Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
അജിത് പവാറിന്റെ വിമാനാപകടം; വിഎസ്ആർ വെഞ്ച്വേഴ്‌സിനെ ഫഡ്‌നാവിസ് സംരക്ഷിക്കുന്നുവെന്ന് രോഹിത് പവാർ | Nalamidam
17 November 2026
Home News National അജിത് പവാറിന്റെ വിമാനാപകടം; വിഎസ്ആർ വെഞ്ച്വേഴ്‌സിനെ ഫഡ്‌നാവിസ് സംരക്ഷിക്കുന്നുവെന്ന് രോഹിത് പവാർ

അജിത് പവാറിന്റെ വിമാനാപകടം; വിഎസ്ആർ വെഞ്ച്വേഴ്‌സിനെ ഫഡ്‌നാവിസ് സംരക്ഷിക്കുന്നുവെന്ന് രോഹിത് പവാർ

വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സാങ്കേതിക അന്വേഷണം നടത്തിവരികയാണെന്ന് രോഹിത് പവാർ

146

മുംബൈ: മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യോമയാന കമ്പനിയായ വിഎസ്ആർ വെഞ്ച്വേഴ്‌സിനെയും ഉടമ വി.കെ. സിംഗിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംരക്ഷിക്കുകയാണെന്ന് എൻസിപി (ശരദ്ചന്ദ്ര പവാർ) എംഎൽഎ രോഹിത് പവാറിന്റെ ആരോപണം. കമ്പനിയുടെ രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക സ്വാധീനവുമാണ് നടപടികൾക്ക് തടസ്സമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സിഐഡി) നിന്ന് സിബിഐക്ക് കൈമാറണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടു. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

അതേസമയം, ഫഡ്‌നാവിസിനെതിരായ ആരോപണങ്ങൾ ബിജെപി തള്ളി. വിലകുറഞ്ഞ രാഷ്ട്രീയത്തിലൂടെ ശ്രദ്ധ നേടാനാണ് രോഹിത് പവാറിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന മുഖ്യവക്താവ് നവനാഥ് ബാൻ പ്രതികരിച്ചു.

വിഎസ്ആറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

ജനുവരി 28-ന് പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും മറ്റ് നാല് പേരും മരിച്ചത്. വിഎസ്ആർ വെഞ്ച്വേഴ്‌സ് പ്രവർത്തിപ്പിച്ച ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിഎസ്ആർ ഉടമ വി.കെ. സിംഗിനെതിരെയും കമ്പനിക്കെതിരെയും ഉടൻ നടപടി സ്വീകരിക്കണമെന്ന് രോഹിത് പവാർ ആവശ്യപ്പെട്ടു.

“ധൈര്യമുണ്ടെങ്കിൽ വിഎസ്ആറിനും വി.കെ. സിംഗിനുമെതിരെ ഉടൻ നടപടിയെടുക്കണം. അന്വേഷണം സംസ്ഥാന സിഐഡിയിൽനിന്ന് സിബിഐക്ക് കൈമാറുകയും വേണം,” അദ്ദേഹം പറഞ്ഞു.

എന്നാൽ, വിമാനാപകടത്തിന് പിന്നിൽ ഫഡ്‌നാവിസിനോ മറ്റേതെങ്കിലും വ്യക്തിക്കോ പങ്കുണ്ടെന്നോ അട്ടിമറി നടന്നെന്നോ താൻ ആരോപിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം, അന്വേഷണവിധേയരാകേണ്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നാണ് ആരോപണമെന്നും കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ തള്ളി ബിജെപി

രോഹിത് പവാറിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് ബിജെപി സംസ്ഥാന മുഖ്യവക്താവ് നവനാഥ് ബാൻ പറഞ്ഞു.

അന്തരിച്ച അജിത് പവാറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമമാണ് വാർത്താസമ്മേളനമെന്നും അദ്ദേഹം ആരോപിച്ചു.

2013 മുതൽ വിഎസ്ആർ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സർക്കാരുകൾക്കും വിമാനസേവനങ്ങൾ നൽകുന്നുണ്ടെന്ന് ബാൻ ചൂണ്ടിക്കാട്ടി. ഫഡ്‌നാവിസ് മാത്രമല്ല, നിരവധി രാഷ്ട്രീയ നേതാക്കൾ കമ്പനിയുടെ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും വി.കെ. സിംഗിന്റെ മകനുമായും കമ്പനിയിലെ പൈലറ്റുമാരുമായും പല നേതാക്കൾക്കും വ്യക്തിബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയിലെ ജീവനക്കാരുടെയും പൈലറ്റുമാരുടെയും വിവാഹങ്ങളിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നത് അസാധാരണമല്ലെന്നും ഇത്തരം ചിത്രങ്ങൾ മാത്രം അടിസ്ഥാനമാക്കി ആരോപണങ്ങൾ ഉന്നയിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു.

