...
Home News National സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അഭിഭാഷകന്റെ അധിക്ഷേപം, തത്സമയ സംപ്രേഷണം നിർത്തി

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അഭിഭാഷകന്റെ അധിക്ഷേപം, തത്സമയ സംപ്രേഷണം നിർത്തി

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ കോടതി നടപടികളിലെ സുരക്ഷയും അച്ചടക്കവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെക്കുകയാണ്

271

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോടതി മുറിക്കുള്ളിൽ പരസ്യമായി അധിക്ഷേപ പരാമർശങ്ങൾ നടത്തി അഭിഭാഷകൻ. ചീഫ് ജസ്റ്റിസിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സത്യസന്ധതയില്ലെന്നും ആരോപിച്ച അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് കോടതി മുറിയിൽനിന്ന് പുറത്താക്കി. സംഭവത്തെത്തുടർന്ന് കോടതി നടപടികളുടെ തത്സമയ സംപ്രേഷണവും താൽക്കാലികമായി നിർത്തിവെച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സുപ്രീംകോടതിയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.

മുൻകൂട്ടി അനുമതി വാങ്ങാതെ വിഷയം ഉന്നയിച്ചതിന് ആദ്യം ക്ഷമാപണം നടത്തിയ അഭിഭാഷകൻ, തന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നവംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ സമർപ്പിച്ച അടിയന്തര ഹർജിയിൽ 15 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഇയാളുടെ പരാതി. തനിക്കെതിരായ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ടതായിരുന്നു ഹർജി.

എന്നാൽ, ഇത്തരമൊരു വിഷയം കോടതിയിൽ ഉന്നയിക്കാനാകില്ലെന്ന് ജസ്റ്റിസ് വി. മോഹന വ്യക്തമാക്കിയെങ്കിലും അഭിഭാഷകൻ വാദത്തിൽനിന്ന് പിന്മാറിയില്ല. സാഹചര്യം അടിയന്തരമാണെന്നും സമർപ്പിച്ച രേഖകൾ പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഇതോടെ വിഷയം പരിശോധിക്കാമെന്നും കുറച്ചുനേരം കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ‘ഞങ്ങൾ നോക്കാം, താങ്കൾ കാത്തിരിക്കൂ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

എന്നാൽ ഇതിൽ പ്രകോപിതനായ അഭിഭാഷകൻ, ‘ഞാൻ കാത്തിരിക്കില്ല. ആ കസേരയിൽ ഇരിക്കാൻ താങ്കൾക്ക് അർഹതയില്ല. അതിനുള്ള സത്യസന്ധതയും താങ്കൾക്കില്ല’ എന്ന് വിളിച്ചുപറയുകയായിരുന്നു.

ഇതോടെ കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നിർത്തി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അഭിഭാഷകനെ കോടതി മുറിയിൽനിന്ന് പുറത്താക്കി.

കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട തർക്കം

രാജ്യവ്യാപകമായി നടന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ അഭിഭാഷകൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യ നടപടി നേരിടുന്നതെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചിയോടും വി. മോഹനയോടും ബഹുമാനമുണ്ടെന്നും എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആ സ്ഥാനത്തിന് അർഹനാണെന്ന് കരുതുന്നില്ലെന്നും അഭിഭാഷകൻ പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. ഇയാൾ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമല്ലെന്നും വിവരമുണ്ട്.

സംഭവത്തിൽ അഭിഭാഷകനെതിരെ കർശനമായ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് കോടതി മുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും ആവശ്യപ്പെട്ടു.

സുപ്രീംകോടതിയിൽ സമാന സംഭവങ്ങൾ മുൻപും

സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ പരസ്യമായി പ്രതിഷേധവും അധിക്ഷേപവും ഉയരുന്നത് ഇതാദ്യമല്ല.

കഴിഞ്ഞ ജൂലൈയിൽ പ്രബൽ പ്രതാപ് എന്ന വ്യക്തി സ്വന്തം കേസിൽ നേരിട്ട് ഹാജരായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അസഭ്യപരാമർശങ്ങൾ നടത്തിയിരുന്നു. ഒരു എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് ഇയാൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

‘നിങ്ങൾ എന്നോട് കൽപ്പിക്കുകയാണോ?’ എന്നായിരുന്നു അന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ പ്രതികരണം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നിരുന്നില്ല.

അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ ഷൂ എറിയാൻ 71കാരനായ അഭിഭാഷകൻ രാകേഷ് കിഷോർ ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ കോടതി നടപടികളിലെ സുരക്ഷയും അച്ചടക്കവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.