...
Home News International ഹോർമുസ് കടലിടുക്കിൽ സാഹസിക നീന്തലുമായി ലൂയിസ് പ്യൂഗ്; ലക്ഷ്യം സമുദ്ര മലിനീകരണത്തിന് എതിരെ ലോകശ്രദ്ധ നേടുക

ഹോർമുസ് കടലിടുക്കിൽ സാഹസിക നീന്തലുമായി ലൂയിസ് പ്യൂഗ്; ലക്ഷ്യം സമുദ്ര മലിനീകരണത്തിന് എതിരെ ലോകശ്രദ്ധ നേടുക

'യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, സമുദ്ര മലിനീകരണം ഇല്ലാതാക്കുക' എന്നതാണ് തന്റെ നീന്തൽ ദൗത്യത്തിലൂടെ ലോകത്തിന് നൽകാനുള്ള സന്ദേശമെന്ന് ലൂയിസ് പ്യൂഗ്

196

ലണ്ടൻ: യുദ്ധവും എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഭീഷണി ഉയർത്തുന്ന ഹോർമുസ് കടലിടുക്കിലൂടെ സാഹസിക നീന്തൽ നടത്തി ബ്രിട്ടീഷ് എൻഡ്യൂറൻസ് സ്വിമ്മർ ലൂയിസ് പ്യൂഗ്. മേഖലയിലെ സമുദ്രജീവികൾക്കും പരിസ്ഥിതിക്കും നേരിടുന്ന ഗുരുതരമായ ഭീഷണികൾ ലോകശ്രദ്ധയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് 56കാരനായ പ്യൂഗിന്റെ ദൗത്യം.

ഒമാനിലെ മുസന്ദം ഉപദ്വീപിന്റെ തെക്കേ മുനമ്പിൽനിന്ന് ആരംഭിച്ച നീന്തൽ ഹോർമുസ് കേപ്പ് ചുറ്റിയാണ് പൂർത്തിയാക്കിയത്. മൂന്ന് ദിവസങ്ങളിലായി 15 കിലോമീറ്റർ (9.3 മൈൽ) ദൂരമാണ് അദ്ദേഹം പിന്നിട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം ഈ അപകടകരമായ സമുദ്രപാതയിലൂടെ ദീർഘദൂര നീന്തൽ നടത്തുന്ന ആദ്യ വ്യക്തിയാണ് പ്യൂഗ്. ഐക്യരാഷ്ട്രസഭയുടെ സമുദ്ര വിഭാഗത്തിന്റെ ഗുഡ്‌വിൽ അംബാസഡറായ അദ്ദേഹം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാണ്.

എണ്ണച്ചോർച്ച കടുത്ത പാരിസ്ഥിതിക ഭീഷണി

ആക്രമണങ്ങളിൽ തകർന്ന ടാങ്കറുകളിൽനിന്ന് കടലിലേക്ക് ഒഴുകുന്ന ക്രൂഡ് ഓയിലും രാസവസ്തുക്കളും മേഖലയുടെ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്യൂഗ് മുന്നറിയിപ്പ് നൽകി. സമുദ്രജീവികൾക്ക് പുറമെ തീരപ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ എന്നിവയും വലിയ ഭീഷണി നേരിടുന്നുണ്ട്. ഈ പാരിസ്ഥിതിക ആഘാതങ്ങളിൽനിന്ന് പ്രദേശത്തെ പൂർണമായി വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടങ്ങൾക്കിടയിലും ഡോൾഫിനുകൾ നീന്തുന്നതിനിടെ തന്നെ പിന്തുടർന്നതായും കടലാമകളെയും ഓസ്‌പ്രേ പക്ഷികളെയും കാണാൻ കഴിഞ്ഞതായും പ്യൂഗ് പറഞ്ഞു. നീന്തൽ വസ്ത്രവും ഗോഗിൾസും യുഎൻ ലോഗോ പതിച്ച തൊപ്പിയും ധരിച്ചായിരുന്നു ദൗത്യം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ആകെ ആറര മണിക്കൂർ നീന്തിയാണ് 15 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയത്.

നീന്തലിനിടെ രണ്ട് വൻ സ്ഫോടനങ്ങൾ

ദൗത്യത്തിനിടെ ഭീതിജനകമായ നിരവധി സാഹചര്യങ്ങളിലൂടെയാണ് പ്യൂഗ് കടന്നുപോയത്. തിങ്കളാഴ്ച നീന്തൽ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ കടലിനെ പ്രകമ്പനം കൊള്ളിച്ച് രണ്ട് വൻ സ്ഫോടനങ്ങളുണ്ടായി. ഏകദേശം നാല് കിലോമീറ്റർ അകലെയുണ്ടായിരുന്ന എണ്ണ ടാങ്കറിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ യുദ്ധവിമാനങ്ങളും പ്രദേശത്തുകൂടി പാഞ്ഞെത്തി.

രണ്ടാം ദിവസം തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട എൽപിജി ടാങ്കറിന് സമീപത്തുകൂടെയും അദ്ദേഹത്തിന് നീന്തേണ്ടിവന്നു. കപ്പലിന് ചുറ്റുമുള്ള വെള്ളത്തിൽ തീ പടരുകയും ആകാശത്തേക്ക് അഗ്നിഗോളങ്ങൾ ഉയരുകയും ചെയ്തിരുന്നു. രൂക്ഷമായ രാസവസ്തുക്കളുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നതായും പ്യൂഗ് വിവരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി ലോകസമുദ്രങ്ങളിൽ നീന്തി

ഉത്തരധ്രുവം, അന്റാർട്ടിക്ക, ചെങ്കടൽ, ഇംഗ്ലീഷ് ചാനൽ, ഹഡ്‌സൺ നദി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നീന്തി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയാണ് ലൂയിസ് പ്യൂഗ്. അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലൂടെ 35 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ സമുദ്രപ്രദേശത്തിന് ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കായികമികവിനെ രാഷ്ട്രീയ നയതന്ത്രത്തിനും പരിസ്ഥിതി ബോധവത്കരണത്തിനുമുള്ള ഉപാധിയാക്കി മാറ്റുന്ന പ്യൂഗിന്റെ പ്രവർത്തനങ്ങൾ ‘സ്പീഡോ ഡിപ്ലോമസി’ എന്ന പേരിലും അറിയപ്പെടുന്നു.

ലോകത്തിലെ ആകെ എണ്ണയുടെ അഞ്ചിലൊന്നോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം ആക്രമണങ്ങളും മൈൻ സ്ഫോടനങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 20 ലക്ഷത്തിലധികം ബാരൽ എണ്ണയുമായി സഞ്ചരിച്ച ടാങ്കർ ഉൾപ്പെടെ നിരവധി കപ്പലുകൾക്ക് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.

‘യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, സമുദ്ര മലിനീകരണം ഇല്ലാതാക്കുക’ എന്നതാണ് തന്റെ നീന്തൽ ദൗത്യത്തിലൂടെ ലോകത്തിന് നൽകാനുള്ള സന്ദേശമെന്ന് ലൂയിസ് പ്യൂഗ് വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.