| പി ജി പ്രേംലാൽ
ശരാശരിയോ അതിലും താഴെയോ മാത്രം നിലവാരമുള്ള തൊലിപ്പുറസിനിമകൾ റിലീസായതിൻ്റെ ഒന്നാമത്തെയും രണ്ടാമത്തെയുമൊക്കെ വാർഷികാഘോഷങ്ങൾ പൊടിപൊടിക്കുന്ന പുതുകാലത്ത് ആഴമുള്ള അനുഭവതലങ്ങൾ സമ്മാനിച്ച മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിച്ച് എഴുതേണ്ടിവരുന്നതിൽ വിചിത്രമായ ഒരു വൈരുദ്ധ്യാത്മകത അനുഭവപ്പെടാതെയല്ല. എങ്കിലും ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ.
മലയാള മുഖ്യധാരാസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് അമരം. ‘ചെമ്മീൻ’ എന്ന സിനിമയ്ക്കു ശേഷം കടലിനെ ഇത്രമേൽ കഥയായും കഥാപാത്രമായും പരിവർത്തനപ്പെടുത്തിയ മറ്റൊരു സിനിമയില്ല.
മകളെക്കുറിച്ചുള്ള ഒരു അരയൻ്റെ സ്വപ്നങ്ങളെ മുൻനിർത്തി മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ആഴങ്ങളിലേയ്ക്ക് വലയെറിയുകയായിരുന്നു ലോഹിതദാസ്. ചെമ്മീൻ പോലൊരു ക്ലാസിക് ഒളിമങ്ങാതെ നിലനില്ക്കെ അതിൻ്റെ നിഴലുകൾ പോലും അനുഭവപ്പെടുത്താതെ കടലിനെയും കഥാപാത്രങ്ങളെയും മറ്റൊരു ജീവിതപരിസരങ്ങളിലേയ്ക്കും മനുഷ്യാവസ്ഥകളിലേയ്ക്കും ദൃശ്യാത്മകമായി സന്നിവേശിപ്പിച്ചു ഭരതൻ എന്ന സംവിധായകൻ. അതിന് മധു അമ്പാട്ട് എന്ന ഛായാഗ്രാഹകൻ്റെ മികവ് വലിയ പിന്തുണയൊരുക്കി.ജോൺസൻ്റെ പശ്ചാത്തലസംഗീതവും രവീന്ദ്രൻ്റെ ഗാനങ്ങളും പരാമർശിക്കപ്പെടേണ്ടതു തന്നെ.
വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനങ്ങളുടെ കൂടി സിനിമയായിരുന്നു അമരം. മമ്മൂട്ടി എന്ന നടൻ്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി അച്ചൂട്ടി. പൗരുഷമാർന്ന, വരേണ്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കപ്പുറം നാടൻ കഥാപാത്രങ്ങളായി തിളങ്ങാൻ മമ്മൂട്ടിയ്ക്കു കഴിയുമോയെന്ന് സന്ദേഹപ്പെട്ടിരുന്നവരുടെ മിണ്ടാട്ടം മുട്ടിച്ചുകളഞ്ഞു അച്ചൂട്ടി.
വിദ്യാഭ്യാസവും പരിഷ്ക്കാരവുമില്ലാത്ത, മകളെക്കുറിച്ചുള്ളതൊഴിച്ചാൽ മറ്റു വലിയ സ്വപ്നങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ അരയൻ്റെ ഭാവപ്രകടനങ്ങളും ചലനരീതികളും സംഭാഷണശൈലിയുമൊക്കെയായി സൂക്ഷ്മമായ മെതേഡ് ആക്ടിങിൻ്റെ പരകായപ്രവേശാനുഭവവും ഒപ്പം അലിഞ്ഞുചേർന്ന സ്വാഭാവികതയും പ്രേക്ഷകൻ്റെ ആസ്വാദനാനുഭവത്തെ പൊലിപ്പിച്ചു. ദേശീയപുരസ്ക്കാരത്തിന് അർഹമാകേണ്ടിയിരുന്ന അഭിനയമെന്ന് ഇന്നത്തെ കാഴ്ചയിലും അച്ചൂട്ടി പറയിക്കുന്നുണ്ട്.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ ഏറ്റവും മികച്ച കൊടുക്കൽ -വാങ്ങൽ പ്രവർത്തനം പ്രകടനത്തിൽ കൊണ്ടുവന്നിട്ടുള്ള നടനാണ് മുരളി. അത് അമരത്തിലെ കൊച്ചുരാമനിലും തെളിഞ്ഞുകാണാം. ചിത്രത്തിൻ്റെ അവസാനരംഗങ്ങളിൽ ഇരുവരും സൃഷ്ടിക്കുന്ന മത്സരസ്വഭാവിയായ അഭിനയാനുഭവം അന്നത്തെ മാത്രമല്ല, എന്നത്തെയും പ്രേക്ഷകരെ കീഴടക്കാൻ കെല്പുള്ളതാണ്.
അഭിനേത്രിമാരിൽ നിന്ന് മലയാളസിനിമ നാളിതുവരെ കണ്ടിട്ടുള്ള ഏറ്റവും യാഥാർത്ഥ്യബോധമുണർത്തുന്ന കഥാപാത്രങ്ങളുടെ മുൻനിരയിലുണ്ടാകും KPAC ലളിതയുടെ ഭാർഗ്ഗവി . അമരം – വേറിട്ട ചലച്ചിത്രാനുഭവത്തിൻ്റെ 33 വർഷങ്ങൾ!



