ഹോങ്കോങ്: സ്കൂൾ ജീവിതത്തിലേക്കുള്ള മടക്കവും പഠനഭാരവും കുട്ടികളിൽ മാനസിക സമ്മർദവും വിഷാദലക്ഷണങ്ങളും വർധിപ്പിക്കുന്നതായി പഠനറിപ്പോർട്ട്. ഹോങ്കോങ് ഫെഡറേഷൻ ഓഫ് യൂത്ത് ഗ്രൂപ്പ്സ് (HKFYG) ഒക്ടോബറിൽ പുറത്തുവിട്ട സർവേയിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. സ്കൂളിൽ പോകുന്നതിന് മുമ്പ് കടുത്ത സമ്മർദം അനുഭവിക്കുന്നവരും വിഷാദലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായാണ് കണ്ടെത്തൽ.
ഫോം ഒന്ന് മുതൽ ഫോം ആറ് വരെയുള്ള 5,469 വിദ്യാർഥികളിലാണ് സർവേ നടത്തിയത്. ഇതിൽ 40.5 ശതമാനം പേർ സ്കൂളിൽ പോകുന്നതിന് മുമ്പുള്ള മാനസിക സമ്മർദത്തിന് 10ൽ ഏഴ് മുതൽ 10 വരെ സ്കോർ നൽകി. സെന്റർ ഫോർ എപ്പിഡെമിയോളജിക് സ്റ്റഡീസ് ഡിപ്രഷൻ സ്കെയിൽ (CES-D) പരിശോധനയിൽ 56.5 ശതമാനം വിദ്യാർഥികൾക്കും 16 അല്ലെങ്കിൽ അതിലധികം സ്കോർ ലഭിച്ചു. ഇത് വിഷാദലക്ഷണങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ്.
പഠനവുമായി ബന്ധപ്പെട്ട ആശങ്കകളും പ്രധാന പ്രശ്നമായി തുടരുന്നു. 42.9 ശതമാനം വിദ്യാർഥികൾക്ക് പരീക്ഷകളിലും മറ്റും മാർക്ക് കുറയുമെന്ന ഭയമുണ്ട്. 39 ശതമാനം പേർ ഗൃഹപാഠം, പരീക്ഷകൾ, വിവിധ അക്കാദമിക് വിലയിരുത്തലുകൾ എന്നിവയാണ് സമ്മർദത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
അവധിക്കാലത്തിനു ശേഷമുള്ള മാറ്റം വെല്ലുവിളിയാകുന്നു
അവധിക്കാലത്തെ വിശ്രമത്തിൽനിന്ന് തിരക്കേറിയ പഠനക്രമത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എ മൈൻഡ്സെറ്റ് സൈക്കോളജി സർവീസസിന്റെ സ്ഥാപകയും കൗൺസിലറുമായ ലിസ് മക്കോഗിയുടെ അഭിപ്രായത്തിൽ, സ്കൂളിലേക്കുള്ള നല്ലൊരു തുടക്കം എന്നത് കുട്ടികൾ എല്ലാ ദിവസവും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഇരിക്കുക എന്നതല്ല. മറിച്ച് പഠനക്രമവുമായി പൊരുത്തപ്പെടാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും അനിശ്ചിതത്വങ്ങളെ അതിജീവിക്കാനും അവർ ക്രമേണ പ്രാപ്തരാകുന്നതാണ്.
ഹോങ്കോങ് ഫെഡറേഷൻ ഓഫ് യൂത്ത് ഗ്രൂപ്പ്സിലെ കൗൺസിലിങ് ആൻഡ് ഫാമിലി സർവീസ് മേധാവി ആൻഡി ചാനും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തിനു ശേഷം അക്കാദമിക് പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ഒരേസമയം ആരംഭിക്കുന്നത് കുട്ടികളിൽ സമ്മർദം വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അധ്യാപകർ, മാറിയ ക്ലാസ് മുറികൾ, സൗഹൃദങ്ങളിലെ മാറ്റങ്ങൾ, വർധിക്കുന്ന പഠനപ്രതീക്ഷകൾ എന്നിവയുമായി പൊരുത്തപ്പെടേണ്ടതും വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്.
