...
Home News National ‘സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഭീതിയിൽ ബിൽക്കീസ് ബാനോ’; കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടു

‘സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഭീതിയിൽ ബിൽക്കീസ് ബാനോ’; കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടു

മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ, വേദനയും ഞെട്ടലും അവിശ്വാസവും നിറഞ്ഞ സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്ന് ബിൽക്കീസ് വ്യക്തമാക്കി

19

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ബിൽക്കീസ് ബാനോയും കുടുംബവും ഗുജറാത്ത് വിട്ടതായി റിപ്പോർട്ട്. കോടതി ഉത്തരവിൽ ഞെട്ടലും ഭയവും രേഖപ്പെടുത്തിയ കുടുംബം നവംബർ 2, 3 തീയതികളിലായാണ് സംസ്ഥാനം വിട്ടതെന്ന് ബിൽക്കീസ് ബാനോയുടെ അമ്മാവൻ റസാഖ് മൻസൂരി വെളിപ്പെടുത്തി.

കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ഗുജറാത്ത് വിടാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെയും ഭയം കാരണം കുടുംബം താമസസ്ഥലം ഇടയ്ക്കിടെ മാറ്റിയിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാനം തന്നെ വിടാൻ തീരുമാനിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവ് കുടുംബത്തിന് വലിയ ആഘാതമായെന്നും ഇത്തരമൊരു തീരുമാനം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം

ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ, കൊലപാതക കേസിലെ പ്രതികളായ ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജീവപര്യന്തം തടവുശിക്ഷ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടായിരുന്നു ഉത്തരവ്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

2022ൽ ഗുജറാത്ത് സർക്കാർ പ്രതികൾക്ക് അനുവദിച്ച ശിക്ഷാ ഇളവ് സുപ്രീം കോടതി 2024 ജനുവരിയിൽ റദ്ദാക്കിയിരുന്നു. തുടർന്നാണ് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 17 വർഷത്തിലേറെ തടവിൽ കഴിഞ്ഞവരാണ് ജാമ്യം ലഭിച്ച രണ്ടുപേരും.

വിധി അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ

സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് കുടുംബത്തെ ആരും നേരിട്ട് അറിയിച്ചിരുന്നില്ലെന്നാണ് റസാഖ് മൻസൂരിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിന്റെ അഭിഭാഷകനുപോലും ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയുമാണ് കുടുംബം വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ പരോളിൽ പുറത്തിറങ്ങുമ്പോൾ ഇടയ്ക്കിടെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചിലപ്പോൾ 15 ദിവസവും ചിലപ്പോൾ ഒരു മാസത്തോളവും ഇവർ ഗ്രാമത്തിൽ കഴിയാറുണ്ട്. പ്രതികളിൽ ഒരാൾ നിലവിൽ ഒരു മാസത്തെ പരോളിലാണെന്നും മൻസൂരി വ്യക്തമാക്കി.

പ്രതികൾക്ക് ഇത്തരത്തിൽ ജാമ്യം ലഭിക്കുമെങ്കിൽ അവർക്ക് എന്തും ചെയ്യാൻ കഴിയുമെന്ന ഭീതിയാണ് ബിൽക്കീസിനും കുടുംബത്തിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വീണ്ടും ഭയം തോന്നുന്നു’; പ്രതികരണവുമായി ബിൽക്കീസ് ബാനോ

സുപ്രീം കോടതി ഉത്തരവിൽ ഞെട്ടലും അവിശ്വാസവും രേഖപ്പെടുത്തി ബിൽക്കീസ് ബാനോയും രംഗത്തെത്തി. തന്റെ ഭാഗം കേൾക്കാതെയും തന്നെ അറിയിക്കാതെയുമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അവരുടെ പ്രധാന ആരോപണം.

മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ, വേദനയും ഞെട്ടലും അവിശ്വാസവും നിറഞ്ഞ സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്ന് ബിൽക്കീസ് വ്യക്തമാക്കി.

19-ാം വയസിലാണ് തന്റെ ജീവിതവും കുടുംബവും തകർത്തെറിഞ്ഞ ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത്. കുഞ്ഞുമകളെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ആ ദുരന്തത്തിന് ശേഷം നീതിക്കായി 24 വർഷമായി പോരാടുകയാണെന്നും അവർ പറഞ്ഞു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിച്ചെന്നും സമാധാനത്തോടെ ജീവിക്കാനും വീണ്ടും പുഞ്ചിരിക്കാനും പഠിച്ചെന്നും ബിൽക്കീസ് വ്യക്തമാക്കി. എന്നാൽ പുതിയ കോടതി ഉത്തരവ് താൻ ഏറെ പോരാടി നേടിയ നീതിയിലുള്ള വിശ്വാസത്തെ വീണ്ടും തകർത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

പ്രതികളുടെ ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കാതിരുന്നത് എങ്ങനെയാണെന്ന് ബിൽക്കീസ് ചോദിച്ചു. തനിക്കും കുടുംബത്തിനും കുട്ടികൾക്കും വീണ്ടും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

തന്റെ മൂന്ന് വയസുകാരിയായ മകൾ സലേഹയ്ക്കും മറ്റെല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഉത്തരവിനെതിരെ പോരാടുന്നതെന്നും ബിൽക്കീസ് പ്രഖ്യാപിച്ചു.

ഒരു സ്ത്രീക്കും അതിജീവിതയ്ക്കും പൗരനും സ്വന്തം വ്യക്തിത്വവും സമത്വവും നിരന്തരം തെളിയിക്കേണ്ടിവരരുത്. ജീവിതകാലം മുഴുവൻ നീതിക്കായി പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അവർ പറഞ്ഞു.

കുടുംബത്തിന്റെ സുരക്ഷയും നീതിയിലുള്ള വിശ്വാസവും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പോരാട്ടം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിൽക്കീസ് ബാനോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.