ബാലതാരമായി സിനിമയിലെത്തിയ അനശ്വര രാജൻ ഇന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിക്കുന്ന താരം, ഫാഷൻ ലോകത്തും തന്റേതായ ശൈലി പിന്തുടരുകയാണ്.
കണ്ണൂരിൽ ജനിച്ച അനശ്വര രാജൻ, മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ (2017) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ മകളായ ആതിരയെയാണ് അവതരിപ്പിച്ചത്.
എന്നാൽ, 2019ൽ പുറത്തിറങ്ങിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ആണ് അനശ്വരയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിലെ കീർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ‘സൂപ്പർ ശരണ്യ’ (2022) എന്ന ചിത്രത്തിലൂടെ നായികയായും താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച അനശ്വര, ‘റാങ്കി’ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ‘മൈക്ക്’ എന്ന ചിത്രത്തിലെ പ്രകടനവും താരത്തിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
2023ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘യാരിയൻ 2’ലും അനശ്വര അഭിനയിച്ചു. അതേ വർഷം മോഹൻലാൽ നായകനായ ‘നേര്’ എന്ന ചിത്രത്തിൽ അന്ധയായ ശിൽപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രതികരണമാണ് നേടിയത്. ഈ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും മലയാളത്തിലെ മികച്ച നടിക്കുള്ള സൈമ പുരസ്കാരവും ലഭിച്ചു.
തുടർന്ന് ‘അബ്രഹാം ഓസ്ലർ’, ‘ഗുരുവായൂർ അമ്പലനടയിൽ’, ‘രേഖാചിത്രം’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി തുടർന്നു.
2025ൽ പുറത്തിറങ്ങിയ ‘ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. റോഷൻ മേക്കയ്‌ക്കൊപ്പമായിരുന്നു ചിത്രം. ഇപ്പോൾ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ‘ഇറ്റ്ലു അർജുന’ എന്ന ചിത്രത്തിലൂടെ വീണ്ടും തെലുങ്ക് സിനിമയിൽ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് താരം. സായ് അനീഷ് റെഡ്ഡിയാണ് ചിത്രത്തിലെ നായകൻ.
അഭിനയത്തിൽ മാത്രമല്ല, ഫാഷനിലും വേറിട്ട ശൈലി
ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന അനശ്വര, തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളിലും വൈവിധ്യം നിലനിർത്തുന്നു. മോഡേൺ വസ്ത്രധാരണവും ട്രെൻഡി ലുക്കുകളും പരമ്പരാഗത വേഷങ്ങളും ഒരുപോലെ അനായാസമായി അവതരിപ്പിക്കുന്ന താരത്തിന്റെ സ്റ്റൈൽ ആരാധകർക്കിടയിലും ശ്രദ്ധ നേടുന്നുണ്ട്.
സിനിമയിലെ കഥാപാത്രങ്ങളിലെ വൈവിധ്യം പോലെ തന്നെ ഓഫ് സ്ക്രീൻ ലുക്കുകളിലും പുതുമ കൊണ്ടുവരുന്ന അനശ്വരയുടെ ഫാഷൻ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.
ചിത്രങ്ങൾ: അനശ്വര രാജൻ, ഇൻസ്റ്റാഗ്രാം


