തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ വിമർശനങ്ങൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദേശപ്രകാരമാണെന്ന് നിയമസഭയിൽ സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതോടെ, സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്ന മുഖ്യമന്ത്രിയുടെ നേരത്തെയുള്ള നിലപാട് പ്രതിരോധത്തിലായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി സർക്കാർ മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് നൽകിയിരുന്നുവെന്നാണ് നിയമസഭയിൽ നൽകിയ മറുപടിയിൽ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, കൃത്രിമമായി നിർമിച്ച ഉള്ളടക്കങ്ങൾ എന്നിവയുടെ പ്രചാരണം തടയാനാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
സർക്കാർ നടപടിയുടെ ഭാഗമായി ആകെ 15,627 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതായാണ് നിയമസഭാ മറുപടിയിലെ കണക്ക്. ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിലും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി അറിയിച്ചു.
വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നീക്കം ചെയ്യാൻ സ്വീകരിച്ച നടപടികളെക്കുറിച്ചായിരുന്നു ചോദ്യം.
വ്യക്തികൾ നൽകുന്ന പരാതികളുടെയും ഐടി ചട്ടങ്ങൾ 2021 പ്രകാരം നീക്കം ചെയ്യാവുന്ന തരത്തിലുള്ള കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, സിന്തറ്റിക്കായി ജനറേറ്റ് ചെയ്ത ഉള്ളടക്കങ്ങൾ എന്നിവയുടെയും അടിസ്ഥാനത്തിലാണ് നടപടികളെന്ന് സർക്കാർ മറുപടിയിൽ പറയുന്നു.
ഇത്തരം ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര സർക്കാരിന്റെ ‘സഹയോഗ്’ പോർട്ടൽ മുഖേന ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഔദ്യോഗിക നോട്ടീസ് നൽകും. തുടർന്ന് വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും ഇത്തരത്തിൽ നീക്കം ചെയ്തവയുടെ കൂട്ടത്തിലുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവിമാർക്കും എഡിജിപി സൈബർ ഓപ്പറേഷൻസിനും സഹയോഗ് പോർട്ടൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. വ്യാജവിവരങ്ങളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ബന്ധപ്പെട്ട സോഷ്യൽ മീഡിയ കമ്പനികൾക്ക് ഔദ്യോഗിക നോട്ടീസ് നൽകും. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്ഫോമുകൾ പോസ്റ്റുകൾ നീക്കം ചെയ്യുന്നത്.
സർക്കാരിന്റെ അറിവോടെയല്ല സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ച നിലപാട്. എന്നാൽ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ തന്നെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ നിയമസഭാ മറുപടി രാഷ്ട്രീയ വിവാദത്തിന് പുതിയ മാനം നൽകുകയാണ്.


