണ് മുൻ തമിഴ്നാട് പി.സി.സി അധ്യക്ഷൻ കെ.വി. തങ്കബാലുവിന്റെ വെളിപ്പെടുത്തൽ. 2009ൽ വിജയ്ക്ക് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
അന്നത്തെ കൂടിക്കാഴ്ച നടന്നത് ഡൽഹിയിൽ. പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനൊപ്പമെത്തിയ വിജയ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനമായിരുന്നു പ്രധാന ചർച്ചാവിഷയം. സോണിയ ഗാന്ധി ദേശീയ അധ്യക്ഷയായിരുന്ന ആ കാലത്ത്, താരത്തിന്റെ ജനപ്രീതി തമിഴ്നാട്ടിൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
വിജയ് കോൺഗ്രസിൽ ചേരാൻ തയ്യാറായാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം നൽകാമെന്നായിരുന്നു ആദ്യ നിർദേശം. ദേശീയ രാഷ്ട്രീയത്തിൽ അവസരം ഒരുക്കാൻ രാജ്യസഭാ അംഗത്വവും പരിഗണിച്ചിരുന്നു. എന്നാൽ അതിനുമപ്പുറം, വിജയ് പാർട്ടിയിലെത്തുകയാണെങ്കിൽ താൻ വഹിച്ചിരുന്ന തമിഴ്നാട് കോൺഗ്രസ് അധ്യക്ഷസ്ഥാനം പോലും അദ്ദേഹത്തിനായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായിരുന്നുവെന്നാണ് തങ്കബാലു ഇപ്പോൾ പറയുന്നത്. വിജയ്യുടെ താരമൂല്യത്തിൽ കോൺഗ്രസ് അത്രത്തോളം പ്രതീക്ഷ അർപ്പിച്ചിരുന്നുവെന്നതിന്റെ സൂചനയാണിത്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്.എ. ചന്ദ്രശേഖർ തന്റെ വീട്ടിലെത്തിയിരുന്നതായും തങ്കബാലു ഓർത്തെടുത്തു. അന്ന് വിജയ്ക്കും കോൺഗ്രസിൽ ചേരാൻ താൽപര്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങളും ചില പ്രായോഗിക കാരണങ്ങളും കാരണം നീക്കം യാഥാർഥ്യമായില്ല. ആ കൂടിക്കാഴ്ചയിൽ നിന്ന് വർഷങ്ങൾ പിന്നിടുമ്പോൾ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തമിഴ്നാട്ടിൽ സജീവമാകുകയാണ്.
കോൺഗ്രസിനുള്ളിലെ പുതിയ തർക്കങ്ങൾക്കിടയിലാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. വിജയ്യെ കോൺഗ്രസിലെത്തുന്നതിൽ നിന്ന് ചില നേതാക്കൾ തടഞ്ഞുവെന്ന മാണിക്കം ടാഗോറിന്റെ ആരോപണത്തെ തങ്കബാലു തള്ളിക്കളഞ്ഞു. ആരും വിജയ്യുടെ വരവ് തടഞ്ഞിട്ടില്ലെന്നും മറിച്ച് ഉയർന്ന പദവികൾ നൽകി സ്വീകരിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പഴയ ഓർമകൾ പങ്കുവെച്ചതിൽ ഒതുങ്ങുന്നില്ല തങ്കബാലുവിന്റെ നിലപാട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യവും അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ദീർഘകാലമായി തുടരുന്ന ഡി.എം.കെ സഖ്യത്തിൽ മാത്രം ആശ്രയിക്കുന്നത് കോൺഗ്രസിന്റെ വളർച്ചയ്ക്ക് തടസ്സമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും തങ്കബാലു പറയുന്നു. ഡി.എം.കെ മുന്നണിയിൽ തുടരുന്നതിനുപകരം വിജയ്യുടെ പാർട്ടിയുമായി കൈകോർക്കുന്നത് തമിഴ്നാട്ടിൽ കോൺഗ്രസിന് പുതിയ രാഷ്ട്രീയ സാധ്യതകൾ തുറക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഒരുകാലത്ത് കോൺഗ്രസിന്റെ ഭാഗമാകുമെന്ന് കരുതപ്പെട്ടിരുന്ന വിജയ് ഇന്ന് സ്വന്തം പാർട്ടിയുമായി അധികാരം ലക്ഷ്യമിടുമ്പോൾ, അദ്ദേഹവുമായി സഖ്യമുണ്ടാക്കണമെന്ന ചർച്ചയും കോൺഗ്രസിനുള്ളിൽ ഉയരുകയാണ്. 2009ലെ രാഷ്ട്രീയ നീക്കം വിജയിച്ചിരുന്നെങ്കിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യത്തിനൊപ്പം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ്യുടെ ടി.വി.കെ കോൺഗ്രസിന്റെ രാഷ്ട്രീയ പങ്കാളിയാകുമോ എന്നതും ഇപ്പോൾ ശ്രദ്ധേയമാകുന്നു.


