ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ ആയിരുന്നെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർക്കൊപ്പം ചർച്ചാ മേശയിലുണ്ടാകുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ട്രംപ്, ഷി ജിൻപിങ്, പുടിൻ എന്നിവർ ഒരുമിച്ചുള്ള ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.
‘കോൺഗ്രസ് അധികാരത്തിൽ ആയിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മേശയിലുണ്ടാകുമായിരുന്നു. വിട്ടുവീഴ്ച ചെയ്ത ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയിൽ ഇരിക്കാനാകില്ല’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യയുടെ ആഗോള നയതന്ത്ര സ്വാധീനത്തെക്കുറിച്ചും രാജ്യത്തിന്റെ അന്താരാഷ്ട്ര നിലയെക്കുറിച്ചുമുള്ള ചർച്ചകൾക്കിടെയാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെയും ആഗോള നേതാക്കളുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും ലക്ഷ്യമിട്ടായിരുന്നു പരാമർശം.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ വ്യാഴാഴ്ച നടന്ന ത്രികക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലെ പരിഷ്കാരങ്ങൾ, എണ്ണവിതരണം വർധിപ്പിക്കൽ, ആണവ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.
ചൈനീസ് സാങ്കേതിക കേന്ദ്രമായ ഷെൻഷെനിലെ ഒരു വില്ലയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുത്ത ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായതെന്നാണ് റിപ്പോർട്ട്.
മൂന്ന് വൻശക്തികളുടെ നേതാക്കൾ ഒരുമിച്ച് ചർച്ച നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര പങ്കാളിത്തവും ആഗോള സ്വാധീനവും സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾക്ക് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വഴിവെച്ചിരിക്കുകയാണ്.


