...
Home News National കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ ആം ആദ്മിയുടെ പോരാട്ടം

കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ ആം ആദ്മിയുടെ പോരാട്ടം

ഓർഡിനൻസ് നിയമമാവണമെങ്കിൽ രാജ്യ സഭയിലും പാസാവണം. രാജ്യസഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യാൻ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർടിയും പ്രതിപക്ഷ പാർടികളോട് അഭ്യർത്ഥിക്കുന്നു.

147

കേന്ദ്ര ഭരണ പ്രദേശമായ ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട് അസാധാരണവും വളരെ അപകടകരമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുകയാണ്. സംസ്ഥാനത്തെ പൊതു സുരക്ഷ, പോലീസ്, ഭൂമിയുമായി ബന്ധപ്പെട്ടത് തുടങ്ങിയതൊഴികെയുള്ള ഡൽഹി ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അധികാരം ഇലക്ട്ടഡ് ഗവണ്മെന്റിനാണെന്നും ലെഫ്റ്റനന്റ് ഗവർണ്ണർക്കല്ലെന്നും സുപ്രീം കോടതി വിധിക്കുന്നു.

എന്നാൽ, പ്രസ്തുത വിധിയെ മറികടക്കാൻ രായ്ക്ക് രാമാനം അർദ്ധ രാത്രി തന്നെ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നു. ഓർഡിനൻസ് നിയമമാവണമെങ്കിൽ രാജ്യ സഭയിലും പാസാവണം. രാജ്യസഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യാൻ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർടിയും പ്രതിപക്ഷ പാർടികളോട് അഭ്യർത്ഥിക്കുന്നു.

ഈ പ്രതിപക്ഷ പിന്തുണയ്ക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ബുധനാഴ്ച ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച വൈകുന്നേരമാണ് രണ്ട് എഎപി നേതാക്കളും ഇവിടെയെത്തിയത്. ഡൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ ആം ആദ്മി പാർട്ടിയുടെ പോരാട്ടത്തിന് പിന്തുണ നേടുന്നതിനായി തങ്ങളുടെ രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നേരത്തെ കെജ്‌രിവാളും മാനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊൽക്കത്തയിൽ കണ്ടു.

ഡൽഹിയിലെ ബ്യൂറോക്രാറ്റുകളുടെ നിയമനങ്ങളും സ്ഥലമാറ്റവും നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ പാർട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ബാനർജി കെജ്രിവാളിന് ഉറപ്പുനൽകി.

കേന്ദ്ര ഓർഡിനൻസ് നിയമമാക്കി മാറ്റുന്നതിനുള്ള ബില്ലിൽ രാജ്യസഭയിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് “2024 തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ” ആയിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.