...
Home News National ‘ജിടിഎ 6 പരാമർശിച്ച് മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്’; വിമർശനവുമായി കോൺഗ്രസ്, ‘ക്രിമിനൽ ജോഡിയെ ക്കുറിച്ചുള്ള...

‘ജിടിഎ 6 പരാമർശിച്ച് മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്’; വിമർശനവുമായി കോൺഗ്രസ്, ‘ക്രിമിനൽ ജോഡിയെ ക്കുറിച്ചുള്ള ഗെയിം, എത്ര ഉചിതം!’

ഗെയിമിന്റെ പുതിയ പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശവും കോൺഗ്രസിന്റെ രാഷ്ട്രീയ പരിഹാസവും ശ്രദ്ധ നേടുന്നത്

35

ന്യൂഡൽഹി: വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI (ജിടിഎ 6) പരാമർശിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ്. യുവാക്കളിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജിടിഎ ഗെയിമിന്റെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്നും എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഗെയിമിന്റെ കഥയെന്നുമാണ് കോൺഗ്രസിന്റെ പരിഹാസം.

‘ഇന്ത്യ ഒരു പുതിയ ഗെയിം കളിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. ജിടിഎ V-ൽനിന്ന് ജിടിഎ VI-ലേക്കുള്ള മാറ്റം എന്ന ആശയത്തിൽ പത്ത് സ്ലൈഡുകളും അദ്ദേഹം പങ്കുവച്ചു.

ജിടിഎയുടെ രണ്ട് പതിപ്പുകൾ പുറത്തിറങ്ങിയ കാലയളവിനിടെ ഇന്ത്യ കൈവരിച്ച വികസന നേട്ടങ്ങൾ താരതമ്യം ചെയ്യുന്നതിനാണ് ചിത്രങ്ങൾ ഉപയോഗിച്ചത്. രാജ്യത്തിന്റെ വളർച്ചയും വിവിധ മേഖലകളിലെ മാറ്റങ്ങളും അവതരിപ്പിക്കുന്നതായിരുന്നു പോസ്റ്റിന്റെ ലക്ഷ്യം.

എന്നാൽ മോദിയുടെ പോസ്റ്റിനെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശ് രംഗത്തെത്തി.

“യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ ജിടിഎ V, ജിടിഎ VI ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുകയാണ്. ഈ വീഡിയോ ഗെയിം ഒരു ക്രിമിനൽ ജോഡിയെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് ഓർക്കണം. എത്ര ഉചിതം!” എന്നായിരുന്നു ജയറാം രമേശിന്റെ എക്സിലെ പ്രതികരണം.

റോക്ക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ച് പ്രസിദ്ധീകരിച്ച ആക്ഷൻ-അഡ്വഞ്ചർ ഗെയിമാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI. 2013ൽ പുറത്തിറങ്ങിയ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ V-ന് ശേഷമുള്ള പരമ്പരയിലെ പുതിയ പതിപ്പാണിത്.

ഗെയിമിന്റെ പുതിയ പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശവും കോൺഗ്രസിന്റെ രാഷ്ട്രീയ പരിഹാസവും ശ്രദ്ധ നേടുന്നത്. ചിത്രം: ഇൻസ്റ്റാഗ്രാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.