തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനായ പി.എം. ഷമീറാണ് ഗവർണർക്ക് പരാതി നൽകിയത്.
നേരത്തെ, പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശമുണ്ടായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനങ്ങൾ പരാമർശിച്ച മുഖ്യമന്ത്രി, ഒന്നും മറന്നിട്ടില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമാണ് പ്രസംഗിച്ചത്. ഈ പരാമർശമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.
അതേസമയം, ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ സി.പി.എം നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഗവർണർക്ക് പരാതി ലഭിച്ചിരിക്കുന്നത്.


