...
Home News Kerala ‘മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം’; ജില്ലാതല പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി

‘മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം’; ജില്ലാതല പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി

192

കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് കോടതിയുടെ അനുമതി. എന്നാൽ പരീക്ഷാഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് പരീക്ഷ നടത്താനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 14ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ പരീക്ഷാനുമതി ഉത്തരവ് പിൻവലിച്ച് സർക്കാർ പുതിയ തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദേശീയ അധ്യാപക പരിഷത്ത് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ജില്ലാതല പരീക്ഷ നടത്താൻ അനുമതി നൽകുകയായിരുന്നു.

കോടതി ഉത്തരവിൽ സന്തോഷമെന്ന് അധ്യാപക പരിഷത്ത്

ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പ്രതികരിച്ചു. മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി ലഭിച്ചത് സന്തോഷകരമായ മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യാപക പരിഷത്തിന്റെ പ്രവർത്തനങ്ങളെ കോടതി ശരിയായ രീതിയിൽ മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമോ രാഷ്ട്രീയപരമോ ആയ ചിന്തകൾക്കതീതമായി വിദ്യാഭ്യാസ താൽപര്യങ്ങൾ മുൻനിർത്തിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും അനൂപ് കുമാർ പറഞ്ഞു.

സംഘടനയ്ക്ക് സ്വാഭാവിക നീതിയും ഭരണഘടനാപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്ന കാര്യം കോടതി തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.