...
Home News Kerala എ കെ ആന്റണി ഇങ്ങനെ ക്രൂരവും പൈശാചികവുമായ നിശബ്ദതയിൽ ഇരുന്നാൽ മതിയോ

എ കെ ആന്റണി ഇങ്ങനെ ക്രൂരവും പൈശാചികവുമായ നിശബ്ദതയിൽ ഇരുന്നാൽ മതിയോ

ക്രിസ്ത്യൻ സമുദായത്തെ കൂട്ടു പിടിക്കാൻ ബിജെപി കേരളത്തിൽ കുറേ നാളുകളായി ശ്രമിക്കുന്ന കാര്യമാണ്, പല പാതിരിമാരും അവരോട് അടുപ്പവും കാണിക്കുന്നുണ്ട്. അങ്ങനെയിരിക്കെ എ.കെ ആന്റണിയുടെ മകനെ പോലുള്ളവരുണ്ടാക്കുന്ന പൊതു ബോധം സമുദായത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് കോൺഗ്രസ് ചിന്തിക്കുന്നുണ്ടോ

192

| ശ്രീകാന്ത് പികെ

എ. കെ ആന്റണി എന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ പര്യായ പദമെന്ന് ഒറ്റ വാചകത്തിൽ പറയാം. വിമോചന സമരം തൊട്ട് ഇങ്ങോട്ട് കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന സംഘടനയിലും പയറ്റി ഏറ്റവും ചെറിയ പ്രായത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി വരെയായി. കോൺഗ്രസിന്റെ മുടി ചൂടാമന്നനായിരുന്ന കെ.കരുണാകരന്റെ എതിർ വശം നിന്ന് ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് സ്വയം വളരുകയും പാർടിയെ വളർത്തുകയും ചെയ്തു.

ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഒരു പക്ഷേ ഏറ്റവും പ്രായം കൂടിയ കോണ്ഗ്രസ് ദേശീയ നേതാവ്. പല തവണ കേരള മുഖ്യൻ, ചോദ്യം ചെയ്യലുകളില്ലാത്ത ദേശീയ കോൺഗ്രസ് കാലത്ത് രാജ്യത്തിന്റെ പ്രതിരോധ മന്ത്രി എന്ന സുപ്രധാന മന്ത്രി പദവി വഹിച്ച മനുഷ്യൻ. ഒരു കാലത്ത് കോൺഗ്രസ് ഹൈ കമാന്റിൽ സോണിയാ – രാഹുൽ കഴിഞ്ഞാൽ പിന്നെ അടുത്ത വാക്ക്, പ്രണബ് മുഖർജിക്ക് ശേഷം ഒരു ടേം കൂടി കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ രാഷ്‌ട്രപതി.

അങ്ങനെയൊരു നേതാവിന്റെ മകൻ, മകൻ ആണെന്ന ഒറ്റ കാരണത്താൽ ദേശീയ കോൺഗ്രസിന്റെ ഉത്തരവാദിത്വപ്പെട്ട ഉയർന്ന സ്ഥാനം വഹിച്ച വ്യക്തി, അനിൽ കെ ആന്റണിയാണ് ബിജെപിയെ കെട്ടി പുണർന്നു കൊണ്ട് സംസാരിക്കുന്നത്. സ്മൃതി ഇറാനിയെ പിന്തുണക്കുന്നു, വിദേശ കാര്യ മന്ത്രി ജയശങ്കറെ പിന്തുണക്കുന്നു, ഇതൊന്നും പോരാഞ്ഞു രാജ്യത്തെ ബിജെപിയല്ലാത്ത എല്ലാ മനുഷ്യരും രാഹുൽ ഗാന്ധി വിഷയത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുമ്പോൾ പോലും രാഹുൽ ഗാന്ധിയെ മണ്ടൻ എന്ന് വിളിക്കുന്നു, 2024 ലെ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ കുഴിച്ചു മൂടാനുള്ള അവസരമാണെന്ന് പറയുന്നു.

ആരെങ്കിലും എ.കെ ആന്റണിയോട് അഭിപ്രായം ചോദിച്ചോ, ഏതേലും കോൺഗ്രസ് നേതാവ് പ്രതികരിച്ചോ? ഇതൊരു സി.പി.ഐ.(എം) പ്രാദേശിക നേതാവിന്റെ മകനായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ. കുടുംബവുമായി പ്രശ്നത്തിൽ കഴിയുന്ന സഖാവ് എം.എം ലോറൻസിന്റെ കൊച്ചു മകൻ, ഏതോ സ്കൂൾ പയ്യൻ ബിജെപി പരിപാടിയിൽ പങ്കെടുത്തത് വരെ ദിവസങ്ങളോളം ചർച്ചയായ നാട്ടിൽ രാജ്യത്ത് തന്നെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവിന്റെ ദേശീയ തലത്തിൽ ഉത്തരവാദിത്വങ്ങൾ വഹിച്ച മകനിൽ ആർക്കും ബാധ്യതയില്ലേ. മറ്റൊരു മകൻ രാഹുൽ – പ്രിയങ്ക സേന എന്ന ( അതേ, അങ്ങനെയൊരു സംഘടന അവർക്കുണ്ട് ) സംഘടനയുടെ ദേശീയ കൺവീനർ മറ്റോ ആണ്.

ക്രിസ്ത്യൻ സമുദായത്തെ കൂട്ടു പിടിക്കാൻ ബിജെപി കേരളത്തിൽ കുറേ നാളുകളായി ശ്രമിക്കുന്ന കാര്യമാണ്, പല പാതിരിമാരും അവരോട് അടുപ്പവും കാണിക്കുന്നുണ്ട്. അങ്ങനെയിരിക്കെ എ.കെ ആന്റണിയുടെ മകനെ പോലുള്ളവരുണ്ടാക്കുന്ന പൊതു ബോധം സമുദായത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് കോൺഗ്രസ് ചിന്തിക്കുന്നുണ്ടോ. എ.കെ ആന്റണി ഇങ്ങനെ ക്രൂരവും പൈശാചികവുമായ നിശബ്ദതയിൽ ഇരുന്നാൽ മതിയോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.