Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കുട്ടികളുമായുള്ള അനുചിത സംഭാഷണങ്ങൾ; AI ചാറ്റ്ബോട്ട് ‘ടാക്കി’ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കി ആപ്പിൾ | Nalamidam
27 November 2026
Home News കുട്ടികളുമായുള്ള അനുചിത സംഭാഷണങ്ങൾ; AI ചാറ്റ്ബോട്ട് ‘ടാക്കി’ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കി ആപ്പിൾ

കുട്ടികളുമായുള്ള അനുചിത സംഭാഷണങ്ങൾ; AI ചാറ്റ്ബോട്ട് ‘ടാക്കി’ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കി ആപ്പിൾ

AI കഥാപാത്രങ്ങളുമായി വൈകാരിക അടുപ്പം വളർത്തിയെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന രീതിയിലാണ് ടാക്കി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

309

കുട്ടികളുമായി അനുചിതവും ലൈംഗിക ചുവയുള്ളതുമായ സംഭാഷണങ്ങൾക്ക് അവസരമൊരുക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് ജനപ്രിയ AI ചാറ്റ്ബോട്ട് ‘ടാക്കി’ക്കെതിരെ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറിന്റെ നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറുകളിൽ നിന്ന് ടാക്കിയെ നീക്കം ചെയ്തു. ചൈനീസ് കമ്പനിയായ മിനിമാക്സിന്റെ സിംഗപ്പൂർ അനുബന്ധ സ്ഥാപനമായ സബ്സപ്പാണ് ആപ്പ് പ്രവർത്തിപ്പിക്കുന്നത്.

എബിസി ന്യൂസും യുകെയിലെ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നത്. ടാക്കിയിലൂടെ വെർച്വൽ AI കഥാപാത്രങ്ങളുമായി കുട്ടികൾ അനുചിതവും ലൈംഗിക ചുവയുള്ളതുമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും നിരവധി മാതാപിതാക്കൾ ഇതുസംബന്ധിച്ച് പരാതികളും ഉന്നയിച്ചിട്ടുണ്ട്.

AI കഥാപാത്രങ്ങളുമായി വൈകാരിക അടുപ്പം വളർത്തിയെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന രീതിയിലാണ് ടാക്കി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഔദ്യോഗികമായി ആപ്പ് ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ പ്രായപരിശോധനാ സംവിധാനത്തിലെ പോരായ്മകൾ കാരണം ആയിരക്കണക്കിന് കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഒരു ഉപയോക്താവ് ശരാശരി ഒരു ദിവസം 70 മിനിറ്റിലധികം ആപ്പിൽ ചെലവഴിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്ഷേപകരമായ ഉപയോക്തൃ ഉള്ളടക്കങ്ങളുടെ പേരിൽ 2024ലും ആപ്പിൾ ടാക്കിയെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് 2025ൽ പുതിയ പതിപ്പുമായി തിരിച്ചെത്തിയെങ്കിലും പഴയ രീതികൾ തുടരുന്നതായി കണ്ടെത്തിയതോടെ വീണ്ടും നിരോധിക്കുകയായിരുന്നു.

എന്നാൽ 50 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ നേടിയ ടാക്കി ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ആപ്പിളിന്റെ നടപടിക്കുശേഷവും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് ലഭ്യമാകുന്നത് സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ChatGPT, Gemini തുടങ്ങിയ AI അസിസ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമായി വിനോദത്തിനും സാങ്കൽപ്പിക കഥാപാത്രങ്ങളുമായുള്ള ആശയവിനിമയത്തിനും വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാധാന്യം നൽകുന്നവയാണ് ടാക്കി പോലുള്ള ചാറ്റ്ബോട്ടുകൾ. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന ചർച്ചകൾക്കാണ് പുതിയ സംഭവം വീണ്ടും വഴിതുറന്നിരിക്കുന്നത്.

AI സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്ക നിയന്ത്രണങ്ങളും പ്രായപരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സംഭവം ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾക്കും ആപ്പ് സ്റ്റോറുകളുടെ പരിശോധനാ സംവിധാനങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്ന ഡിജിറ്റൽ സുരക്ഷാ വെല്ലുവിളിയായാണ് ടാക്കി വിവാദം വിലയിരുത്തപ്പെടുന്നത്.