...
Home News ‘ഭാര്യയോട് അടുത്തിടപഴകുന്ന സുഹൃത്ത്’; ഇത് സംശയിക്കേണ്ട കാര്യമാണോ?

‘ഭാര്യയോട് അടുത്തിടപഴകുന്ന സുഹൃത്ത്’; ഇത് സംശയിക്കേണ്ട കാര്യമാണോ?

ബന്ധത്തിൽ വിശ്വാസം നിലനിർത്തുന്നതിനൊപ്പം ഇരുവർക്കും സ്വീകാര്യമായ അതിരുകൾ നിശ്ചയിക്കുന്നതും പ്രധാനമാണെന്ന സന്ദേശമാണ്

457

ദാമ്പത്യബന്ധങ്ങളിൽ വിശ്വാസത്തിനൊപ്പം വ്യക്തമായ അതിരുകളും പ്രധാനമാണ്. സ്വന്തം ഭാര്യയോട് അമിതമായ അടുപ്പം കാണിക്കുന്ന ഉറ്റ സുഹൃത്തിന്റെ പെരുമാറ്റം ഭർത്താവിൽ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമോ? അതോ ഇത് വെറും സംശയവും അമിതചിന്തയും മാത്രമാണോ? സമൂഹമാധ്യമങ്ങളിലും ബന്ധങ്ങൾക്കിടയിലും ചർച്ചയാകുന്ന ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡേറ്റിംഗ് വിദഗ്ധനും ക്വാക്ക് ക്വാക്ക്, റീബൗൺസ് എന്നീ മാട്രിമോണി പ്ലാറ്റ്‌ഫോമുകളുടെ സിഇഒയുമായ രവി മിത്തൽ.

ഭാര്യയും അടുത്ത സുഹൃത്തും തമ്മിലുള്ള അമിതമായ അടുപ്പത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഒരു വായനക്കാരന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

‘വിശ്വാസമുണ്ട്, പക്ഷേ ചില പെരുമാറ്റങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു’

തന്റെ ഭാര്യയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരു സുഹൃത്തിനെക്കുറിച്ചായിരുന്നു ഹേമന്ത് കുമാർ എന്ന വായനക്കാരന്റെ ആശങ്ക. ഭാര്യയുടെയും സുഹൃത്തിന്റെയും പെരുമാറ്റത്തിൽ വ്യക്തമായ തെറ്റൊന്നും കണ്ടെത്താനായിട്ടില്ല. ഭാര്യയെ വിശ്വസിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അടുപ്പം ചിലപ്പോൾ പരിധി കടക്കുന്നതായി തോന്നുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഇരുവരും പരസ്പരം തമാശ പറയുകയും സ്വതന്ത്രമായി സംസാരിക്കുകയും ചെയ്യുന്നു. മാത്രമല്ല, വിവാഹിതയായ ഒരു സ്ത്രീയോട് ഭർത്താവിന്റെ സുഹൃത്ത് കാണിക്കേണ്ടതിലധികം ശ്രദ്ധ ഭാര്യയ്ക്ക് നൽകുന്നതായും തോന്നുന്നു.

ഇത് തന്റെ അരക്ഷിതാവസ്ഥയാണോ അതോ സൗഹൃദങ്ങൾക്കിടയിൽ പാലിക്കേണ്ട ചില അതിരുകൾ ഉണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഭാര്യയോടോ സുഹൃത്തിനോടോ ഇക്കാര്യം സംസാരിക്കുമ്പോൾ സംശയമോ അധികാരബോധമോ പ്രകടിപ്പിക്കാതെ തന്റെ വികാരങ്ങൾ എങ്ങനെ പങ്കുവെക്കാമെന്നും അദ്ദേഹം അന്വേഷിച്ചു.

‘പങ്കാളിയുടെ ആശ്വാസവും പ്രധാനമാണ്’

ഹേമന്തിന്റെ സമീപനത്തെ അഭിനന്ദിച്ചുകൊണ്ടാണ് രവി മിത്തൽ മറുപടി ആരംഭിച്ചത്. വ്യക്തമായ കാരണങ്ങളില്ലാതെ ഭാര്യയെയോ സുഹൃത്തിനെയോ കുറ്റപ്പെടുത്താൻ ശ്രമിക്കാതെ സ്വന്തം വികാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദത്തിനപ്പുറത്തേക്ക് പോകുന്നുണ്ടോ എന്ന് മനസ്സിലാക്കുകയാണ് അടുത്ത ഘട്ടം. അതിനായി ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം ഇടയ്ക്കിടെ സമയം ചെലവഴിക്കുകയും അവരുടെ ഇടപെടലുകൾ സ്വാഭാവികമായി നിരീക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഇരുവരുടെയും പെരുമാറ്റത്തിൽ അതിരുകടക്കുന്ന എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തന്റെ അസ്വസ്ഥത ഭാര്യയോട് തുറന്നുപറയാൻ ഭർത്താവിന് അവകാശമുണ്ടെന്നും മിത്തൽ വ്യക്തമാക്കി.

സൗഹൃദങ്ങൾ നല്ലതാണ്. ഏത് രണ്ട് വ്യക്തികൾക്കിടയിലും സൗഹൃദം വളരാം. എന്നാൽ അതോടൊപ്പം പങ്കാളിയുടെ മാനസികമായ ആശ്വാസത്തിനും പ്രാധാന്യം നൽകണം. എന്തെങ്കിലും പരിഹരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് തുറന്ന ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

തുറന്ന ആശയവിനിമയമാണ് പ്രധാനം

സ്വന്തം മനസിലുള്ള കാര്യങ്ങൾ പങ്കാളിയോട് തുറന്നുപറയേണ്ടത് പ്രധാനമാണെന്നും രവി മിത്തൽ ഓർമിപ്പിച്ചു. ഒരാൾ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാത്രമേ പങ്കാളിക്ക് അയാളുടെ മനസിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയൂ.

അതിനാൽ സംശയവും കുറ്റപ്പെടുത്തലും ഒഴിവാക്കി, തനിക്ക് എന്താണ് അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ശാന്തമായി വിശദീകരിക്കുകയാണ് വേണ്ടത്. ബന്ധത്തിൽ വിശ്വാസം നിലനിർത്തുന്നതിനൊപ്പം ഇരുവർക്കും സ്വീകാര്യമായ അതിരുകൾ നിശ്ചയിക്കുന്നതും പ്രധാനമാണെന്ന സന്ദേശമാണ് വിദഗ്ധന്റെ മറുപടി നൽകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.