...
Home News National ഓരോ വാർത്തയും ഓരോ ഉൽപ്പന്നമായി മാറുന്ന കാലം

ഓരോ വാർത്തയും ഓരോ ഉൽപ്പന്നമായി മാറുന്ന കാലം

ശരാശരി ഒരു ദിവസത്തിൽ എട്ട് ഫലസ്‌തീൻ കുഞ്ഞുങ്ങൾ ഇസ്രയേൽ പട്ടാളത്തിന്റെ കരയിലും ആകാശത്തും നിന്നുള്ള ആക്രമണത്താൽ കൊല്ലപ്പെടുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

202

| ശ്രീകാന്ത് പികെ

വാർത്ത എന്നത് ചരിത്ര കാലം മുതൽ തന്നെ മനുഷ്യർ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണ്ട ഒന്നാണ്. വിവര സാങ്കേതിക വിദ്യ വികാസം പ്രാപിക്കാത്ത കാലത്ത് ചെറിയ ദൂരത്തിൽ തന്നെ ഒരു വാർത്ത കൈമാറാനായി വലിയ മനുഷ്യാധ്വാനമാണ് ചെലവഴിക്കപ്പെട്ടത്. പിന്നീട് ആധുനിക കാലത്ത് ടെലഗ്രാം വ്യാപകമായപ്പോൾ ഗ്രാമങ്ങളിൽ ടെലഗ്രാം അഥവാ കമ്പിയടിക്കപ്പെട്ട വാർത്ത വരിക എന്നത് ജനങ്ങളെ പേടിപ്പെടുത്തുന്നതും ആശങ്കപെടുത്തുന്നതുമായ കാര്യമായി.

അതി പ്രധാനമായ വാർത്തകൾ മാത്രം കമ്പിയടിക്കപ്പെട്ട കാലത്ത് ഭൂരിപക്ഷം സാധാരണക്കാർക്ക് അതൊരു മരണ വാർത്തയോ ദുരന്ത വാർത്തയോ മാത്രമായിരുന്നു. അല്ലാതെയുള്ള വാർത്തകൾ അറിയാൻ റേഡിയോയോ പത്രങ്ങളോ കാത്തിരിക്കേണ്ട ആവശ്യമേ ആ കാലത്തെ മനുഷ്യർക്കുള്ളൂ.
ടെലിവിഷൻ വ്യാപകമായിരുന്ന കാലത്ത് വാർത്തകൾ ആദ്യം അഞ്ച് മിനിറ്റും പിന്നീട് പതിനഞ്ച് മിനിറ്റും അര മണിക്കൂറുമൊക്കെയായി. അന്നൊക്കെ അന്നന്നത്തെ പ്രധാന വാർത്തകൾ അതർഹിക്കുന്ന പ്രാധാന്യത്തോടെ മാത്രം ശാന്തമായി അവതാരകൻ ജനങ്ങളോട് പറഞ്ഞു.

വാർത്തകളെ കൊമ്മോഡിഫൈ ചെയ്യുക എന്നതാണ് ലേറ്റ് കാപ്പിറ്റലിസം പിന്നീട് ചെയ്തത്. ഓരോ വാർത്തയും ഓരോ ഉൽപ്പന്നമായി മാറി, ഓരോ മാദ്ധ്യമ പ്രവർത്തകരും ഓരോ സെയിൽസ് എക്‌സിക്യുട്ടീവും. വാർത്താ മാദ്ധ്യമങ്ങളുടെ കുത്തൊഴുക്കിന്റെ കാലത്ത് എന്തൊക്കെ കോമാളിത്തരം കാട്ടിയും ഏറ്റവും നന്നായി പ്രകടനം കാഴ്ചവച്ച് തങ്ങളുടെ വാർത്തകളെ വിൽക്കുന്നയാളെ മികച്ച മാദ്ധ്യമ പ്രവർത്തകൻ എന്ന് വാഴ്ത്തി. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ വെള്ളത്തിൽ മൂക്കറ്റം കിടന്നും, മല ബന്ധം റിപ്പോർട്ട് ചെയ്യാൻ കക്കൂസിലിരിന്നും അവർ തങ്ങളെ സ്വയം വിറ്റു കൊണ്ടിരുന്നു.

ഫലസ്തീനിൽ ദിവസം വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ വൈദ്യുതിയുണ്ടാകൂ. അത് തന്നെ പെട്രോളിയം ഇന്ധനങ്ങൾ വഴി ഉണ്ടാക്കുന്നതാണ്. ഗാസയിലെ ആശുപത്രികളിൽ വൈദ്യുതി ആവശ്യത്തിനുള്ള ഇന്ധനം ഇന്നേക്ക് കൂടിയേ ബാക്കിയുള്ളൂ എന്നാണ് ഫലസ്‌തീൻ ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചത്, അതിന് ശേഷം സ്ഥിതി ഗതികൾ വളരെ രൂക്ഷമാകുമെന്നും ആശുപത്രികളിൽ കുഞ്ഞുങ്ങൾ അടങ്ങുന്ന മനുഷ്യർ മരിച്ചു വീഴുന്നത് കാണേണ്ടി വരുമെന്നും അവിടത്തെ ആരോഗ്യ മന്ത്രി തന്നെ പറയേണ്ടി വരുന്നു.

