...
Home News National ‘രാമായണ’ സിനിമക്ക് എതിരെ പ്രതിഷേധവുമായി ഹിന്ദു ജനജാഗൃതി സമിതി; ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

‘രാമായണ’ സിനിമക്ക് എതിരെ പ്രതിഷേധവുമായി ഹിന്ദു ജനജാഗൃതി സമിതി; ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

ചിത്രത്തിലെ ഉള്ളടക്കം സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി

89

പനാജി: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ജനജാഗൃതി സമിതി. ഇതിഹാസമായ രാമായണത്തെ സിനിമയിൽ വളച്ചൊടിച്ചുവെന്നും ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി അവതരിപ്പിച്ചുവെന്നുമാണ് സംഘടനയുടെ ആരോപണം.

ചിത്രത്തിലൂടെ കമ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു. ഹിന്ദുക്കൾ സിനിമ കാണരുതെന്നും സംഘടന ആഹ്വാനം ചെയ്തു. രണ്ടാം ഭാഗത്തിലും രാമായണത്തെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയാൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ചിത്രത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി വേഷമിടുന്നത്. സായി പല്ലവി സീതയായും യാഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. സിനിമയിലെ ചില രംഗങ്ങൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സംഘടനയുടെ ഗോവ കോർഡിനേറ്റർ മനോജ് സോളങ്കി ആരോപിച്ചു.

മതപരമായ വിഷയങ്ങൾ വേണ്ടത്ര പരിശോധിക്കാതെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരമായ ഇതിഹാസങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമിക്കുമ്പോൾ ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ വിശദമായി പഠിക്കുകയും വിഷയത്തിൽ പണ്ഡിതരുടെ അഭിപ്രായം തേടുകയും വേണമെന്നും സോളങ്കി ആവശ്യപ്പെട്ടു.

രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിക്കുന്നതിന് മുമ്പ് ഹിന്ദു മതനേതാക്കൾക്കും സന്യാസിമാർക്കും രാമായണ പണ്ഡിതന്മാർക്കും ചിത്രം പ്രത്യേകമായി പ്രദർശിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ചിത്രത്തിലെ ഉള്ളടക്കം സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.