...
Home News International തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ നീക്കമെന്ന് ആരോപണം; അധിനിവേശത്തിനിടെ ഭിന്നിപ്പിക്കൽ തന്ത്രമെന്ന്

തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ നീക്കമെന്ന് ആരോപണം; അധിനിവേശത്തിനിടെ ഭിന്നിപ്പിക്കൽ തന്ത്രമെന്ന്

ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ജീവിതമെന്നും ഖ്രേഷ് പറയുന്നു

431

ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച് ലെബനീസ് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഇസ്രായേൽ സൈനിക സാന്നിധ്യം തുടരുന്നതിനിടെയാണ് ആരോപണം ശക്തമാകുന്നത്. ഹിസ്ബുള്ളയിൽനിന്ന് ക്രിസ്ത്യാനികളെ സംരക്ഷിക്കുകയാണെന്ന ഇസ്രായേലിന്റെ വാദവും ലെബനീസ് അധികൃതർ തള്ളിക്കളഞ്ഞു.

ലെബനന്റെ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഇസ്രായേൽ സൈന്യത്തിന്റെ അറബി ഭാഷാ വക്താവ് എല്ല വാവേയ തെക്കൻ ലെബനനിലെ ഡിബിൽ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് വിവാദം വീണ്ടും സജീവമായത്.

വീഡിയോയിൽ ലെബനീസ് ജനതയ്ക്ക് ദേശീയദിനാശംസകൾ നേർന്ന വാവേയ, പ്രശസ്ത ഗായിക ഫൈറൂസിനെ പ്രശംസിക്കുകയും തെക്കൻ ലെബനനിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ഹിസ്ബുള്ളയെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ സ്കൂൾ അധികൃതരുമായി മുൻകൂർ അനുമതിയോ ഏകോപനമോ ഇല്ലാതെയാണ് സന്ദർശനം നടത്തിയതെന്ന് ഡിബിൽ മുനിസിപ്പാലിറ്റി ആരോപിച്ചു. സംഭവത്തിൽ ലെബനീസ് അധികൃതർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വീഡിയോ പുറത്തുവന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് സന്ദർശനം നടന്നതെന്നാണ് വിവരം. സന്ദർശനത്തിന് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു.

‘ഞങ്ങൾ കഴിയുന്നത് ഒരു വലിയ ജയിലിൽ’

തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമങ്ങളിലെ ജനജീവിതം ഇസ്രായേൽ സൈനിക നിയന്ത്രണങ്ങൾക്കിടയിൽ ദുരിതത്തിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഷിയാ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽനിന്ന് വ്യത്യസ്തമായി ചില ക്രിസ്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് വീടുകളിൽ തുടരാൻ അനുവാദമുണ്ടെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പരിമിതമാണ്.

തെക്കൻ അതിർത്തിയിലെ ഐൻ എബൽ ഗ്രാമത്തിലെ മുനിസിപ്പൽ പ്രസിഡന്റ് അയ്യൂബ് ഖ്രേഷ് പ്രദേശവാസികളുടെ ദുരവസ്ഥ വിവരിച്ചു.

‘ഞങ്ങൾ ഒരു വലിയ ജയിലിലാണ് കഴിയുന്നത്. സമീപത്തെ ഏതാനും ഗ്രാമങ്ങൾക്കുള്ളിൽ മാത്രമാണ് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നത്. ബെയ്റൂട്ടിലേക്ക് പോകണമെങ്കിൽ പോലും അനുമതി വാങ്ങേണ്ടിവരുന്നു’ എന്നാണ് അദ്ദേഹം അൽ ജസീറയോട് പറഞ്ഞത്.

ലെബനീസ് സൈന്യത്തിന് യാത്രയ്ക്കുള്ള അപേക്ഷ നൽകുകയും അത് ഐക്യരാഷ്ട്രസഭ വഴി ഇസ്രായേൽ അധികൃതരുടെ അംഗീകാരത്തിനായി കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൽ തകർന്ന ജനജീവിതം

2023 ഒക്ടോബറിൽ ഗാസയിലെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ ലെബനനിലും വ്യാപകമായ സൈനിക ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ ഏകദേശം 9,000 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ സ്വാധീനമേഖലയായ തെക്കൻ ലെബനനിലാണ് ആക്രമണങ്ങളുടെ ആഘാതം ഏറ്റവും രൂക്ഷമായത്.

ഇസ്രായേൽ വ്യോമാക്രമണങ്ങളും ഗ്രാമങ്ങളിലെ സൈനിക നടപടികളും നിരവധി പ്രദേശങ്ങളെ വാസയോഗ്യമല്ലാത്ത നിലയിലാക്കി. ഷിയാ മുസ്ലിം വിഭാഗമാണ് യുദ്ധത്തിന്റെ വലിയ ആഘാതം നേരിട്ടതെങ്കിലും ക്രിസ്ത്യൻ വിഭാഗങ്ങളിലും ആളുകൾ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിനുശേഷം ഐൻ എബലിലെ ജനസംഖ്യയുടെ പകുതിയിലധികവും ഗ്രാമം വിട്ടുപോയതായി ഖ്രേഷ് പറഞ്ഞു. ഭക്ഷണവും അവശ്യസാധനങ്ങളും വാഹനവ്യൂഹങ്ങളിലൂടെ എത്തിക്കുന്നുണ്ടെങ്കിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്ന നിലയിലാണ്.

