...
Home News National ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ; സുപ്രീം കോടതിയിൽ നാടകീയ സംഭവ വികാസങ്ങൾ

ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ; സുപ്രീം കോടതിയിൽ നാടകീയ സംഭവ വികാസങ്ങൾ

ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും നിങ്ങൾ കോടതിയിലാണെന്ന് ഒർക്കണമെന്നും ചീഫ് ജസ്റ്റിസ്പറഞ്ഞു.

506

തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയമായ സംഭവ വികാസങ്ങൾ. ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ. അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ആക്രോശിച്ചത്. തിരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപൂർണ്ണമായ ഡാറ്റ നൽകിയത് സംബന്ധിച്ച ഹർജികൾ ഭരണഘടന ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു സംഭവം.

ബോണ്ട് കേസ് പ്രശ്നമല്ലെന്ന് പറഞ്ഞ അഭിഭാഷകൻ കേസ് നയപരമായ കാര്യമാണെന്നും ഇതിൽ കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചു. എന്നാൽ വിഷയത്തിൽ ഇടപ്പെട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് താൻ പറയുന്നത് ശ്രദ്ധിക്കാൻ പറഞ്ഞതോടെ അഡ്വ. നെടുമ്പാറ ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയർത്തി. താൻ ഇന്ത്യൻ പൗരനാണെന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ചതോടെ തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും നിങ്ങൾ കോടതിയിലാണെന്ന് ഒർക്കണമെന്നും ചീഫ് ജസ്റ്റിസ്പറഞ്ഞു. ഒരു ഹർജി ഫയൽ ചെയ്യാൻ ആ​ഗ്രഹിക്കുന്നെങ്കിൽ അത് നൽകാനും അതാണ് ഈ കോടതിയിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അഡ്വ. നെടുമ്പാറ സംസാരിച്ച് തുടങ്ങിയതോടെ ജസ്റ്റിസ് ബി.ആർ. ഗവായും ഇടപെട്ടു. നീതിനിർവഹണത്തിൽ തടസ്സം നിൽക്കുകയാണ് അഭിഭാഷകൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അഭിഭാഷകൻ വീണ്ടും വാഗ്വാദം തുടർന്നതോടെ നടപടിക്രമങ്ങൾ പാലിക്കുന്നതു വരെ ബെഞ്ച് നെടുമ്പാറയ കേൾക്കില്ലെന്ന് നിലപാടെടുത്തു.

മുൻപും മാത്യൂസ് നെടുമ്പാറ കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടുണ്ട്. 2019-ൽ നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽനിന്നു വിലക്കുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.