...
Home News Kerala അഭിരാം അരുൺ ; തൊണ്ടതൊടാതെ അബദ്ധങ്ങൾ വിഴുങ്ങാത്ത പുതിയ കുട്ടികളുടെ പ്രതിനിധി

അഭിരാം അരുൺ ; തൊണ്ടതൊടാതെ അബദ്ധങ്ങൾ വിഴുങ്ങാത്ത പുതിയ കുട്ടികളുടെ പ്രതിനിധി

എന്നാലും ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞ ഹാർവാർഡിലെ വൈസ്ചാൻസലർ ആരായിരിക്കുമെന്നാ ഞാനാലോചിക്കുന്നേ. എന്താന്നറിയാവോ? ഹാർവാർഡിൽ വൈസ് ചാൻസലർ എന്നൊരു പോസ്റ്റ് തന്നെയില്ലെന്നേ

632

| ഡോ. പ്രേംകുമാർ

അഭിരാം അരുൺ പൊളിയാണ്. തൊണ്ടതൊടാതെ വിഴുങ്ങാത്ത പുതിയ കുട്ടികളുടെ പ്രതിനിധിയാണ്. ഡോ. അലക്‌സാണ്ടർ ജേക്കബ് പൊട്ടത്തരം മാത്രം പറയുന്നൊരു കക്ഷിയാണെന്ന് സോഷ്യൽ മീഡിയ ഏതാണ്ടുറപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹാർവാർഡിന്റെ കഥ പറഞ്ഞ് പറഞ്ഞതിനേക്കാൾ ഊളത്തരങ്ങൾ ടിയാന്റെ വകയായ് വേറെയുമെത്രയോ കറങ്ങി നടക്കുന്നുമുണ്ട്.

സിസേറിയൻ വഴി പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തിയാണെന്നും അതുകൊണ്ടവൻ/ൾ ക്രിമിനലാവാനിടയുണ്ടെന്നുമുള്ള സുവിശേഷവും പുള്ളിക്കാരന്റെ വകയായുണ്ട്. (സാധാരണ പ്രസവത്തിൽ പുറത്തുവരുന്ന കുട്ടി കാണുന്നതെന്താവുമെന്ന ചോദ്യം നിരോധിച്ചിരിക്കുന്നു) സത്യത്തിൽ അഭിരാം എന്താണ് പൊളിച്ചത്?

പൊളിച്ചതെന്താണെന്ന് കണ്ടുപിടിക്കാൻ പറഞ്ഞതെന്താണെന്ന് പറയണം. ഓവർ ടു റിട്ട. ഡോക്ടർ ഐ.പി.എസ്: കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാലേ പഠിയൂ. തലച്ചോറിന്റെയും ഭൂമിയുടെയും കാന്തിക മണ്ഡലങ്ങൾ ലംബമായ് വരണം. എന്നാലേ ബ്രെയിൻ സെല്ലുകളിലെ ഡിങ്കോൾഫികേഷൻ നടക്കു.
ഇതാണ് ടിയാൻ പറയുന്ന സ്യൂഡോസയൻസ്. അതിനുദാഹരണമായാണ് ഹാർവാർഡിന്റെ കഥ പറയുന്നത്. അവിടെ അങ്ങനെയൊരു കഥയുണ്ടായിട്ടില്ലെന്നതാണ് അഭിരാം കണ്ടെത്തി പൊളിച്ച് കൈയിൽ കൊടുത്തത്.

കൃത്യമായ് പറഞ്ഞാൽ , കാന്തികമണ്ഡലവും ഹ്യൂമൻ മണ്ടയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞത് അവിടെത്തന്നെയുണ്ട്. അതാണ് സാരമായ കാര്യം. അതാരും പൊളിച്ചിട്ടില്ല കേട്ടോ. ഉദാഹരണം തള്ളായിരുന്നു എന്നത് കൊണ്ട് പറഞ്ഞ തിയറി തള്ളിക്കളയില്ലല്ലോ ഭക്തർ. ഭക്തരല്ലാത്ത നിങ്ങളോട് ഒരു സംശയം ചോദിച്ചോട്ടേ? ഈ…കിഴക്കോട്ടിരുന്ന് പഠിച്ചാൽ വേഗം പഠിയുമെന്ന് പറയുന്നതിൽ സത്യമുണ്ടാവുമോ? ‘ചിലപ്പോ ഉണ്ടാവാം…’ എന്നാണ് പറയാൻ തോന്നുന്നതെങ്കിൽ ഐ.പി.എസിനെ അങ്ങനെ ചുവരിലൊട്ടിക്കാൻ വരട്ടെ.

