കാസർകോട്: 65-ാമത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 24 മുതൽ 28 വരെ പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങുണർന്നു. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി വിജയികളായെത്തുന്ന 5,100 ഓളം വിദ്യാർഥികൾ 13 വേദികളിലായി നടക്കുന്ന അഞ്ചുദിവസത്തെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 300 മത്സരയിനങ്ങളാണ് കലോത്സവത്തിലുള്ളത്. അറബിക് കലോത്സവം, സംസ്കൃതോത്സവം, ആദ്യമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് കലാമേളയും ഇത്തവണത്തെ പ്രത്യേകതയാണ്.
24ന് സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. 25 മുതൽ സ്റ്റേജിനങ്ങൾ. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി.
13 വേദികളിൽ മത്സരങ്ങൾ
പ്രധാന വേദിക്ക് പുറമെ സ്കൂൾ ഓഡിറ്റോറിയം, പെരിയ സുരഭി ഓഡിറ്റോറിയം, പെരിയ സുമംഗലി ഓഡിറ്റോറിയം, പെരിയ ഗാന്ധി സ്മാരക ഗ്രന്ഥാലയം, പെരിയ ജി.എൽ.പി.എസ് ഓഡിറ്റോറിയം, പെരിയ എൻ.എസ്.എസ് മന്ദിരം സ്റ്റേജ്, പെരിയ ഡിഗ്രേഷ്യ സ്കൂൾ ഹാൾ, കായക്കുളം ശ്രീ വിഷ്ണു ബ്രദേഴ്സ് ക്ലബ്ബ്, കായക്കുളം പഞ്ചായത്ത് മിനി സ്റ്റേഡിയം, മൊയോലം യാദവസഭാ മന്ദിരം, പെരിയ കമ്മ്യൂണിറ്റി ഹാൾ, പെരിയ അംബേദ്കർ സ്കൂൾ ഹാൾ എന്നിവിടങ്ങളിലാണ് മറ്റ് മത്സരവേദികൾ സജ്ജീകരിച്ചിരിക്കുന്നത്.
ഔദ്യോഗിക ഉദ്ഘാടനം 26ന്
കലോത്സവത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്ര നടന്നു. 26ന് വൈകിട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കെ. നീലകണ്ഠൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവ സ്മരണികയായ ‘പെരിയകം’ പ്രകാശനം ചെയ്യും.
28ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിക്കും.
പ്രചാരണത്തിന് വൈവിധ്യമാർന്ന പരിപാടികൾ
കലോത്സവത്തിന്റെ പ്രചാരണാർഥം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പൂർവ വിദ്യാർഥികളുടെയും മുൻ അധ്യാപകരുടെയും സ്നേഹസംഗമം, മൺചിരാതുകൾ കൊണ്ട് സ്കൂളിനെ പ്രകാശപൂരിതമാക്കിയ ‘കലാദീപ്തി’, കല്യോട്ട് ജി.എച്ച്.എസ്.എസിലെയും പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളുടെ ചുമർചിത്ര രചന എന്നിവ ശ്രദ്ധേയമായി.
‘കലാലയ വർണങ്ങൾ’ എന്ന പേരിൽ കലോത്സവ ഓർമകൾ പങ്കുവെക്കുന്ന പരിപാടി, വിദ്യാർഥികൾക്കായുള്ള പോസ്റ്റർ രചനാ മത്സരം, ഹരിത വിളംബരയാത്ര, മൈലാഞ്ചിയിടൽ ചടങ്ങ്, ഫ്ലാഷ് മോബ്, താളവിളംബര ജാഥ എന്നിവയും സംഘടിപ്പിച്ചു.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കലോത്സവത്തിന് ആവശ്യമായ ഓലക്കൊട്ടകൾ മെടഞ്ഞതും വേറിട്ട പ്രവർത്തനമായി. ഇതിന് പുറമെ കലോത്സവ മാരത്തോണും സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ, റീൽസ് മത്സരങ്ങളും നടന്നു. ജില്ലയിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയായി ഇത്തവണത്തെ മേള മാറും.