പുറമേ സന്തോഷം; ഉള്ളിൽ സമ്മർദം
കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുകയും പഠനകാര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവർ മാനസികമായി സന്തോഷവാന്മാരാണെന്ന് കരുതാനാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചില വിദ്യാർഥികൾ അമിതമായ സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിലും അത് പുറത്തുപ്രകടിപ്പിക്കാറില്ല. ഏകദേശം 60 ശതമാനം വിദ്യാർഥികളും വൈകാരികമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മറ്റുള്ളവരുടെ സഹായം അപൂർവമായോ ഒരിക്കലുമോ തേടുന്നില്ലെന്നാണ് കൗൺസിലിങ് സംഘത്തിന്റെ കണ്ടെത്തൽ.
ദ ഹാർബർ സ്കൂളിലെ ഹൈസ്കൂൾ പ്രിൻസിപ്പൽ അലിസൺ കുട്ലാക്കയുടെ അഭിപ്രായത്തിൽ, കൗമാരക്കാരിലെ ഉത്കണ്ഠ പലപ്പോഴും പെരുമാറ്റത്തിലെ പ്രശ്നങ്ങളായല്ല, മറിച്ച് മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കുന്നതും മൗനമായിരിക്കുന്നതുമായാണ് പ്രകടമാകുന്നത്. അതിനാൽ വിദ്യാർഥികളുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾപോലും അധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്.
വിദ്യാർഥികളുടെ മാറ്റങ്ങൾ നിരീക്ഷിച്ച് സ്കൂളുകൾ
വിദ്യാർഥികളിലെ മാനസിക സമ്മർദം തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സ്കൂളുകൾ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
ഹോങ്കോങ്ങിലെ യൂ ചുങ് ഇന്റർനാഷണൽ സ്കൂളിൽ അധ്യയനവർഷത്തിന്റെ ആദ്യ ദിവസം തന്നെ അധ്യാപകർ യോഗം ചേർന്ന് വിദ്യാർഥികളുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നു. തുടർന്ന് ഒരാഴ്ചയ്ക്കും ഒരു മാസത്തിനും ശേഷം വീണ്ടും യോഗം ചേർന്ന് കുട്ടികളുടെ പുരോഗതിയും പെരുമാറ്റത്തിലെ മാറ്റങ്ങളും ചർച്ച ചെയ്യുന്നു.
പുതുതായി പ്രവേശിക്കുന്ന വിദ്യാർഥികൾക്കും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും കൂടുതൽ പിന്തുണ നൽകുന്നുണ്ടെന്ന് സെക്കൻഡറി വിഭാഗം വെസ്റ്റേൺ കോ-പ്രിൻസിപ്പൽ ഗ്രെഗ് മോറിസൺ പറഞ്ഞു. ഉത്കണ്ഠയുടെയും സമ്മർദത്തിന്റെയും ആദ്യ ലക്ഷണങ്ങൾ കണ്ടെത്തി ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
കുട്ടികളുടെ മാനസികാരോഗ്യം വിലയിരുത്തുമ്പോൾ മാർക്കും പരീക്ഷാഫലവും മാത്രം പരിഗണിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. സുഹൃത്തുക്കളുമായി ഇടപഴകുന്നുണ്ടോ, ക്ലാസ് മുറിയിൽ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടോ, സ്കൂളിൽ പോകാൻ താൽപര്യം കാണിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
കുട്ടികളിൽ താഴെ പറയുന്ന മാറ്റങ്ങൾ കണ്ടാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം:
- ഉറക്കത്തിൽ തുടർച്ചയായ പ്രശ്നങ്ങൾ.
- വിശപ്പിലും ഭക്ഷണശീലങ്ങളിലും മാറ്റം.
- പതിവായി തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക പരാതികൾ.
- സ്കൂളിൽ പോകാൻ വിസമ്മതിക്കൽ.
- സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും അകന്നുനിൽക്കൽ.
- അമിതമായ കരച്ചിൽ, പരിഭ്രാന്തി, മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ.
- പഠനത്തോടുള്ള താൽപര്യം കുറയുകയും സ്ഥിരമായ ഭയം അനുഭവപ്പെടുകയും ചെയ്യുക.
