...
Home News Kerala ബിജെപിയോട് വിട; പത്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം

ബിജെപിയോട് വിട; പത്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം

പത്മിനി തോമസും പാർട്ടി വിടാനുള്ള നീക്കം നടത്തുന്നത് ബിജെപിക്ക് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

332

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി അർജുന അവാർഡ് ജേതാവും മുൻ കായിക താരവുമായ പത്മിനി തോമസ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനം. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ പത്മിനി, ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കായിക മേഖലയോടുള്ള താൽപര്യം കണക്കിലെടുത്താണ് 2024ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് പത്മിനി തോമസ് വ്യക്തമാക്കി. എന്നാൽ കേരളത്തിലുൾപ്പെടെ കായിക മേഖലയിൽ പ്രവർത്തിക്കാൻ ബിജെപി അവസരം നൽകിയില്ലെന്നാണ് അവരുടെ ആരോപണം. പാർട്ടിയിൽ ചേരുന്ന സമയത്തുണ്ടായിരുന്ന ആവേശവും പിന്നീട് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പത്മിനി പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കാമെന്ന് ബിജെപി നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നാണ് പത്മിനിയുടെ പരാതി. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ അവസരം നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ മത്സരിക്കാനാണ് അവസരം ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് കുടുംബ പശ്ചാത്തലമുള്ള തനിക്ക് രാഷ്ട്രീയത്തിൽ വ്യക്തിത്വം ലഭിച്ചത് കോൺഗ്രസിലൂടെയാണെന്നും പത്മിനി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളുടെ സഹായത്തോടെയാണ് പല കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയത്. അന്നത്തെ കെപിസിസി അധ്യക്ഷനുമായുണ്ടായ ചെറിയ അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടാത്തതിനെ തുടർന്നാണ് അന്ന് ബിജെപിയിലേക്ക് പോയതെന്നും അവർ കൂട്ടിച്ചേർത്തു.

അന്ന് എടുത്തുചാടി ബിജെപിയിൽ ചേർന്നതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്നും തിരിച്ചുവരവുണ്ടെങ്കിൽ അത് കോൺഗ്രസിലേക്കു മാത്രമായിരിക്കുമെന്നും പത്മിനി തോമസ് വ്യക്തമാക്കി.

അതേസമയം, ബിജെപിയുമായുള്ള രണ്ടര വർഷത്തെ ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാലും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. രാജി ഇമെയിൽ മുഖേന രാജീവ് ചന്ദ്രശേഖറിന് കൈമാറുകയായിരുന്നു. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും പാർട്ടി വിടാനുള്ള നീക്കം നടത്തുന്നത് ബിജെപിക്ക് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.