വേറൊരു സംശയം ചോദിച്ചോട്ടേ? ‘ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന ചെടി ഏതെങ്കിലും ഓഫീസിലോ ഫ്ലാറ്റിലോ കണ്ടിരുന്നുവോ? ജനാലയിൽക്കൂടി വല്ലാതെ കാറ്റടിച്ചിട്ട് ഷെൽഫിലെ പുസ്തകങ്ങളൊക്കെ താഴെ വീണ് കിടക്കുന്ന മുറികളിലേതിലെങ്കിലും ‘ഏറ്റവും കൂടുതൽ
ഓക്സിജൻ പുറത്തുവിടുന്ന ചെടി’ വളർത്തുന്ന ആളുകളെയറിയുമോ? നിങ്ങടെ വീട്ടിലതില്ലെന്നും നിങ്ങളങ്ങനെയുള്ള ആളല്ലെന്നുമെനിക്കറിയാം.

ഒരൊറ്റൊന്ന് കൂടി ചോദിച്ചോട്ടേ? ഈ നരച്ച മുടി പിഴുതുകളയാൻ പാടില്ലെന്ന് തന്നെയല്ലേ? ഒന്ന് പിഴുതാൽ രണ്ടെണ്ണം മുളയ്ക്കുമെന്ന് തന്നെയല്ലേ? എന്നാൽ പിന്നെ കുറച്ച് നരയ്ക്കാത്ത മുടി പിഴുതാൽ നിറയെ മുടിയാവുമല്ലോ എന്ന് ചോദിക്കുന്നത് തർക്കുത്തരം തന്നെയല്ലേ? അതേയ്പൊറോട്ട കഴിക്കാൻ പാടില്ല കേട്ടോ. അതിൽ ചേർക്കുന്ന മൈദ ആമാശയത്തിന്റെ ഭിത്തിയിലിങ്ങനെ ഒട്ടിപ്പിടിക്കും. ഏതാമാശയത്തിന്റെ? ബീഫ് ദഹിപ്പിക്കുന്ന ആമാശയത്തിന്റെ. പൊറോട്ടയെപ്പറ്റി പറയുന്നത് ‘ശാസ്ത്രീയമാണ്’ കേട്ടോ. അതോണ്ട് ഞാനിപ്പോ ബട്ടർനാൻ മാത്രേ കഴിക്കാറുള്ളു. അതാവുമ്പോ ആമാശയത്തിന് പിടികിട്ടില്ലെന്നേ.

റിമോട്ടിൽ ബാറ്ററി കുറഞ്ഞാൽ ഒന്നമർത്തി ഞെക്കി നോക്കാറ് തന്നെയല്ലേ പതിവ്? മൊബൈലിന് റേഞ്ച് കുറഞ്ഞാൽ ഒന്നുറക്കെ പറഞ്ഞ് നോക്കാറ് തന്നെയല്ലേ പതിവ്? അലക്‌സാണ്ടർ ജേക്കബിനെ ചുവരിലൊട്ടിക്കണം നോ ഡൌട്ട്. അതിനിടയിൽ നിങ്ങളും ഞാനുമൊന്നൊട്ടാതെയും നോക്കണേ.

എന്നാലും ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞ ഹാർവാർഡിലെ വൈസ്ചാൻസലർ ആരായിരിക്കുമെന്നാ ഞാനാലോചിക്കുന്നേ. എന്താന്നറിയാവോ? ഹാർവാർഡിൽ വൈസ് ചാൻസലർ എന്നൊരു പോസ്റ്റ് തന്നെയില്ലെന്നേ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.