ഇസ്രയേൽ അനുകൂല പാശ്ചാത്യ മാദ്ധ്യമങ്ങൾ ഫലസ്‌തീനിലെ വീഡിയോ ഫൂട്ടേജുകൾ കാണിക്കുമ്പോൾ പോലും ആ തെരുവുകളിൽ നല്ലത് എന്ന് പറയാവുന്ന കൊള്ളാവുന്ന പത്ത് കെട്ടിടം അടുപ്പിച്ച് കാണാനില്ല. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, വീടുകൾ എല്ലാം ഭൂരിഭാഗം സുനാമി ബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പോലെ. അതിനിടയിൽ മനുഷ്യർ തിങ്ങി ഞെരുങ്ങി പ്രതീക്ഷയറ്റ കണ്ണുകളോടെ ജീവിതം തള്ളി നീക്കുന്നു.

ശരാശരി ഒരു ദിവസത്തിൽ എട്ട് ഫലസ്‌തീൻ കുഞ്ഞുങ്ങൾ ഇസ്രയേൽ പട്ടാളത്തിന്റെ കരയിലും ആകാശത്തും നിന്നുള്ള ആക്രമണത്താൽ കൊല്ലപ്പെടുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. സയണിസ്റ്റ് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ ഫലസ്‌തീൻ കുഞ്ഞുങ്ങളാണ്. നാളെ തങ്ങളുടെ മൂക്കിൻ മുനമ്പിലേക്ക് കൈ ഉയർത്തി വരാവുന്ന ചെറുപ്പക്കാർ ഉണ്ടാവാതിരിക്കുക എന്നതാണ് കുഞ്ഞുങ്ങളെ ടാർഗറ്റ് ചെയ്യുന്നതിലെ യുക്തി.

യുകെയിലെ ഫലസ്‌തീൻ അമ്പാസിഡറോട് ടിവി ചർച്ചയുടെ തുടക്കത്തിൽ ഇസ്രയേലിൽ നടന്ന അക്രമണത്തിൽ എന്ത് കൊണ്ട് നിങ്ങൾ അപലപിക്കുന്നില്ല എന്ന ചോദ്യത്തിന്, ” നിങ്ങൾ എത്ര തവണ ഇസ്രയേലി ഓഫീഷ്യലുകളെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്? നൂറു കണക്കിന് അല്ലേ? നിങ്ങളുടെ കണ്മുന്നിൽ വച്ച്, ക്യാമറയുടെ മുന്നിൽ വച്ച് ഇസ്രയേൽ എത്രയധികം തവണ വാർ ക്രൈമുകൾ നടത്തിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾ ആ ഇസ്രയേലി ഒഫീഷ്യലുകളോട് അതിനെതിരെ സ്വയം അപലപിക്കാൻ പറഞ്ഞു കൊണ്ട് എപ്പോഴെങ്കിലും ഇന്റർവ്യൂ തുടങ്ങിയിട്ടുണ്ടോ? ” എന്ന് തിരിച്ചു ചോദിച്ചു.

ഈ നടന്ന ആക്രമണം തന്നെ ഫലസ്‌തീന് നേരെ മാത്രമായിരുന്നെങ്കിൽ വർത്തമാന പത്രങ്ങളിലെ അവസാന പേജിൽ നാലിഞ്ച് കോളത്തിൽ തീരേണ്ട സാധാ വാർത്ത മാത്രമായേനെ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായി മാറിയ ഗാസ.

അങ്ങനെയൊരു നാട്ടിന് നേരെ ടാങ്കുകളുമായി ഇസ്രയേൽ വീണ്ടും യുദ്ധത്തിനായി മുന്നേറുമ്പോൾ ഓഗ്മെന്റഡ് റിയാലിറ്റിയിൽ ആ ടാങ്കുകളിലൊന്നിൽ കേറിയിരുന്നു വാർത്ത വിൽക്കുന്നവർ ഇതൊക്കെ കഴിഞ്ഞ് വീട്ടിൽ പോയി സ്വയം ഒന്ന് വിലയിരുത്തണം. ഈ പോക്ക് പോകുകയാണെങ്കിൽ നാളെ ഗാങ് റേപ്പിന് വിധേയമായ പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത വിൽക്കുമ്പോൾ തന്റെ ചാനലിന്റെ ഓഗ്മെന്റഡ് റിയാലിറ്റി എങ്ങനെ അത് പ്രസന്റ് ചെയ്യുമെന്ന ഒരു മിനിമം ചിന്തയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.