...
Home News National ‘സ്വർണം വാങ്ങുന്നത് കുറയ്ക്കണം’; അടുത്ത ഒരു വർഷത്തേക്ക് വാങ്ങരുതെന്ന് പ്രധാനമന്ത്രി മോദി

‘സ്വർണം വാങ്ങുന്നത് കുറയ്ക്കണം’; അടുത്ത ഒരു വർഷത്തേക്ക് വാങ്ങരുതെന്ന് പ്രധാനമന്ത്രി മോദി

യുവാക്കളുടെ തൊഴിൽ നൈപുണ്യവും സാങ്കേതിക ശേഷിയും വർധിപ്പിക്കുന്നതിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു

170

ലഖ്‌നൗ: രാജ്യത്തെ ജനങ്ങൾ അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്‌നൗവിൽ നടന്ന കൗശൽ ദീക്ഷാന്ത് ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. നേരത്തേ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതായും ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടായതായും മോദി പറഞ്ഞു.

തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ജനങ്ങൾ അത് ഗൗരവത്തോടെ സ്വീകരിച്ചു. ഇതിന്റെ ഫലമായി സ്വർണവിലയിൽ കുറവുണ്ടായെന്നും രാജ്യത്തിന് വലിയ തുക ലാഭിക്കാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വിദേശനാണ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സ്വർണ ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം.

ഐടിഐക്കും ഐഐടിക്കും ഒരേ പരിഗണന

ഐടിഐകളിൽ പഠിക്കുന്നവരും ഐഐടികളിൽ പഠിക്കുന്നവരും രാജ്യത്തിന്റെ യഥാർഥ സമ്പത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുവിഭാഗം വിദ്യാർഥികളുടെയും കഴിവുകൾക്ക് തുല്യമായ അംഗീകാരവും ബഹുമാനവും ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽനിന്ന് ബംഗാളിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഐഐടി വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ച കാര്യം പരാമർശിച്ച മോദി, അതേ ആവേശത്തോടെയാണ് ലഖ്‌നൗവിൽ ഐടിഐ വിദ്യാർഥികൾക്കിടയിലേക്ക് എത്തിയതെന്നും പറഞ്ഞു. ഐടിഐകളിലൂടെ ലഭിക്കുന്ന സാങ്കേതിക പരിശീലനവും തൊഴിൽ നൈപുണ്യവും വികസിത ഇന്ത്യയുടെ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യത്തെ തകർത്തത് അധിനിവേശ ശക്തികൾ

ലഖ്‌നൗവിന്റെ പ്രശസ്തമായ ചിക്കൻകാരി കരകൗശല വിദ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ പുരാതന സാമൂഹിക-സാമ്പത്തിക വ്യവസ്ഥ നൈപുണ്യത്തെയും തൊഴിൽ വൈദഗ്ധ്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്ന് പറഞ്ഞു.

ഇന്ത്യയുടെ പരമ്പരാഗത കഴിവുകളെയും ഉൽപ്പാദന മേഖലയെയും തകർക്കാൻ അധിനിവേശ ശക്തികൾ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ കരകൗശല തൊഴിലാളികളുടെ കഴിവുകളെ ഇല്ലാതാക്കുകയും ബ്രിട്ടനിലെ ഉൽപ്പാദന മേഖലയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതാണ് കൊളോണിയൽ ഭരണത്തിന്റെ നയമെന്നും മോദി വിമർശിച്ചു.

5,000 പുതിയ ഐടിഐകൾ സ്ഥാപിച്ചു

കഴിവുള്ള ഒരാളുടെ തൊഴിൽ ആർക്കും കവർന്നെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 മുതൽ രാജ്യത്ത് 5,000 പുതിയ ഐടിഐകൾ സ്ഥാപിക്കാൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോണുകൾക്ക് ഇന്ന് ആഗോള വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെന്നും ഇന്ത്യൻ തൊഴിലാളികളുടെ വൈദഗ്ധ്യത്തിന് വിദേശരാജ്യങ്ങളിൽ പോലും അംഗീകാരം ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലെ രാജകുടുംബം പോലും ഇന്ത്യയുടെ നൈപുണ്യത്തെ പ്രശംസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൈയിൽ സർട്ടിഫിക്കറ്റുകൾ മാത്രമുള്ളവരെക്കാൾ പ്രായോഗിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവുമുള്ളവർക്കാണ് ഭാവിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടെന്ന് മോദി

ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് അവകാശപ്പെട്ടു. സൂര്യാസ്തമയത്തിനുശേഷം പെൺമക്കൾ പുറത്തിറങ്ങുമ്പോൾ പോലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു സമാജ്‌വാദി പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ള മോദിയുടെ പരാമർശം.

ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 2027ൽ ഗ്രേറ്റർ നോയിഡയിൽ വേൾഡ് സ്കിൽസ് ഏഷ്യ മത്സരത്തിന് ഉത്തർപ്രദേശ് വേദിയാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ 12 മുതൽ 13 വർഷത്തിനിടെ രാജ്യത്തെ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സാധിച്ചുവെന്നും ഇത് ഇന്ത്യയുടെ വികസന യാത്രയിലെ വലിയ നേട്ടമാണെന്നും മോദി അവകാശപ്പെട്ടു. യുവാക്കളുടെ തൊഴിൽ നൈപുണ്യവും സാങ്കേതിക ശേഷിയും വർധിപ്പിക്കുന്നതിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.