...
Home News National കേന്ദ്ര സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന് വ്യാജ പ്രചാരണം

കേന്ദ്ര സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന് വ്യാജ പ്രചാരണം

ഇത്തരത്തിൽ ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുകയോ അദ്ദേഹം അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ഈ കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിച്ചുവരികയാണ്

275

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഡിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പൊതുജനങ്ങളോട് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്നതായുള്ള കുറിപ്പാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന ഈ കുറിപ്പ് വ്യജമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ്താവന പുറത്തിറക്കി. “ജനങ്ങളോട് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആവശ്യപ്പെടുന്ന ഒരു പോസ്റ്റിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ആഹ്വാനമെന്ന നിലയിൽ പ്രചരിക്കുന്നതായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഈ പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവുമാണ്. ഇത്തരത്തിൽ ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുകയോ അദ്ദേഹം അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ഈ കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിച്ചുവരികയാണ്” – സുപ്രീംകോടതി പിആർഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇതോടൊപ്പം, സുപ്രീംകോടതി സെക്രട്ടറി ജനറൽ അതുൽ കുരേക്കറും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

‘ഇന്ത്യൻ ജനാധിപത്യം, സുപ്രീംകോടതി സിന്ദാബാദ്’ എന്ന ക്യാപ്‌ഷനിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. ” രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി സർക്കാരിനോട് അവകാശങ്ങൾ ചോദിക്കുക.

ഇപ്പോഴുള്ള ഈ ഏകാധിപത്യ സർക്കാർ ആളുകളെ ഭയപ്പെടുത്തും, ഭീഷണിപ്പെടുത്തും, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല, സർക്കാരിനോട് ധൈര്യമായി ചോദിക്കുക, ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ കുറിപ്പ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.