...
Home Entertainments ഒരു ശുഭപര്യവസാന തലതിരിഞ്ഞ ഫാമിലി അഥവാ ഫാലിമി

ഒരു ശുഭപര്യവസാന തലതിരിഞ്ഞ ഫാമിലി അഥവാ ഫാലിമി

പലപ്പോഴും പഴയ ശ്രീനിവാസൻ കഥാപാത്രങ്ങളിലേക്ക് ബേസിൽ എന്ന നടൻ എത്തുന്നുണ്ടോ എന്നൊരു സംശയവും ഇല്ലാതെയില്ല. വളരെ ചെറിയ ഒരു കഥാതന്തു, അതിന്റെ വലിയ വിരസത കാഴ്ചക്കാരിൽ ഉണ്ടാക്കാതെ അവതരിപ്പിക്കുന്നുണ്ട്.

427

| ശ്യാം സോർബ

“ഈ കാശിക്ക് ഒരു പ്രത്യേകതയുണ്ട്, ഇവിടെ ഒരാളെ കാണാതെ ആയാൽ അയാളെ കണ്ടുപിടിക്കണമെങ്കിൽ നമ്മൾ വിചാരിച്ചാൽ പോരാ. ആ കാണാതെ ആയ ആള് തന്നെ വിചാരിക്കണം. “

മലയാളത്തിൽ രണ്ട് മികച്ച സിനിമകൾ സമ്മാനിച്ച ചിയേർസ് എന്റർടൈൻമെന്റും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് പുറത്തിറക്കിയ സിനിമയാണ് ‘ഫാലിമി’. ‘ജാനേമൻ’, ‘ജയ ജയഹേ’ എന്നീ രണ്ട് സിനിമകളും പ്രേക്ഷകർക്ക് സമ്മാനിച്ച മനോഹരമായ ഒരു കാഴ്ച്ചനുഭവം ഫാലിമിയും നമുക്ക് നൽകുന്നുണ്ട്. പേര് പോലെ തല തിരിഞ്ഞൊരു കുടുംബ കഥ. നർമ്മത്തിൽ ചാലിച്ചു പറഞ്ഞു തീർക്കുന്ന കഥയിൽ മാനുഷികവികാരങ്ങളെ മനോഹരമായി ഉപയോഗിക്കാൻ നവാഗത സംവിധായകൻ നിതീഷ് സഹദേവ് ശ്രമിച്ചിട്ടുണ്ട്.

ജഗദീഷ്, ബേസിൽ, മഞ്ജുപിള്ള പോലെ ഒരു മനോഹര താര നിര അണിനിരക്കുക ഫാലിമിയിൽ താരം പക്ഷെ മീനരാജ് പള്ളുരുത്തി എന്ന നടൻ തന്നെയാണ്. 82 വയസ്സുകാരനായ ജനാർദ്ദനൻ ആയി അഭിനയിച്ച ഈ നടൻ തന്നെയാണ് സിനിമയിലെ താരം.

തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബം. കടങ്ങളും പ്രാരാബ്ധങ്ങളും പ്രയാസങ്ങളും ഒക്കെ നിറഞ്ഞ കുടുംബത്തിലെ അച്ഛൻ, അമ്മ, മക്കൾ, അപ്പൂപ്പൻ എന്നിങ്ങനെ ഉള്ള കുടുംബക്കാർ. ജനാർദ്ദനൻ എന്ന 82 വയസ്സുകാരനായ അപ്പൂപ്പന് വാരണാസിയിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോകണം. പക്ഷെ ആ യാത്ര ഒടുവിൽ ഒരു കുടുംബ യാത്ര ആയാണ് പരിണമിക്കുന്നത്. യാത്രയിൽ സംഭവിക്കുന്ന നർമ്മ മുഹൂർത്തങ്ങളും വികാര മുഹൂർത്തങ്ങളും നിറഞ്ഞതാണ് സിനിമ.

മരണവും ആത്മീയതയും ക്നാനോദയവും ആലിംഗനം ചെയ്യുന്ന വാരണാസിയിലേക്കുള്ള യാത്രയിൽ സംഭവിക്കുന്നാ നർമ്മ വികാര മുഹൂർത്തങ്ങൾ സിനിമയെ ഗംഭീരം ആക്കുന്നു. എങ്കിൽപോലും ആദ്യ പകുതി ഒരൽപ്പം വിരസമാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

ഹോം എന്ന സിനിമയിലെ കുട്ടിയമ്മയുടെ നിഴൽ മഞ്ജുപിള്ളയിൽ ബാക്കി നിൽക്കുന്നുണ്ട്. ഒരുതരത്തിൽ ഈ അമ്മ വേഷവും അത് ആവശ്യപ്പെടുന്നുണ്ട് എന്നതും സത്യമാണ്. പല കുടുംബങ്ങളിലും കാണാൻ സാധിക്കുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് മുഖം തിരിഞ്ഞു നടക്കുന്ന അച്ഛൻ ചന്ദ്രൻ എന്ന കഥാപാത്രത്തെ ജഗദീഷ് തരക്കേടില്ലാതെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും പഴയ ശ്രീനിവാസൻ കഥാപാത്രങ്ങളിലേക്ക് ബേസിൽ എന്ന നടൻ എത്തുന്നുണ്ടോ എന്നൊരു സംശയവും ഇല്ലാതെയില്ല.
വളരെ ചെറിയ ഒരു കഥാതന്തു, അതിന്റെ വലിയ വിരസത കാഴ്ചക്കാരിൽ ഉണ്ടാക്കാതെ അവതരിപ്പിക്കുന്നുണ്ട്.

എങ്കിലും സിനിമയിൽ എന്നെ ഏറെ ആകർഷിച്ച ഒരു ബന്ധം ഉണ്ട്, ജനാർദ്ദനൻ എന്ന കഥാപാത്രവും സമപ്രായക്കാരൻ ആയ അയൽവാസിയും തമ്മിൽ ഉള്ള ഒരു മനോഹരമായ ബോണ്ടിങ്. അത് ഈ സിനിമയുടെ ഒരു പ്രധാന ഘടകം ആണ് താനും.

എന്തുകൊണ്ടും ആദ്യ രണ്ട് സിനിമയും മികച്ചതാക്കിയ പ്രൊഡക്ഷൻ കമ്പനിക്ക് മൂന്നാം സിനിമയും പിഴച്ചിട്ടില്ല. കുടുംബ പ്രേക്ഷകർക്ക് ആസ്വദിച്ചു കാണുവാൻ സാധിക്കുന്ന ഒരു ശുഭപര്യവസാന, സന്തോഷം തരുന്ന സിനിമ തന്നെയാണ് ഫാലിമി. ഒരു നേരത്ത ചിരിയോടെ തിയേറ്റർ വിടാൻ നമുക്ക് സാധിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.