കുട്ടികൾക്ക് കുറഞ്ഞത് ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കളെങ്കിലും ഉണ്ടായിരിക്കണമെന്നും ക്ലാസ് മുറിയിൽ തങ്ങൾ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നൽ ലഭിക്കണമെന്നും ആൻഡി ചാൻ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് ആശ്വാസമാകേണ്ടത് വീടും കുടുംബവും
മാനസിക സമ്മർദം നിയന്ത്രിക്കുന്നതിൽ വീട്ടിലെ അന്തരീക്ഷത്തിന് വലിയ പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ ഉറക്കസമയം, വ്യായാമം, കളിക്കാനും വിശ്രമിക്കാനുമുള്ള സമയം, സ്ഥിരമായ ദിനചര്യകൾ എന്നിവ കുട്ടികളുടെ മാനസികാരോഗ്യത്തിന് സഹായകരമാണ്.
കുട്ടികളോട് മാർക്കിനെയും പഠനത്തെയും കുറിച്ച് നിരന്തരം ചോദിക്കുന്നതിന് പകരം അവരുടെ അനുഭവങ്ങൾ കേൾക്കാനും തുറന്ന സംഭാഷണങ്ങൾക്ക് അവസരമൊരുക്കാനും മാതാപിതാക്കൾ തയ്യാറാകണം. ഉറക്കം, വിനോദം, കുടുംബത്തോടൊപ്പമുള്ള സമയം എന്നിവയ്ക്ക് പഠനത്തോളം തന്നെ പ്രാധാന്യം നൽകണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
പ്രശ്നങ്ങൾ ഗുരുതരമാകുമ്പോൾ മാത്രമല്ല, സ്കൂൾ ജീവിതത്തിന്റെ തുടക്കം മുതൽ അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിർത്തേണ്ടതുണ്ടെന്ന് അലിസൺ കുട്ലാക്ക പറഞ്ഞു.
മാനസിക പിന്തുണയ്ക്കായി എഐയും ആശ്രയം
വിദ്യാർഥികൾ വൈകാരിക പിന്തുണ തേടാൻ ജനറേറ്റീവ് എഐ സംവിധാനങ്ങളെയും ആശ്രയിക്കുന്നതായി സർവേ കണ്ടെത്തി. 45.6 ശതമാനം വിദ്യാർഥികൾ മാനസിക വിഷമങ്ങൾ പങ്കുവെക്കുന്നതിനോ ആത്മവിശ്വാസം നേടുന്നതിനോ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായും എഐ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ മനുഷ്യരുടെ പിന്തുണ അനിവാര്യമാണെന്ന് 85.9 ശതമാനം വിദ്യാർഥികളും അഭിപ്രായപ്പെട്ടു. എഐ സംവിധാനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും കൗൺസിലർമാരുടെയും ഇടപെടലുകൾക്ക് പകരമാകാനാവില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രശ്നങ്ങൾ തുടർന്നാൽ വിദഗ്ധസഹായം തേടണം
സ്കൂൾ ദിനചര്യകളുമായി പൊരുത്തപ്പെടുന്നതോടെ സാധാരണയായി കുട്ടികളിലെ ആദ്യകാല ഉത്കണ്ഠ കുറയാറുണ്ട്. എന്നാൽ ഉറക്കപ്രശ്നങ്ങൾ, സ്കൂളിൽ പോകാനുള്ള വിസമ്മതം, സാമൂഹികമായ ഒറ്റപ്പെടൽ, മാനസികാവസ്ഥയിലെ പ്രകടമായ മാറ്റങ്ങൾ എന്നിവ തുടരുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ആദ്യ ടേമിലും ഇത്തരം ബുദ്ധിമുട്ടുകൾ തുടരുകയാണെങ്കിൽ കുട്ടികളുമായി ശാന്തമായി സംസാരിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൗൺസിലർമാരുടെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടണമെന്നും ലിസ് മക്കോഗി നിർദേശിക്കുന്നു.
നല്ലൊരു സ്കൂൾ ജീവിതത്തിന്റെ തുടക്കം മികച്ച മാർക്കുകളോ പരാതികളില്ലാത്ത പെരുമാറ്റമോ മാത്രമല്ല. കുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും സൗഹൃദങ്ങൾ വളർത്തുകയും ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കാൻ കഴിയുകയും ചെയ്യുന്നതാണ് യഥാർഥത്തിൽ പ്രധാനം.