രോഹിത് പവാറിന്റെ ആരോപണങ്ങളിൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വിമാനസേവന കരാറിലെ ടെൻഡറിനെച്ചൊല്ലിയും ആരോപണം

മഹാരാഷ്ട്ര സർക്കാർ വിമാനസേവനങ്ങൾക്കായി തയ്യാറാക്കിയ ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടായെന്ന് രോഹിത് പവാർ ആരോപിച്ചു.

വിമാനക്കമ്പനികൾക്ക് അപകടരഹിതമായ സുരക്ഷാ റെക്കോർഡ് ഉണ്ടായിരിക്കണം, തുടർച്ചയായ അന്വേഷണങ്ങൾ നേരിടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ആദ്യം ടെൻഡർ തയ്യാറാക്കിയിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള മന്ത്രിമാർ സുരക്ഷിതമായ വിമാനങ്ങളിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിലപാടായിരുന്നു അജിത് പവാറിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, പിന്നീട് ടെൻഡർ റദ്ദാക്കുകയും വിഎസ്ആറുമായുള്ള നിലവിലെ കരാർ തുടരുകയും ചെയ്തു. വിമാനസേവനങ്ങളുടെ വലിയൊരു പങ്കും കമ്പനിക്ക് ലഭിച്ചുവെന്നും രോഹിത് പവാർ ആരോപിച്ചു.

“സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന, അപകടരഹിതമായ റെക്കോർഡുള്ള കമ്പനികളെ മാത്രം പരിഗണിക്കുന്ന ടെൻഡറാണ് അജിത് ദാദ ആഗ്രഹിച്ചത്. എന്നാൽ ആ ടെൻഡർ റദ്ദാക്കി പഴയ കമ്പനിയുമായുള്ള കരാർ തുടരുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ആരോപണം

വിഎസ്ആർ ഉടമ വി.കെ. സിംഗിന്റെ മകൻ രോഹിത് സിംഗിന്റെ വിവാഹച്ചടങ്ങിൽ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തതായും രോഹിത് പവാർ ആരോപിച്ചു.

2024 നവംബർ 21, 22 തീയതികളിൽ ജയ്പൂരിലെ ഹോട്ടലിൽ നടന്ന വിവാഹത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്തായിരുന്നു ചടങ്ങെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഏപ്രിൽ 5-ന് ഡൽഹി വിമാനത്താവളത്തിൽ ഫഡ്‌നാവിസും വി.കെ. സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും ഇതിനിടെ സിംഗ് മുഖ്യമന്ത്രിക്ക് ഒരു ഫയൽ കൈമാറിയെന്നും രോഹിത് പവാർ അവകാശപ്പെട്ടു.

ഫയലിൽ എന്തായിരുന്നുവെന്ന് അറിയില്ലെന്നും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ രാഷ്ട്രീയമായും ബിസിനസ് മേഖലയിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നാലും പിന്നോട്ടില്ലെന്നും രോഹിത് പവാർ വ്യക്തമാക്കി.

സാങ്കേതിക അന്വേഷണവും ക്രിമിനൽ അന്വേഷണവും വ്യത്യസ്തം

വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സാങ്കേതിക അന്വേഷണം നടത്തിവരികയാണെന്ന് രോഹിത് പവാർ പറഞ്ഞു. അപകടത്തിൽ ക്രിമിനൽ അശ്രദ്ധയോ മറ്റ് കുറ്റകൃത്യങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് സിഐഡി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറുകൾ, ഇന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ലൈറ്റുകളുടെ പ്രവർത്തനം തുടങ്ങിയവയാണ് എഎഐബി പരിശോധിക്കുന്നത്. എന്നാൽ അപകടത്തിന് പിന്നിൽ കുറ്റകൃത്യമുണ്ടോ എന്ന് കണ്ടെത്തുകയാണ് ക്രിമിനൽ അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

വിഎസ്ആർ പ്രവർത്തിപ്പിക്കുന്ന വിമാനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയിട്ടുണ്ടെന്നും രോഹിത് പവാർ അവകാശപ്പെട്ടു.

ഇത്തരം സാഹചര്യത്തിൽ അജിത് പവാർ യാത്ര ചെയ്തിരുന്ന വിഎസ്ആർ വിമാനവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അശ്രദ്ധമൂലമുള്ള മരണത്തിനോ കുറ്റകരമായ നരഹത്യയ്ക്കോ കൊലപാതകത്തിനോ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് രോഹിത് പവാറിന്റെ ആവശ്യം.

വിമാനാപകടത്തിന്റെ യഥാർഥ കാരണവും കമ്പനിയുടെ ഉത്തരവാദിത്തവും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതുമടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇതോടെ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.