...
Home Entertainments പതിനായിരം വേദിയിൽ സംവദിക്കുന്നതിനേക്കാൾ ശക്തമാണ് ഒരു സിനിമ

പതിനായിരം വേദിയിൽ സംവദിക്കുന്നതിനേക്കാൾ ശക്തമാണ് ഒരു സിനിമ

വളരുകയാണ് വേണ്ടത് കുറുകുകയല്ല. കടുവ സിനിമയിലെ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ പറ്റിയുള്ള പരാമർശം തെറ്റാണ്. ഒരുതരത്തിലുള്ള ന്യായീകരണവും അത് അർഹിക്കുന്നില്ല.

220

| ദിവ്യ ജോസഫ്

മുൻപ് പലതവണ എഴുതിയിട്ടുള്ളതാണ്. ഓരോ ദിവസവും നവീകരിക്കപ്പെടേണ്ട ഒന്നാണ് നമ്മുടെ ഭാഷ. ഒപ്പം നമ്മളും നവീകരിക്കപ്പെടേണ്ടതുണ്ട്. തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ സ്വയം തിരുത്തുകയും വളരുകയും വേണം.

മുൻപ് കരിക്കിന്റെ ഒരു സീരീസിൽ “ആദിവാസി” എന്ന പ്രയോഗത്തെ “എടോ കാട്ടിൽ ജീവിക്കുന്ന മനുഷ്യർ” എന്ന് തിരുത്തി പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. ‘ഉണ്ട’ സിനിമയിൽ പോലീസ്‌കാരനായ പ്രിവിലേജുകൾ ഒന്നുമില്ലാത്ത സമൂഹത്തിൽ നിന്ന് വന്ന ഒരു യുവാവ് സഹപ്രവർത്തകരുടെ കളിയാക്കലുകൾ കൊണ്ട് ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന രംഗം ചെറുതല്ലാത്ത വേദന ഉണ്ടാക്കി. ഇത്തരം അപമാനങൾ സഹിച്ചു നിവർത്തികേടുകൊണ്ടു മുന്നോട്ടു പോകുന്ന എത്രപേരുണ്ടാകും എന്നാണ് അന്ന് ചിന്തിച്ചത്.

അയ്യപ്പനും കോശിയും സിനിമയിൽ നിവർന്നു നില്ക്കു പെണ്ണെ എന്ന് അയ്യപ്പൻ നായർ സഹപ്രവർത്തകയോട് പറയുമ്പോൾ അവൾ പറയുന്നൊരു മറുപടിയുണ്ട്. “ഈ യൂണിഫോം ഇട്ടപ്പോഴാ സാറേ ഒന്ന് നിവർന്നു നിന്നത്” എന്ന്. നമ്മൾ നേരിട് കണ്ടറിയാത്ത പല ജീവിതങ്ങളുടെയും പരസ്യപെടുത്തൽ കൂടിയാണ് സിനിമ.

അതിശയോക്തിയല്ല ആ കഥാപാത്രങ്ങൾ പറഞ്ഞതെന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ട് തന്നെ സിനിമകണ്ട്‌ കാലമിത്ര കഴിഞ്ഞിട്ടും മനസിലത് മായാതെ നിൽക്കുന്നു. കുറെ വർഷങ്ങൾക്ക് മുൻപ് ഒരു മരണവീട്ടിൽ ചെന്നപ്പോൾ എന്റെ ചെറുപ്പത്തിൽ വളരെ പ്രമുഖമായിരുന്ന ഒരു പീഡനക്കേസിലെ ഇര പെൺകുട്ടിയും അവിടെ എത്തിയിരുന്നു. അന്ന് അവിടെ വന്നവരൊക്കെ അവളെ അന്യഗ്രഹ ജീവിയെ പോലെ തുറിച്ചു നോക്കുകയും അടക്കം പറയുകയും ചെയ്ത കാഴ്ച ഒരു വേദനയോടെ ഇന്നും മനസിലുണ്ട്. അവിടെ നിന്നും ഇരയല്ല അതിജീവിതയാണ് എന്ന് ചിന്തിക്കുന്നിടത്തേക്കു നമ്മൾ വളർന്നില്ലേ?

വളരുകയാണ് വേണ്ടത് കുറുകുകയല്ല. കടുവ സിനിമയിലെ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ പറ്റിയുള്ള പരാമർശം തെറ്റാണ്. ഒരുതരത്തിലുള്ള ന്യായീകരണവും അത് അർഹിക്കുന്നില്ല. സിനിമയല്ലേ വിട്ടുകള എന്ന് പറഞ്ഞു തള്ളികളയുന്നവരോട്, സമൂഹത്തോട് ഏറ്റവുമടുത്തു നിന്ന് സംവദിക്കുന്നത് കലയാണ്. നാടകം കളിച്ചും ബോധവൽക്കരിച്ചുമൊക്കെയാണ് ഈ നാട് വളർന്നത്. പതിനായിരം വേദിയിൽ സംവദിക്കുന്നതിനേക്കാൾ ശക്തമാണ് ഒരു സിനിമ.

റിയലിസ്റ്റിക് സിനിമകൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കിയാൽ പോരെ എന്നാണെങ്കിൽ, മാസ്സ് സിനിമകൾ എന്റെർറ്റൈൻ ചെയ്യിച്ചാൽ മതിയെങ്കിൽ ഭൂരിപക്ഷത്തിന്റെ എന്റർടൈൻമെന്റ് ന്യൂനപക്ഷത്തിന്റെ നെഞ്ചിൽ ചവിട്ടിക്കൊണ്ടാവരുത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.