ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും പരിസരത്തുമായി കുറഞ്ഞത് അഞ്ച് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ‘അമേരിക്കൻ വ്യാജ വഴികൾ’ സ്വീകരിക്കരുതെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവങ്ങൾ. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.
ഇറാനിലെ ഖേഷ്ം ദ്വീപിന് നേരെ അമേരിക്ക നിരവധി ആക്രമണങ്ങൾ നടത്തിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വീപിലെ പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം ആക്രമണങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
അതേസമയം, ബഹ്‌റൈനിലെ വ്യോമതാവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയതായി അമേരിക്കൻ സൈന്യവും സ്ഥിരീകരിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകൾ ബഹ്‌റൈനിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെ എത്തിയെങ്കിലും അവ തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഡ്രോണുകൾ തടഞ്ഞതിലൂടെ അമേരിക്കൻ സൈനിക ഉപകരണങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
നയതന്ത്ര നീക്കവുമായി ഖത്തർ
സൈനിക സംഘർഷം ശക്തമാകുന്നതിനിടെ സമാധാനശ്രമങ്ങളും സജീവമാകുകയാണ്. മധ്യസ്ഥ നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണവിതരണത്തെയും വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് പുതിയ സംഭവവികാസങ്ങൾ. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കാണ് ഇപ്പോൾ രാജ്യങ്ങൾ മുൻഗണന നൽകുന്നത്.


