...
Home News Kerala ‘എഫ് ട്യൂൺ ഫേസ്ക്രീം കേസ്’; കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിൽ, പൊലീസ് നോട്ടിസ്...

‘എഫ് ട്യൂൺ ഫേസ്ക്രീം കേസ്’; കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിൽ, പൊലീസ് നോട്ടിസ് നൽകും

മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗാവസ്ഥ കണ്ടെത്തിയത്

27

കാസർകോട്: മെർക്കുറി കലർന്ന എഫ് ട്യൂൺ ഫേസ്ക്രീം വിവാദത്തിൽ നിർണായക വഴിത്തിരിവ്. ഉൽപ്പന്നത്തിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയായ സ്ത്രീയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിയായ 17കാരിയുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നതും ഈ നമ്പറിൽ നിന്നാണെന്നാണ് സൂചന. സംഭവത്തിൽ നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടിസ് നൽകും.

അതേസമയം, വിവാദം ശക്തമായിട്ടും വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് തടയിടാനാകുന്നില്ല. എഫ് ട്യൂൺ ഉൾപ്പെടെയുള്ള ഫെയർനെസ് ക്രീമുകൾ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്.

ഓൺലൈൻ വിൽപ്പന നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ വെല്ലുവിളി നേരിടുകയാണ്. കൊറിയർ സർവീസുകൾ വഴിയാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലെത്തുന്നത്. ഓൺലൈൻ വിൽപ്പന നിരീക്ഷിക്കാനും ഉൽപ്പന്നങ്ങൾ പരിശോധിക്കാനും നിലവിൽ കാര്യക്ഷമമായ സംവിധാനമില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന പ്രധാനമായും കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

സോഷ്യൽ മീഡിയ പരസ്യങ്ങളും ഇൻഫ്ലുവൻസർമാരുമാണ് ഇത്തരം കമ്പനികളുടെ പ്രധാന വിപണന മാർഗങ്ങൾ. എന്നാൽ വ്യക്തമായ വിലാസമോ ആവശ്യമായ ലൈസൻസുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന വിൽപ്പനക്കാരെ കണ്ടെത്തുന്നത് ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയാകുന്നു. പരാതികൾ ഉയരുന്ന ക്രീമുകൾ പേരും പാക്കിങ്ങും മാറ്റി വീണ്ടും വിപണിയിലെത്തിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

പരിശോധനയിൽ കണ്ടെത്തിയത് അപകടകരമായ രാസവസ്തുക്കൾ

സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷൻ സൗന്ദര്യ പരിശോധനകളിലാണ് മെർക്കുറി ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത ഡോക്ടർമാരുടെ നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ഫെയർനെസ് ക്രീം ഉപയോഗം; 17കാരിക്ക് ഗുരുതര വൃക്കരോഗം

തുടർച്ചയായ ഫെയർനെസ് ക്രീം ഉപയോഗത്തെ തുടർന്ന് മലപ്പുറം സ്വദേശിനിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായുള്ള പരാതിയാണ് വിവാദത്തിന് തുടക്കമിട്ടത്. ക്രീമിലുണ്ടായിരുന്ന അമിതമായ മെർക്കുറിയുടെ സാന്നിധ്യം മൂലം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപതി എന്ന രോഗാവസ്ഥയാണ് പെൺകുട്ടിക്ക് കണ്ടെത്തിയത്.

മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗാവസ്ഥ കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്ക് പിന്നാലെ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഓൺലൈൻ വിപണികളിലൂടെ നിയന്ത്രണമില്ലാതെ വിൽക്കപ്പെടുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ സുരക്ഷയും അവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിലെ സംവിധാനങ്ങളുടെ പരിമിതികളും വീണ്ടും ചർച്ചയാകുകയാണ് ഈ സംഭവം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.