തെക്കൻ ലെബനനിലെ അഞ്ച് ക്രിസ്ത്യൻ ഗ്രാമങ്ങളിലെ മേയർമാർ നവംബർ ആദ്യം ലെബനനിലെ കത്തോലിക്കാ പാത്രിയാർക്കുമാരുടെയും ബിഷപ്പുമാരുടെയും കൗൺസിലിനോട് സഹായം അഭ്യർഥിച്ചിരുന്നു. ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ തുടരാനും പലായനം ചെയ്തവർക്ക് തിരിച്ചെത്താനും സാഹചര്യമൊരുക്കണമെന്നായിരുന്നു ആവശ്യം.

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നുവെന്ന ഇസ്രായേൽ വാദം

ലെബനനിലെ ക്രിസ്ത്യൻ ഗ്രാമങ്ങളെ സംരക്ഷിക്കുകയാണെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ ഉന്നയിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഭീഷണിയിൽനിന്ന് സംരക്ഷണം തേടി ചില ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇസ്രായേലിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

എന്നാൽ ഈ വാദം ലെബനീസ് അധികൃതർ നിഷേധിച്ചു. തെക്കൻ ലെബനനിലെ 15 ഗ്രാമങ്ങളുടെ പ്രതിനിധികൾ നെതന്യാഹുവിന്റെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

ക്രിസ്ത്യൻ വിഭാഗങ്ങളെ അവരുടെ സാമൂഹികവും ദേശീയവുമായ പശ്ചാത്തലത്തിൽനിന്ന് വേർതിരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദഗ്ധർ ആരോപിക്കുന്നു.

ഭിന്നിപ്പിക്കൽ തന്ത്രമെന്ന് വിദഗ്ധർ

ലെബനനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നത് ഇസ്രായേലിന്റെ ദീർഘകാല രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഗവേഷക മുനീറ ഖയ്യത്ത് അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ സമൂഹത്തെ അവരുടെ അയൽസമൂഹങ്ങളിൽനിന്നും ചരിത്രപരമായ ബന്ധങ്ങളിൽനിന്നും അകറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അവർ അൽ ജസീറയോട് പറഞ്ഞു.

അതേസമയം, ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന രാജ്യമായി സ്വയം അവതരിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ബെയ്റൂട്ട് ആസ്ഥാനമായ കാർണഗീ സെന്ററിലെ രാഷ്ട്രീയ വിശകലന വിദഗ്ധൻ മൈക്കൽ യംഗ് വിലയിരുത്തി.

ഇസ്രായേൽ ക്രിസ്ത്യൻ സമൂഹങ്ങളോട് സൗഹൃദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന സന്ദേശം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്നാൽ ഹിസ്ബുള്ളയോട് അതൃപ്തിയുള്ളവർ എല്ലാവരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരാണെന്ന് കരുതാനാകില്ലെന്നും യംഗ് ചൂണ്ടിക്കാട്ടി. സമീപത്തെ ഷിയാ ഗ്രാമങ്ങളിൽ നടന്ന നാശനഷ്ടങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്. അയൽസമൂഹങ്ങളുമായുള്ള ബന്ധം തകർക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം അകലെയാകുന്നു

ഇസ്രായേലും ലെബനനും തമ്മിൽ ജൂണിൽ രൂപപ്പെട്ട ചട്ടക്കൂട് കരാറിലൂടെ തെക്കൻ ലെബനനിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുകയും ഹിസ്ബുള്ള നിരായുധീകരിക്കപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് മുതൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്.

യുദ്ധവും അധിനിവേശവും അവസാനിക്കുമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണെന്ന് ഐൻ എബൽ മുനിസിപ്പൽ പ്രസിഡന്റ് ഖ്രേഷ് പറഞ്ഞു. ഇസ്രായേൽ സൈനികർ പതിവായി ഗ്രാമത്തിൽ പ്രവേശിക്കുകയും പ്രദേശവാസികളുമായി ഇടപഴകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾക്ക് ഇനി അവരെ പേടിയില്ല. ഞങ്ങൾ അവരുടെ അധികാരത്തിന് കീഴിലാണ് കഴിയുന്നത്. ഞങ്ങൾക്ക് വേണ്ടത് സമാധാനം മാത്രമാണ്. ഈ യുദ്ധം ഞങ്ങൾക്ക് എന്താണ് നേടിത്തന്നത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന തെക്കൻ ലെബനനിലെ ജനങ്ങൾക്ക് മുന്നിൽ ഇപ്പോഴും അനിശ്ചിതത്വം മാത്രമാണ് ബാക്കിയുള്ളത്. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ജീവിതമെന്നും ഖ്രേഷ് പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.